
സഞ്ജു സാംസൺ, ധ്രുവ് ജുറൽ.
file photo
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ക്രിക്കറ്റ് ടീമുകൾ പ്രഖ്യാപിച്ചപ്പോൾ, സഞ്ജു സാംസൺ ടി20 ടീമിൽ മാത്രം ഇടം പിടിച്ചു. ഏകദിന ക്രിക്കറ്റിൽ 56 റൺസ് ബാറ്റിങ് ശരാശരിയും, അവസാനമായി കളിച്ച ഏകദിന മത്സരത്തിൽ സെഞ്ചുറിയും ഉണ്ടായിരുന്നിട്ടും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിയിലേതു പോലെ കെ.എൽ. രാഹുൽ ആയിരിക്കും ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. അതേസമയം, ടി20 ടീമിൽ സഞ്ജുവും ജിതേഷ് ശർമയും വിക്കറ്റ് കീപ്പർമാരായി തുടരുന്നു.
പരുക്കേറ്റ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർ ഇരു ടീമുകളിലുമില്ല. പാണ്ഡ്യയുടെ റോളിൽ നിതീഷ് കുമാർ റെഡ്ഡിയും രണ്ടു ഫോർമാറ്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ടി20യിൽ പേസ് ബൗളിങ് ഓൾറൗണ്ടറായി ശിവം ദുബെയും ഉൾപ്പെടുന്നു. ജസ്പ്രീത് ബുംറയ്ക്ക് ഏകദിന മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ചപ്പോൾ, വരാനിരിക്കുന്ന ലോകകപ്പ് കണക്കിലെടുത്ത് ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യ കപ്പ് നേടിയ ടി20 ടീമിൽ ഹാർദിക് പാണ്ഡ്യക്കു പകരം നിതീഷ് കുമാർ റെഡ്ഡി ഉൾപ്പെട്ടതും, വാഷിങ്ടൺ സുന്ദറിനെ അധികമായി ഉൾപ്പെടുത്തിയതുമാണ് മാറ്റങ്ങൾ. എന്നാൽ, ചാംപ്യൻസ് ട്രോഫി നേടിയ ഏകദിന ടീമിൽ അഞ്ച് മാറ്റങ്ങളുണ്ട്. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. രോഹിത് ശർമയും വിരാട് കോലിയും സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി മാത്രം ഏകദിന ടീമിൽ സ്ഥാനം നിലനിർത്തുന്നു. 2025 മാർച്ചിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിനു ശേഷം ആദ്യമായാണ് ഇരുവരും ഇന്ത്യൻ ജെഴ്സിയിൽ കളിക്കാനിറങ്ങുന്നത്.
ഗില്ലും രോഹിതും തന്നെയാവും ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർമാർ എന്നു കരുതാം. അതേസമയം, കെ.എൽ. രാഹുലിനെ കൂടാതെ ബാക്കപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളും ടീമിലുണ്ട്. രവീന്ദ്ര ജഡേജയ്ക്കും വരുൺ ചക്രവർത്തിക്കും ഏകദിന ടീമിൽ ഇടമില്ല. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തോടെ രോഹിത്തിനും വിരാടിനുമൊപ്പം ജഡേജയും ടി20 ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു.
ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് ആയിരിക്കും ഏകദിന ടീമിൽ ഇന്ത്യൻ പേസ് ആക്രമണം നയിക്കുക. എന്നാൽ, ടി20 ടീമിൽ സിറാജ് ഇല്ല. അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും രണ്ടു ടീമിലും ഉൾപ്പെടുന്നു. പ്രസിദ്ധ് കൃഷ്ണ ഏകദിന ടീമിൽ മാത്രം.
ടീമുകൾ ഇങ്ങനെ:
ഏകദിനം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ്-ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.
ടി20: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ.