

മുംബൈ: ലേലം അവസാനിച്ചുവെങ്കിലും പ്ലെയര്‍ ട്രേഡിങ്ങിലൂടെ ഇനിയും താരങ്ങളെ വച്ചുമാറാനുള്ള അവസരം ടീമുകള്‍ക്കുണ്ട്.ബുധനാഴ്ച ട്രേഡിങ് വിന്‍ഡോ വീണ്ടും തുറക്കും.
ഫെബ്രുവരിവരെ ടീമുകള്‍ക്ക് കളിക്കാരെ ഒരു ടീമില്‍നിന്ന് നേരിട്ട് വാങ്ങുകയോ വച്ചുമാറുകയോ ചെയ്യാം. ലേലത്തിലൂടെ ടീമിലെത്തിയ താരം മറ്റൊരു ടീമിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ് ഐപിഎല്‍ പ്ലെയര്‍ ട്രേഡ്. രണ്ടു ഫ്രാഞ്ചൈസികള്‍ തമ്മില്‍ ധാരണയിലെത്തിയാല്‍ ഇത് പൂര്‍ണമായും പണമിടപാട് ആയോ താരങ്ങളെ പരസ്പരം മാറിയോ നടത്താം.
താരത്തിനായി ഒരു ഫ്രാഞ്ചൈസി മുടക്കിയ തുക, വാങ്ങുന്ന ടീം നല്‍കണം. അതിനുപിന്നില്‍ മറ്റ് ഇടപാടുകളും ഉണ്ടാകും. അതുപക്ഷേ, രഹസ്യമായിരിക്കും. ഹാര്‍ദിക് പാണ്ഡ്യ നായകനായെത്തിയതോടെ മുംബൈ നായകന് രോഹിത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ രംഗത്തുണ്ട്. ചെന്നൈയും ഡല്‍ഹിയും ഗുജറാത്തും ഇവര്‍ക്കായി രംഗത്തുണ്ട്.
ഇതിനൊപ്പം ഹാര്‍ദിക്കിനെ നായകനാക്കിയതിന്റെ അതൃപ്തി പറയാതെപറഞ്ഞ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഹാര്‍ദിക് എന്ന നായകനുകീഴില്‍ അതൃപ്തിയോടെ ഒരു സംഘത്തെ നിര്‍ത്താന്‍ അവര്‍ തയ്യാറായേക്കില്ല. അത് ടീമിന്റെ കളിയെ ബാധിക്കും. ഒന്നുകില്‍ രോഹിത്തിനെയും ബുംറയെയും സൂര്യയെയും മറ്റു ടീമുകള്‍ക്ക് കൈമാറി പകരം പുതിയ താരങ്ങളെ എത്തിക്കുക, അല്ലെങ്കില്‍ ടീമില്‍ ഒത്തൊരുമയുണ്ടാക്കി അടുത്തസീസണില്‍ കളിക്കാനിറങ്ങുക എന്നതാണ് ടീമിനുമുന്നിലെ വഴി.