

ജിയാനി ഇൻഫാന്‍റിനോ
നിയോൺ (സ്വിറ്റ്സർലൻഡ്): ലോകകപ്പ് ഫുട്ബോളിനെ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള തീരുമാനം ഉപേക്ഷിച്ചിട്ടും ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ വിടാതെ ഫുട്ബോൾ ഭരണസമിതികൾ. ഇൻഫാന്‍റിനോ വിശ്വാസ വഞ്ചന കാട്ടിയെന്ന് യുവേഫയും കോൺകകാഫും ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനും കുറ്റപ്പെടുത്തി.
ലോകകപ്പിലെ സ്വകാര്യ നിക്ഷേപ പങ്കാളിത്ത നീക്കത്തിലൂടെ ഇൻഫാന്‍റിനോ "വിശ്വാസത്തിന്‍റെ അടിസ്ഥാനപരമായ ലംഘനം' നടത്തിയെന്നാണ് മൂന്നു കോൺഫെഡറേഷനുകളും ആരോപിക്കുന്നത്. പണവുമായോ അംഗീകരിച്ച മത്സര തീരുമാനങ്ങളുമായോ ബന്ധപ്പെട്ടല്ല വിവാദമെന്നും മറിച്ച് ഫുട്ബോൾ ഭരണസംവിധാനങ്ങളുടെ വിശ്വാസ്യതയും അവയ്ക്ക് നേതൃത്വം നൽകാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തസുമാണ് പ്രധാന വിഷയമെന്നും യുവേഫയുടെയും കോൺകകാഫിന്‍റെയും എഎഫ്സിയുടെയും പ്രതിനിധികൾ വ്യക്തമാക്കി.
കഴിഞ്ഞ ഒരു ദശകത്തിനിടെ ഫുട്ബോൾ കൈവരിച്ച വളർച്ച ഫിഫ, കോൺഫെഡറേഷനുകൾ, അംഗ അസോസിയേഷനുകൾ, കായികരംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ്. ലോകകപ്പിലെ ടീമുകളുടെ എണ്ണം, ടൂർണമെന്‍റ് വിപുലീകരണം തുടങ്ങിയ കൂട്ടായി അംഗീകരിച്ച തീരുമാനങ്ങൾ മാറ്റുന്നതിനെയല്ല എതിർക്കുന്നതെന്നും മൂന്നു കോൺഫെഡറേഷനുകളും വ്യക്തമാക്കി.
വിവാദത്തെ ആശയവിനിമയത്തിലെ പിഴവായി അവതരിപ്പിക്കുന്ന ഫിഫയുടെ നിലപാടിനെയും അവർ വിമർശിച്ചു. ഇതു ഫിഫ നേതൃത്വത്തിലും ഭരണത്തിലും ഉണ്ടായ പ്രശ്നമാണെന്നും ഫുട്ബോളുമായി ബന്ധപ്പെട്ടവർക്ക് അയച്ച കത്തിൽ കോൺഫെഡറേഷനുകൾ വ്യക്തമാക്കി.
ഫിഫയുടെ വൈസ് പ്രസിഡന്‍റുമാർക്കും 211 അംഗ അസോസിയേഷനുകൾക്കും അയച്ച കത്തിൽ പിഴവുകൾ സംഭവിച്ചെന്ന് സംഘടന സമ്മതിക്കുന്നു. ആശയവിനിമയത്തിലെ പരാജയമായല്ല അതിനെ കാണേണ്ടത്. ഫുട്ബോൾ നേരിട്ടത് വിധിനിർണയത്തിലെ പരാജയമായിരുന്നു.
അർഥവത്തായ കൂടിയാലോചനകളില്ലാതെ വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ സ്വകാര്യ നിക്ഷേപ നിർദേശം മുന്നോട്ടുവച്ചു. അംഗ അസോസിയേഷനുകൾക്ക് വ്യവസ്ഥകൾ ശരിയായി പരിശോധിക്കാൻ സമയം നൽകിയില്ല. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താനുള്ള ഫിഫയുടെ തീരുമാനത്തെയും കോൺഫെഡറേഷനുകൾ ചോദ്യം ചെയ്യുന്നു. വിഷയത്തിൽ ഒരു സ്വതന്ത്ര മൂന്നാം കക്ഷി അന്വേഷണം നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
അതിനിടെ, ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ അടിവരയിട്ട് ഫിഫ വീണ്ടും രംഗത്തെത്തി. ഇൻഫാന്‍റിനോയുടെ നേതൃത്വത്തെ ദുർബലപ്പെടുത്താനുള്ള സംഘടിതവും തുടർച്ചയായതുമായ ശ്രമം നടക്കുന്നതായി ഫിഫ ആരോപിച്ചു. ലോകകപ്പ് ഫുട്ബോൾ അടക്കമുള്ള ഫിഫ ടൂർണമെന്‍റുകളുടെ നടത്തിപ്പ് സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തമുള്ള ഉപ കമ്പനിക്ക് കീഴിലാക്കാനുള്ള ഇൻഫാന്‍റിനോയുടെ ഒറ്റയാൻ നീക്കമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. തുടർന്ന് യുവേഫയും കോൺകകാഫും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ഇൻഫാന്‍റിനോയ്ക്കെതിരേ ശക്തമായി രംഗത്തെത്തി. ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ യുവേഫയ്ക്കൊപ്പം മറ്റു ഫുട്ബോൾ ഭരണസമിതി കൂട്ടായ്മകളും അണിനിരന്നു. മാർച്ചിലെ പ്രസിഡന്‍റ് പദത്തിലേക്കുള്ള വോട്ടെടുപ്പിൽ കോൺഫെഡറേഷനുകളുടെ പിന്തുണ നഷ്ടമാകുമെന്ന സ്ഥിതിയിൽ സ്വകാര്യ നിക്ഷേപ നീക്കത്തിൽ നിന്ന് ഇൻഫാന്‍റിനോ പിന്മാറുകയായിരുന്നു.