ഐപിഎൽ വിമാനം കയറും?

തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഐപിഎല്‍ രണ്ടാംഘട്ടം യുഎഇയില്‍ നടന്നേക്കും
ഐപിഎൽ വിമാനം കയറും?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഒരിക്കല്‍ക്കൂടി യുഎഇയിലേക്ക്. ഇത്തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ഐപിഎല്‍ വിമാനം കയറുന്നത്. രണ്ടാംപാദ മത്സരങ്ങളായിരിക്കും യുഎഇയില്‍ നടക്കുക. എന്നാല്‍, ഇതു സംബനന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ഐപിഎല്‍ ടീമുകള്‍ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇത്തരത്തിൊരു അഭ്യൂഹം ശക്തിപ്പെടാന്‍ കാരണം. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ഏപ്രില്‍ 19നാണ് തെരഞ്ഞെടുപ്പ് തുടങ്ങുന്നത്. ഈ സമയം ഐപിഎ്# രണ്ടാം ഘട്ടത്തിലേക്കു കടക്കുകയേയുള്ളൂ.

ഈ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പദ്ധതി ആലോചിക്കുന്നത്. മാര്‍ച്ച് 22നാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. നിലവില്‍ ആദ്യഘട്ടത്തില്‍ ഏപ്രില്‍ 7 വരെ നടത്തുന്ന 21 കളികളുടെ മത്സര ക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിനെ നേരിടും.

ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് എതിരാളികള്‍. 2009ല്‍ പൊതു തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പൂര്‍ണമായും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ലെ ഐപിഎല്‍ ടൂര്‍ണമെന്‍റിന് യുഎഇ വേദിയായി. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയായിരുന്നു മത്സരങ്ങളുടെ വേദി. കഴിഞ്ഞ സീസണിലുണ്ടായിരുന്ന പത്തു ടീമുകള്‍ തന്നെയാണ് ഇത്തവണയും ടൂര്‍ണമെന്‍റില്‍ മാറ്റുരയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് ജോലികള്‍ നടക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മതിയായ രീതിയില്‍ സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അവര്‍ അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.