ഇന്ത്യന്‍ ഫുട്‌ബോള്‍ പാതാളത്തില്‍!

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം നിര ടീമിനോട് പോലും ഇന്ത്യ പരാജയപ്പെട്ടു.
ഇന്ത്യന്‍ ഫുട്‌ബോള്‍ പാതാളത്തില്‍!

സ്‌പോര്‍ട്‌സ് ലേഖകന്‍

2026ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കിയപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും കളിക്കാരും. കാരണം, ലോകകപ്പ് യോഗ്യത നേടാന്‍ വിദൂരമായെങ്കിലും ഒരു സാധ്യത നമുക്കുണ്ടാകും എന്നതായിരുന്നു സന്തോഷത്തിനു കാരണം. എന്നാല്‍, സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം നിര ടീമിനോട് പോലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യപാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ സുനില്‍ ഛേത്രിയുടെ 150-ാം മത്സരമെന്ന ഖ്യാതിയോടെ ഗോഹട്ടിയില്‍ രണ്ടാം പാദത്തിലിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അഫ്ഗാന്‍ കെട്ടുകെട്ടിച്ചു. മഞ്ചേരിയിലെ ഒരു സെവന്‍സ് ടീമിനെ ഇറക്കിയാല്‍ പോലും ഇതിലും മനോഹരമായി കളിക്കുമായിരുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പരിഹാസം. എന്നാല്‍, ആ പരിഹാസത്തില്‍ സത്യമുണ്ടെന്ന് വേണം കരുതാന്‍. കാരണം മലപ്പുറത്തെയും കോഴിക്കോട്ടെയും സെവന്‍സ് ടീമുകള്‍ പൊരുതാതെ കീഴടങ്ങാറില്ല. ഇത് എത്ര ദയനീയമായാണ് പരാജയപ്പെട്ടത്. ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറ്റി പതിനേഴും അഫ്ഗാനിസ്ഥാന്‍ നൂറ്റി അന്‍പത്തിയെട്ടും സ്ഥാനങ്ങളില്‍. ഇരുടീമും 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ ഏഴിലും അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ 2 കളിയിലും ജയിച്ചു. നാല് മത്സരം സമനിലയില്‍ അവസാനിച്ചു.

ഇത്രത്തോളം മേല്‍ക്കൈയുള്ള ഒരു ടീമാണ് ദയനീയമായി തോറ്റത്. തോല്‍വിയുടെ കാരണങ്ങള്‍ ചികഞ്ഞാല്‍ അത് വെറും പരിശീലകന്‍ ഇഗര്‍ സ്റ്റിമാക്കില്‍ ഒതുക്കാനാവില്ല. ഒരു ദീര്‍ഘകാല പദ്ധതിയില്ലാതെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടീമിനെ ഒരുക്കുന്നത്. താപ്പാനകളെന്നു വിശേഷിപ്പിക്കുന്നവര്‍ സ്ഥിരം ടീമില്‍ തുടരുകയും അവര്‍ക്ക് താത്പര്യമുള്ളവരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് ടീമിലുള്ളത്. അല്ലെങ്കില്‍ സ്ഥാരമായി കാണുന്ന മുഖങ്ങള്‍ക്കപ്പുറത്തേക്ക് പ്രതിഭാധനരായ ഒരാളെയും പുതുതായി ടിമിലെടുക്കുന്നില്ല. പ്രതിഭകള്‍ ഇല്ല എന്നു പറയുന്നത് സത്യത്തോടുള്ള അവഗണനയാകും. അതുപോലെ ഇന്ത്യന്‍ സൂപ്പര്‍ ലrഗില്‍ കളിക്കുന്നവര്‍ മാത്രമാണ് മികച്ചവര്‍ എന്നുള്ള ധാരണയും ഭരണമേലാളന്മാര്‍ക്കുണ്ട്. ഐഎസ്എല്ലില്‍ മികച്ച പ്രകചനം നടത്തുന്നവരെയും സ്ഥിരം മുഖങ്ങളെയും ഉള്‍പ്പെടുത്തി ഒരു തട്ടിക്കൂട്ട് ടീമാണ് കഴിഞ്ഞ കുറെ നാളുകളായി നാം കാണുന്നത്. ഇന്ത്യയുടെ ഫുട്‌ബോള്‍ തഴച്ചുവളരുന്ന ഇടത്തേക്ക് കണ്ണും കാതും കര്‍പ്പിച്ചില്ലെങ്കില്‍ ഇതിലും വലിയ പതനമാവും ഉണ്ടാവുക. കളിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ഏതായാലും ഐ ഈ ലീഗില്‍ കൂടി ശ്രദ്ധിക്കണമെന്ന കോച്ച് സ്റ്റിമാക്കിന്‍റെ തീരുമാനം നന്നായി. ഇനി മുതല്‍ ഐലീഗ് വീക്ഷിക്കാന്‍ അദ്ദേഹം കാണുമെന്നു കരുതാം.

സ്റ്റിമാക്ക് മാത്രമോ കാരണം?

അഫ്ഗാനെതിരേ ഇന്ത്യ പുറത്തായപ്പോള്‍ സ്റ്റിമാക്കിനെ പുറത്താക്കൂ എന്നുള്ള മുദ്രാവാക്യം നാനാ കോണുകളില്‍നിന്നുമുയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ കാലം പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ സ്റ്റിമാക്ക് മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ തളര്‍ച്ചയ്ക്ക് കാരണമെന്നു മനസിലാകും. ഈ ടീമിനെവച്ച് ഇതില്‍ക്കൂടുതല്‍ ചെയ്യാന്‍ ഒരു പരിശീലകനുമാവില്ല. : വാസ്തവം, എത്ര കയ്‌പേറിയാലും, പറയാതെ വയ്യ, ഇന്ത്യക്ക് വേണ്ടത്ര മികച്ച കളിക്കാര്‍ ഇല്ല. ഇത് അഫ്ഗാനിസ്ഥാനെതിരായ ഇരട്ട ഫലങ്ങളെ അടിസ്ഥാനമാക്കി മാത്രം പറയുന്നതല്ല. ഇന്ത്യന്‍ ടീമിലേക്കുള്ള റിക്ൂട്ട്‌മെന്‍റ് കേന്ദ്രമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ കാര്യം തന്നെയെടുക്കാം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഷ്യയിലെ ഏറ്റവും മികച്ച ലീഗുകളില്‍ പോലും ഉള്‍പ്പെടുന്നില്ല. അതുപോലെ ഐഎസ്എല്ലിലെ കളിക്കാരെയും ഏഷ്യന്‍ തലത്തില്‍ മികച്ചവരായി പരിഗണിക്കപ്പെടുന്നു പോലുമില്ല. ഏഷ്യന്‍ കപ്പും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ കളിക്കാരുടെ ദീര്‍ഘകാല പോരായ്മകള്‍ തുറന്നുകാട്ടുന്നവയായിരുന്നു. പാസുകള്‍ ഒരുമിച്ച് ചേര്‍ത്ത് യോജിച്ച നീക്കങ്ങള്‍ തുന്നിച്ചേര്‍ക്കാനും ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ക്കാനുള്ള ധൈര്യം കാണിക്കാനുമുള്ള കഴിവില്ലായ്മയായിരുന്നു മത്സരങ്ങളില്‍ പ്രകടമായത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തതും നന്നായി പരിശീലിപ്പിച്ചതുമായ യുവ ടീമായി കണക്കാക്കപ്പെടുന്ന 2017 ലെ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച കളിക്കാരുടെ ബാച്ച് എടുത്താല്‍പ്പോലും പോലും ഇത് ശരിയാണ്. അവര്‍ പോലും ഒരു ശരാശരി ടീമിനപ്പുറത്തേക്ക് ഉയര്‍ന്നില്ല.

അഫ്ഗാനിസ്ഥാന്‍റെ ടീം രണ്ടാം നിരയാണെന്നു പറയുമ്പോള്‍ പോലും അവരുടെ മികവ് കാണാതെ പോകാനാവില്ല. അവര്‍ പേരും പെരുമയുമുള്ള ഫുട്‌ബോള്‍ രാജ്യങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഡിവിഷനുകളില്‍ കളിക്കുന്നവരാണ്. അവിടെ തങ്ങളുടെ പ്രതിഭ രാകിമിനുക്കിയാണെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മികച്ച പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട കളിസാഹചര്യം ഇല്ല. ഇന്ത്യയ്ക്ക് പുറത്ത് കളിക്കാന്‍ മതിയായ സാങ്കേതിക വൈദഗ്ധ്യം അഫ്ഗാന്‍ താരങ്ങള്‍ക്കുണ്ടെന്ന് തീര്‍ച്ചയായും അനുമാനിക്കാം.

മുന്നേറാന്‍ ഇനിയും വഴികളോ?

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് ഇനിയും അവസരങ്ങളുണ്ട്. ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. അതില്‍ ഒന്ന് കുവൈറ്റിനെതിരേയും രണ്ടാമതത്തേത് കരുത്തരായ ഖത്തറിനെതിരേയും. ഇതില്‍ റാങ്കിങ്ങില്‍ നമ്മളേക്കാള്‍ പിന്നിലുള്ള കുവൈറ്റിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് മൂന്നാം റൗണ്ടിലെത്താം. ഇന്ത്യ ഇപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുതന്നെയാണ്. അഫ്ഗാന്‍ മൂന്നാമതും കുവൈറ്റ് നാലാമതുമാണ്. അതില്‍ കുവൈറ്റിനെതിരേ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും നാം പരാജയപ്പെട്ടിട്ടില്ല എന്നതാണ് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്ന കാര്യം. നാല് പോയിന്‍റുള്ള ഇന്ത്യ അടുത്ത മത്സരത്തില്‍ കുവൈറ്റിനെ തോല്‍പ്പിച്ചാല്‍ ഏഴ് പോയിന്‍റിലെത്തും.

അഫ്ഗാനും നാല് പോയിന്‍റാണെങ്കിലും ഗോള്‍ ശരാസരിയില്‍ മുന്നിലാണ് ഇന്ത്യ. അഫ്ഗാനും കുവൈറ്റിനെതിരേ മത്സരമുണ്ട്. കുവൈറ്റ്- അഫ്ഗാന്‍, ഇന്ത്യ- കുവൈറ്റ് മത്സരങ്ങള്‍ സമനിലയിലായാല്‍ പോലും രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ ഇന്ത്യക്കാവും. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ വലിയ ഒരു പ്രശ്‌നം ഇന്ത്യക്കില്ല എന്നു സാരം. എന്നിരുന്നാലും ടീമിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കൂട്ടായി പ്രയത്‌നിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നാമാവശേഷമാകുമെന്നുറപ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com