കുട്ടിക്കളിയല്ല ടി20: പറയുന്നത് കോലിയും കാർത്തിക്കും

വിരാട് കോലിയെ ടി20 ലോകകപ്പ് കളിക്കിക്കരുതെന്നും, യുവതാരങ്ങൾ മാത്രം മതിയെന്നും വാദിക്കുന്നവർക്കുള്ള മറുപടിയായിരുന്നു പഞ്ചാബ് കിങ്സിനെതിരേ കോലിയും ദിനേശ് കാർത്തിക്കും പുറത്തെടുത്ത പ്രകടനം.
ദിനേശ് കാർത്തിക്, വിരാട് കോലി
ദിനേശ് കാർത്തിക്, വിരാട് കോലി

ബംഗളൂരു: വെസ്റ്റിൻഡീസിലും യുഎസിലുമായി ജൂണിൽ ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ വിരാട് കോലിയെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ബിസിസിഐ ഇനിയും തീരുമാനമെടുത്തിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമ ഒഴികെ മുതിർന്ന താരങ്ങളാരും ടി20 ദേശീയ ടീമിൽ ആവശ്യമില്ലെന്ന വാദവും ശക്തമാണ്. എന്നാൽ, ഈ വാദത്തിന് ഒന്നാന്തരമൊരു മറുവാദമായിരുന്നു ഐപിഎല്ലിൽ പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരൂവും ഏറ്റുമുട്ടി മത്സരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ ടോപ് സ്കോററായത് ഓപ്പണറും ക്യാപ്റ്റനുമായ ശിഖർ ധവാൻ- വയസ് 38, നേടിയത് 37 പന്തിൽ 45 റൺസ്. സ്കോർ പിന്തുടർന്ന ആർസിബിക്ക് ജയത്തിനുള്ള അടിത്തറയിട്ടത് അവരുടെ ഓപ്പണറായിറങ്ങിയ വിരാട് കോലി- വയസ് 35. നേടിയത് 49 പന്തിൽ 77 റൺസ്. കോലി ക്രീസിലുള്ള സമയമത്രയും ആർസിബി അനായാസ വിജയത്തിലെത്തുമെന്ന പ്രതീതിയായിരുന്നു. എന്നാൽ, കോലി പുറത്തായ ശേഷം പഞ്ചാബ് കിങ്സ് പിടിമുറുക്കി. അവിടെനിന്ന് വീണ്ടും കളി കൈപ്പിടിയിലൊതുക്കാൻ ആർസിബിയെ സഹായിച്ചത് മറ്റൊരു വെറ്ററൻ, പേര് ദിനേശ് കാർത്തിക്, വയസ് 38. ആകെ പത്തു പന്തു മാത്രം നേരിട്ട കാർത്തിക് 28 റൺസുമായി പുറത്താകാതെ നിന്നു.

എഡ്ജ് ചെയ്ത ബൗണ്ടറിയുമായി സ്കോറിങ് തുടങ്ങിയ കോലി, റൺ ചേസിന്‍റെ ആദ്യ ഓവറിൽ തന്നെ സാം കറനെതിരേ നാല് ബൗണ്ടറികളാണ് സ്കോർ ചെയ്തത്. സിക്സറടി മാത്രമല്ല ടി20 ബാറ്റിങ് എന്നു തെളിയിച്ച കോലിയുടെ ഇന്നിങ്സിൽ ആകെ 11 ഫോറുകളുണ്ടായിരുന്നു, രണ്ടു ക്ലാസ് സിക്സറുകളും. പവർപ്ലേയിൽ രണ്ട് വിക്കറ്റ് നേടിയ കാഗിസോ റബാഡയും, നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഹർപ്രീത് ബ്രാറിന്‍റെ ഡ്രീം സ്പെല്ലും ആർസിബി റൺ ചേസിനെ ബാധിച്ചില്ല, കോലി ക്രീസിലുള്ള സമയത്തോളം. പക്ഷേ, ബ്രാറിന്‍റെ ഇക്കോണമി റേറ്റിന്‍റെ വില ടീം അറിഞ്ഞത് കോലി പുറത്തായ ശേഷമായിരുന്നു.

ദിനേശ് കാർത്തിക്ക് ക്രീസിലെത്തുമ്പോൾ ആർസിബിക്ക് ജയിക്കാൻ 47 റൺസ് കൂടി വേണ്ടിയിരുന്നു, ശേഷിക്കുന്നത് വെറും 22 പന്തും! എന്നാൽ, മൂന്നും പന്തും രണ്ടു സിക്സറും ഉൾപ്പെട്ടെ കാർത്തിക്കിന്‍റെ ഇന്നിങ്സിന് ഒരുപക്ഷേ, ടിന്‍റ20 ക്രിക്കറ്റിൽ നൂറാം അർധ സെഞ്ചുറി നേടിയ കോലിയുടെ ഇന്നിങ്സിനെക്കാൾ തിളക്കം അവകാശപ്പെടാം. എട്ടു പന്തിൽ 17 റൺസുമായി ഇംപാക്റ്റ് പ്ലെയർ മഹിപാൽ ലോംറോർ മികച്ച പിന്തുണ നൽകിയപ്പോൾ, നാലു പന്ത് ബാക്കി നിൽക്കെ കാർത്തിക് തന്‍റെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.