ബാഡ്മിന്‍റണിലെ പുതിയ പെൺ ചരിത്രം

പരിചയസമ്പന്നയായ പി.വി. സിന്ധു തുടങ്ങിവച്ച വിജയക്കുതിപ്പ് പൂർത്തിയാക്കിയത് പതിനേഴുകാരിയ അൻമോൽ ഖാർബ്.
ബാഡ്മിന്‍റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പ് ഫൈനലിൽ തായ്ലൻഡ് താരത്തിനെതിരേ ഇന്ത്യയുടെ കൗമാര താരം അൻമോൽ ഖാർബിന്‍റെ പ്രകടനം.
ബാഡ്മിന്‍റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പ് ഫൈനലിൽ തായ്ലൻഡ് താരത്തിനെതിരേ ഇന്ത്യയുടെ കൗമാര താരം അൻമോൽ ഖാർബിന്‍റെ പ്രകടനം.

ഷാ ആലം (മലേഷ്യ): ബാഡ്മിന്‍റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾ ചരിത്രത്തിൽ ആദ്യമായി കിരീടം നേടി. നിർണായകമായ അഞ്ചാമത്തെ മത്സരത്തിൽ അൻമോൽ ഖാർബ് നേടിയ സിംഗിൾസ് വിജയമാണ് തായ്‌ലൻഡിനെ 3-2നു മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്.

പരിചയസമ്പന്നയായ പി.വി. സിന്ധുവിന്‍റെ നേതൃത്വത്തിൽ ഇറങ്ങിയ യുവതാരങ്ങളാണ് ചരിത്രവിജയം രാജ്യത്തിനു വേണ്ടി സ്വന്തമാക്കിയത്. ഏഷ്യ ടീം ചാംപ്യൻഷിപ്പിൽ എന്നു മാത്രമല്ല, ആദ്യമായാണ് ഒരു മേജർ ടീം ചാംപ്യൻഷിപ്പിൽ തന്നെ ഇന്ത്യൻ വനിതകൾ കിരീടം നേടുന്നത്. 2016, 2020 എഡിഷനുകളിൽ ഇന്ത്യൻ പുരുഷ ടീം ഇവിടെ വെങ്കല മെഡലുകൾ കരസ്ഥമാക്കിയിരുന്നു.

ഏപ്രിൽ 28ന് ചൈനയിൽ ആരംഭിക്കുന്ന യൂബർ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.

ആദ്യ സിംഗിൾസിൽ സുപാനിദ കേറ്റതോങ്ങിനെ തുടർച്ചയായ ഗെയിമുകളിൽ കീഴടക്കിക്കൊണ്ട് ഫൈനലിൽ മികച്ച തുടക്കമാണ് സിന്ധു ഇന്ത്യക്ക് നൽകിയത്. അടുത്ത ഡബിൾസ് മത്സരത്തിൽ ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം ഒന്നിനെതിരേ രണ്ട് ഗെയിമിന്‍റെ വിജയവും നേടി.

എന്നാൽ, അടുത്ത സിംഗിൾസ് മത്സരത്തിൽ അഷ്മിത ചാലിഹ പരാജയപ്പെട്ടു. ശ്രുതി മിശ്ര - പ്രിയ കോഞ്ചെങ്ബാം സഖ്യം ഡബിൾസിലും തോറ്റതോടെ ഇന്ത്യയും തായ്‌ലൻഡും 2‌-2 എന്ന നിലയിലായി. ഇതോടെയാണ് അവസാന സിംഗിൾസ് മത്സരത്തിൽ അൻമോലിന്‍റെ പ്രകടനം നിർണായകമായത്. ടീമിന്‍റെയും രാജ്യത്തിന്‍റെയും പ്രതീക്ഷ കാത്ത പതിനേഴുകാരി ജയിച്ചു കയറുകയും ചെയ്തു.

ഇവരാണ് നമ്മുടെ താരങ്ങള്‍

  • പി. വി. സിന്ധു: ചാംപ്യന്‍ താരം, എന്നാല്‍ നാല് മാസത്തെ പരുക്കിന് ശേഷം ഫോമില്‍ അനിശ്ചിതത്വത്തോടെയുള്ള വരവ്

  • ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും: 2023 സീസണില്‍ ഫോമിലും ഫിറ്റ്നസിലും ആശങ്കയുണ്ടായിരുന്ന 20 വയസ്സുള്ള രണ്ട് പേര്‍.

  • അഷ്മിത ചാലിഹ: 24-കാരിയായ അഷ്മിത സിംഗിള്‍സില്‍ ഇന്ത്യയുടെ വലിയ മുതല്‍ക്കൂട്ട്. ഭാവിയില്‍ നിരവധി കിരീടങ്ങള്‍ പ്രതീക്ഷിക്കാം. ഇവിടെ ലോകോത്തര താരങ്ങളോട് സ്ഥിരതയാര്‍ന്ന പ്രകടനം.

  • അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റോയും: പ്രതിഭ ആവോളമുള്ള അശ്വിനി, ഒപ്പം കൗമാര താരം തനിഷ. എന്നാല്‍, സെമിഫൈനലിന് തൊട്ടുമുമ്പ് തനിഷയ്ക്ക് പരിക്കേറ്റു. എന്നാല്‍, വിജയതൃഷ്ണയ്ക്ക് അത് തടസമായില്ല.

  • അന്‍മോല്‍ ഖര്‍ബ്: ഭാവി ഇന്ത്യയുടെ താരം. ഡിസംബറില്‍ ദേശീയ ചാമ്പ്യനായി ശ്രദ്ധേയനായി. എന്നാല്‍, ഇന്ത്യക്കായി ഇതുവരെ ഒരു പ്രധാന ഇവന്‍റും കളിച്ചിട്ടില്ല. ലോകറാങ്കിങ്ങില്‍ 472-ാം സ്ഥാനം മാത്രം.

  • പ്രിയാ ദേവി കോന്‍ജെങ്ബാമും ശ്രുതി മിശ്രയും: ദേശീയ ചാമ്പ്യന്മാരായ ശേഷം ഇരുവരും ഒന്നിച്ചു. ഭാവി ഇന്ത്യയുടെ പ്രതീക്ഷ. വലിയ ഘട്ടത്തില്‍ അനുഭവപരിചയമില്ലാതെ തന്നെ തിളങ്ങി.

  • തന്‍വി ശര്‍മ്മ: ദേശീയ ചാമ്പ്യന്‍ഷിപ്പിലെ 15 വയസ്സുകാരി റണ്ണര്‍ അപ്പ് എന്ന പെരുമ മാത്രം.

പുതുപ്രതീക്ഷ

ഏഷ്യൻ ചാംപ്യൻഷിപ്പിലെ വനിതകളുടെ ഈ മെഡലിന്‍റെ മൂല്യം ശരിക്കും മനസ്സിലാക്കാന്‍, ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യന്‍ ബാഡ്മിന്‍റണിന്‍റെ വിജയത്തിന് നേതൃത്വം നല്‍കിയത് വനിതാ ടീമായിരുന്നു. സൈന നെഹ്വാള്‍, പി.വി. സിന്ധു, ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ എന്നീ ഇതിഹാസ താരങ്ങളുടെ ചിറകിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഒളിംപിക്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയ ലോകോത്തര താരങ്ങളായി ഇവര്‍ വളര്‍ന്നു. പെട്ടെന്ന്, ജ്വാലയും സൈനയും മങ്ങിപ്പോയതോടെ എല്ലാം തകിടം മറിഞ്ഞു, കഴിഞ്ഞ വര്‍ഷം മുഴുവനും പരുക്കുമായി മല്ലിട്ടതോടെ സിന്ധുവിനും കളിക്കാനായില്ല. ഇതോടെ വനിത ബാഡ്മിന്‍റണ് മികച്ച താരങ്ങളില്ല എന്ന സ്ഥിതി വന്നു.

ഇതിനിടെ നിരവധി യുവതികള്‍ വന്നിരുന്നു, എന്നാല്‍ സൈന അടക്കമുള്ള താരങ്ങളുടെ പ്രതിഭയിലേക്ക് ആരുമുയര്‍ന്നില്ല. അതില്‍ അഷ്മിത, മാളവിക ബന്‍സോദ്, ആകര്‍ഷി കശ്യപ് എന്നിവരും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്ന അനുപമ ഉപാധ്യായ, ഉന്നതി ഹൂഡ തുടങ്ങിയ കൗമാരക്കാരുമടക്കമുള്ളവര്‍ പ്രതിഭയുടെ സൂചന പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ക്ക് അവസരങ്ങള്‍ നന്നേ കുറഞ്ഞത് അവരുടെ പ്രതിഭയെ അളക്കാനാകാത്ത സ്ഥിതിയുണ്ടാക്കി. എന്നാല്‍, ഇവിടുത്തെ വിജയം കൗമാര താരങ്ങളില്‍ വലിയ പ്രതീക്ഷ നല്‍കുന്നു.

ഏഷ്യയില്‍ കിരീടം നേടുക എന്നത് ലോക ചാംപ്യന്‍ഷിപ്പ് വിജയിക്കുന്നതിനേക്കാള്‍ കഠിനമേറിയതാണെന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ ഈ കിരിടനേട്ടത്തിന് അതിന്‍റെ മൂല്യമുണ്ട്. പരിശീലകനെന്ന നിലയില്‍ പുല്ലേല ഗോപിചന്ദിനും വിജയത്തില്‍ നിര്‍ണായക സ്ഥാധീനമാകാന്‍ സാധിച്ചു. 2022ല്‍ പുരുഷ ടീം ആദ്യമായി തോമസ് കപ്പ് മെഡല്‍ നേടിയ പോലെ ഒരു ആനന്ദം ഇതിലുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com