

ഐഎസ്എൽ പുനരാരംഭിക്കണമെന്ന് ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ സംയുക്ത അഭ്യർഥന
ന്യൂഡൽഹി: നിലവിൽ നിർത്തിവച്ചിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസൺ ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ സംയുക്ത പ്രസ്താവനയിറക്കി. തങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോൾ 'അതിയായ ആഗ്രഹമായി' മാറിയെന്നും താരങ്ങൾ ഭരണാധികാരികളോട് അഭ്യർഥിച്ചു.
ലീഗിന്‍റെ വാണിജ്യ, മീഡിയ അവകാശങ്ങൾ നൽകുന്നതിന് 15 വർഷത്തെ കരാർ ക്ഷണിച്ചുകൊണ്ട് ഒക്റ്റോബർ 16-ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നൽകിയ റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിന് (ആർഎഫ്പി) ഒരു ബിഡ്ഡും ലഭിച്ചില്ലെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചതിനു പിന്നാലെയാണ് കളിക്കാർ രംഗത്തെത്തിയത്.
ഇന്ത്യൻ പ്രതിരോധ നിരയിലെ പ്രമുഖനായ സന്ദേശ് ജിംഗാൻ തന്‍റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ''നാം ഇപ്പോൾ നിൽക്കുന്നത് ഒരു കാലതാമസത്തിലല്ല. മറിച്ച് കോച്ചുമാർക്കും ആരാധകർക്കും സ്റ്റാഫ് അംഗങ്ങൾക്കും കളിക്കാർക്കും ഒരുപോലെ നിശ്ചലാവസ്ഥയാണ്. നമ്മുടെ സീസൺ നിശബ്ദമായി ഇല്ലാതാകാൻ അനുവദിക്കാത്തവിധം ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും നിരവധി ത്യാഗങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ട്'' എന്ന് പറഞ്ഞു.
''മുഴുവൻ ഇന്ത്യൻ ഫുട്ബോൾ ഇക്കോസിസ്റ്റവും അനിശ്ചിതത്വത്തിൽ അകപ്പെട്ടിരിക്കുകയാണ്. സ്വപ്നങ്ങൾ മരവിച്ചിരിക്കുന്നു. ഭാവിയെ ചോദ്യം ചെയ്യുന്നു. നാം കാത്തിരിക്കുന്ന ഓരോ ദിവസവും ഇന്ത്യൻ ഫുട്ബോളിന് മുറിവേൽക്കുന്നു. നമുക്ക് ഇപ്പോൾത്തന്നെ നടപടി ആവശ്യമുണ്ട്,'' അദ്ദേഹം വ്യക്തമാക്കി.
സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു തുടങ്ങിയ ദേശീയ താരങ്ങളും സമാന വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പങ്കുവച്ചു.
''ഐഎസ്എല്ലിൽ കളിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരായ ഞങ്ങൾ, ഐഎസ്എൽ സീസൺ പുനരാരംഭിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനും അതിലുപരി ഒരു അഭ്യർഥന നടത്താനുമാണ് ഒരുമിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ഞങ്ങൾക്ക് ഇപ്പോൾ കളിക്കണം. ഞങ്ങളുടെ ദേഷ്യവും, നിരാശയും, ദുരിതവും ഇപ്പോൾ കളിക്കാനുള്ള അതിയായ ആഗ്രഹത്തിന് വഴിമാറിയിരിക്കുന്നു. ഞങ്ങൾക്ക് എല്ലാമെല്ലാമായ ആളുകളുടെ മുന്നിൽ, അതായത് ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും മുന്നിൽ, ഞങ്ങൾ സ്നേഹിക്കുന്ന കളി കളിക്കാനുള്ള തീവ്രമായ ആഗ്രഹം,'' പ്രസ്താവനയിൽ പറയുന്നു.
നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരു വഴി കണ്ടെത്തണമെന്ന് പ്രസ്താവന ഫുട്ബോൾ ഭരണാധികാരികളോട് അഭ്യർഥിച്ചു. ഐഎസ്എൽ അനിശ്ചാതവസ്ഥ കാരണം മോഹൻ ബഗാനെപ്പോലുള്ള പ്രമുഖ ക്ലബ്ബുകൾ പരിശീലനം നിർത്തിവച്ചിരുന്നു.
''രാജ്യത്ത് നമ്മുടെ കായികരംഗം ഭരിക്കുന്ന എല്ലാവരോടും ഫുട്ബോൾ സീസൺ തുടങ്ങാൻ വേണ്ടതെല്ലാം ചെയ്യണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. എന്നത്തെക്കാളും ഇപ്പോൾ ഇന്ത്യക്ക് മത്സരഫുട്ബോൾ ആവശ്യമാണ്,'' പ്രസ്താവന കൂട്ടിച്ചേർത്തു.
പ്രസ്താവന അവസാനിപ്പിക്കുന്നതെ ഇങ്ങനെയാണ്- ''ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, പ്രൊഫഷണലുകളാണ്, ഞങ്ങൾക്ക് അനുമതി ലഭിക്കുന്ന നിമിഷം മൈതാനത്തേക്കിറങ്ങാൻ തയാറുമാണ്. നമ്മുടെ മനോഹരമായ കളിയുടെ നടത്തിപ്പുകാരോട് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്, ഞങ്ങളുടെ ഈ തീവ്രമായ ആഗ്രഹത്തിന് അനുസരിച്ചുള്ള സത്യസന്ധമായ ഉദ്ദേശ്യത്തോടെയുള്ള പ്രതികരണം മാത്രമാണ്. ഞങ്ങൾ ഒരുപാടു കാലമായി ഈ ഇരുണ്ട തുരങ്കത്തിലാണ്. ഒരു ചെറിയ വെളിച്ചം പോലും ഞങ്ങൾക്ക് ഉപകാരപ്പെടും''.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം നിയമിച്ച റിട്ട. ജസ്റ്റിസ് നാഗേശ്വര റാവുവിന്‍റെ നേതൃത്വത്തിലുള്ള എഐഎഫ്എഫ് ബിഡ് മൂല്യനിർണയ സമിതി, ബിഡ് ലഭിക്കാത്തതിനെക്കുറിച്ച് മേൽക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.