

മാനുവൽ ഫ്രെഡറിക് | ശ്രീജേഷ്
കൊച്ചി: മഹാൻമാരുടെ പാതയാണ് ഏതു മേഖലയിലെയും പിൽക്കാല പ്രതിഭകളെ പ്രചോദിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലത്ത് ഏഴു വർഷക്കാലം ഗോൾ വല കാത്ത മാനുവൽ ഫ്രെഡറിക് വിടവാങ്ങുന്നത് ജീവിതം അർഥ പൂർണമാക്കിയശേഷം. ഹോക്കി കളത്തിൽ മാനുവൽ ഫ്രെഡറിക്കിന്‍റെ നേട്ടങ്ങളാണ് പി.ആർ. ശ്രീജേഷ് എന്ന പിൻഗാമിക്ക് പ്രചോദനം പകർന്നത്.
1972 മ്യൂണിച്ച് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമ്പോൾ ദേശീയ കുപ്പായത്തിൽ മാനുവൽ അരങ്ങേറിയിട്ട് ഒരു വർഷം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. മ്യൂണിച്ചിലെ വെങ്കല മെഡൽ പോരാട്ടത്തിൽ ഡച്ച് പടയെ ഇന്ത്യ കിഴടക്കുമ്പോൾ മാനുവലിന്‍റെ സേവുകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.
പിന്നീട് രണ്ടു ലോകകപ്പുകളിൽ അടക്കം ഇന്ത്യൻ ഹോക്കി ടീമിന്‍റെ വലയ്ക്കു കീഴിൽ "കടുവ'യെന്നു വിളിപ്പേരുള്ള ആ മഹാപ്രതിഭ കാവൽനിന്നു. മാനുവലിനുശേഷം ശ്രീജേഷിലൂടെയാണ് കേരളത്തിൽ ഒളിംപിക്സ് മെഡൽ വീണ്ടുമെത്തിയത്. 2020ൽ ടോക്യോയിലും 2024 പാരീസിലുമായി രണ്ട് ഒളിംപിക്സ് വെങ്കല മെഡലുകൾ ഇന്ത്യൻ ഹോക്കി ടീമിന്‍റെ ഗോൾ കീപ്പറുടെ റോളിൽ ശ്രീജേഷ് കേരളത്തിന് സമ്മാനിച്ചു. താൻ ഗുരുതുല്യനായി കാണുന്ന മാനുവൽ ഫ്രെഡറിക്കിന് ആദരമൊരുക്കുകയായിരുന്നു ഹോക്കിയിലെ നമ്മുടെ "ശ്രീ. ഇന്ത്യൻ ടീമിനായും രാജ്യത്തെ വിവിധ ക്ലബ്ബുകൾക്കായും വിയർപ്പൊഴുക്കിയ മാനുവൽ ഫ്രെഡറിക്കിനു രാജ്യം അർഹിച്ച അംഗീകാരം നൽകിയോയെന്നതിൽ സംശയമുണ്ട്.
ധ്യാൻചന്ദ് പുരസ്കാരത്തിനു പലകുറി അപേക്ഷ നൽകി കാത്തിരുന്നു. 2019ലാണ് അർഹിച്ച ആ നേട്ടം വളരെ വൈകി അദ്ദേഹത്തെ തേടിയെത്തിയത്. കണ്ണൂരുകാരനാണെങ്കിലും മാനുവൽ ഫ്രെഡറിക്കിന്‍റെ കർമ്മഭൂമി ബംഗളൂരുവായിരുന്നു. ഒടുവിൽ ബംഗളൂരു തന്നെ ആ മഹാനായ താരത്തിന്‍റെ അന്ത്യനിമിഷങ്ങളിലും ഒപ്പംചേർന്നു.
