സ്പോർട്സ് ലേഖകൻ
സ്വന്തം നാട്ടിൽ നടന്ന ബോക്സിങ് ലോക ചാംപ്യൻഷിപ്പ് ഇന്ത്യൻ താരങ്ങൾ പൂർത്തിയാക്കുന്നത് നാല് സ്വർണ മെഡലുകളുമായാണ്. സ്വർണ നേട്ടത്തിന്റെ കാര്യത്തിൽ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിന് ഒപ്പമെത്തിയ ചാംപ്യൻഷിപ്പ്, വരാനിരിക്കുന്ന പാരിസ് ഒളിംപിക്സിൽ പ്രതീക്ഷ വർധിപ്പിക്കുകയാണ്.
ഇതിഹാസതുല്യയായ മേരി കോമിനു ശേഷം ആദ്യമായൊരു ഇന്ത്യൻ താരം രണ്ടു വട്ടം ലോക ചാംപ്യൻഷിപ്പ് സ്വന്തമാക്കി എന്നതു തന്നെ നേട്ടങ്ങളിൽ ഏറ്റവും പ്രധാനം. മുൻപ് 52 കിലോഗ്രാം വിഭാഗത്തിൽ ചാംപ്യനായിട്ടുള്ള നിഖാത് സരീൻ ഇക്കുറി 50 കിലോഗ്രാം വിഭാഗത്തിലാണ് ജേതാവായിരിക്കുന്നത്.
ലവ്ലിന ബോർഗോഹെയ്ൻ (75 കിലോഗ്രാം), നീതു ഗംഗാസ് (48 കിലോഗ്രാം), സ്വീറ്റി ബോറ (81) എന്നിവരാണ് പുതിയ ചാംപ്യൻമാർ. 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ കാഴ്ചവച്ചതുപോലുള്ള ചില പ്രകടനങ്ങളും പ്രതീക്ഷ പകരുന്നതാണ്.
35 പേർ മത്സരിച്ച 50 കിലോഗ്രാം വിഭാഗം നിഖാതിന് അതികഠിനമായിരുന്നു. തുടർച്ചയായ മൂന്നു മത്സരങ്ങൾ അടക്കം ആറ് ഉജ്ജ്വല പോരാട്ടങ്ങൾ അതിജീവിച്ച് ഒടുവിൽ കിരീടം ചൂടുമ്പോൾ അത് ഇരുപത്താറുകാരിയുടെ ശാരീരികക്ഷമതയുടെയും മനക്കരുത്തിന്റെയും കൂടി പ്രതിഫലനമായി. കുറഞ്ഞ ഭാര വിഭാഗത്തിലേക്കു മാറിയപ്പോൾ പാലിക്കേണ്ടി വന്ന കടുത്ത വ്യായാമ മുറകളും ഭക്ഷണ നിയന്ത്രണങ്ങളും വേറെ.
വെങ്കലങ്ങളിൽ ഒതുങ്ങുന്നത് മാനസികമായി തന്നെ ബാധിക്കുന്നു എന്ന തുറന്നുപറച്ചിലുമായാണ് ലവ്ലിന ചാംപ്യൻഷിപ്പിനെത്തുന്നത്. രണ്ട് ലോക ചാംപ്യൻഷിപ്പുകളിലും ടോക്യോ ഒളിംപിക്സിലും വെങ്കലമായിരുന്നു ലവ്ലിനയ്ക്ക്. ഇവിടെ നേടിയ വിജയം ഇരുപത്തഞ്ചുകാരിയുടെ ആത്മവിശ്വാസം ഉയർത്താൻ പര്യാപ്തമാണ്. നിഖാതിനെപ്പോലെ ഭാരവിഭാഗം മാറ്റിയാണ് ലവ്ലിനയും ഇത്തവണ എത്തിയത്.
പ്രീക്വാർട്ടറിൽ പുറത്തായിട്ടും ശ്രദ്ധയാകർഷിച്ച ബോക്സറാണ് പ്രീതി. പ്രായം വെറും പത്തൊമ്പത്. 54 കിലോഗ്രാം വിഭാഗത്തിൽ ടോപ് സീഡും നിലവിലുള്ള ചാംപ്യനുമായ റൊമാനിയക്കാരി ലക്രാമിയോര പെരിയോക്കിനെ അട്ടിമറിച്ചെത്തിയ പ്രീതി പരാജയപ്പെട്ടത്, രണ്ടു വട്ടം ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ തായ്ലൻഡിന്റെ ജിറ്റ്പോങ് ജുറ്റമാസിനു മുന്നിലാണ്.
അതേസമയം, കഴിഞ്ഞ വർഷത്തെ വെങ്കല ജേതാവ് മനീഷ മൗൻ (57 കിലോഗ്രാം), കോമൺവെൽത്ത് ഗെയിംസ് വെങ്കല ജേതാവ് ജയ്സ്മൈൻ ലാംബോരിയ (60 കിലോഗ്രാം), മഞ്ജു ബാംബോരിയ തുടങ്ങിയവരുടെ പ്രകടനം നിരാശാജനകമായി.
മെഡൽ പട്ടികയിൽ ആതിഥേയർ ഒന്നാമതെത്തിയെങ്കിലും, 10 രാജ്യങ്ങൾ ചാംപ്യൻഷിപ്പ് ബഹിഷ്കരിച്ചിരുന്നു എന്നത് വിസ്മരിക്കാനാവില്ല. റഷ്യയുടെയും ബെലാറസിന്റെയും താരങ്ങൾക്ക് സ്വന്തം പതാകകൾക്കു കീഴിൽ മത്സരിക്കാൻ ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ അനുമതി നൽകിയതാണ് ബഹിഷ്കരണത്തിനു കാരണം.
വിട്ടുനിന്ന പത്തു രാജ്യങ്ങളിൽ അഞ്ചും - യുഎസ്എ, ക്യാനഡ, അയർലൻഡ്, പോളണ്ട്, നെതർലൻഡ്സ് - കഴിഞ്ഞ തവണ മെഡൽ പട്ടികയിൽ ടോപ് ടെന്നിലുണ്ടായിരുന്നവയുമാണ്.
ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോഗ്രാം), ഹെവിവെയ്റ്റ് (81+) വിഭാഗങ്ങളിൽ കാര്യമായ മത്സരവുമുണ്ടായില്ല. യഥാക്രമം 13 പേരും 12 പേരുമാണ് പങ്കെടുത്തത്. 81 കിലോഗ്രാമിന്റെ ആദ്യ റൗണ്ടിൽ ബൈ ലഭിച്ച സ്വീറ്റിക്ക് മൂന്നു മത്സരങ്ങളോടെ തന്നെ ജേതാവാകാൻ സാധിച്ചു. ഈ ഭാരവിഭാഗമാകട്ടെ, ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ആറ് കിലോഗ്രാം കുറയ്ക്കാൻ സാധിച്ചാൽ 75 കിലോഗ്രാം മിഡിൽ വെയ്റ്റ് വിഭാഗത്തിൽ ശ്രമം നടത്താം.
എന്നാൽ, ഈയിനത്തിൽ ലവ്ലിനയ്ക്കു തന്നെയാണ് പ്രഥമ പരിഗണന. അതുപോലെ നീതുവിന്റെ കാര്യത്തിലും 48 കിലോഗ്രാം വിഭാഗത്തിൽ 50 കിലോഗ്രാമിലേക്കു മാറി നിഖാതിനു സ്റ്റാൻഡ്ബൈയാകാനേ സാധിക്കൂ.