ഐപിഎൽ 2024: താരോദയങ്ങൾ

ഇത്തവണത്തെ ഐപിഎല്ലിൽ തിളങ്ങി നിൽക്കുന്ന, ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത താരങ്ങളെക്കുറിച്ച്....

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച എം.എസ്. ധോണിയും, ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന രോഹിത് ശർമയും മുതൽ ദേശീയ ടി20 ടീമിലേക്ക് റീഎൻട്രി പ്രതീക്ഷിക്കുന്ന വിരാട് കോലിയും എക്കാലത്തെയും വിശ്വസ്തനായ ജസ്പ്രീത് ബുംറയും വരെയുള്ളവർ തകർത്താടുകയാണ് ഐപിഎല്ലിൽ. പക്ഷേ, ഇതിനിടെയും പുത്തൻ പ്രതീക്ഷകളായി പല യുവതാരങ്ങളും പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ തിളങ്ങി നിൽക്കുന്ന, ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത താരങ്ങളെക്കുറിച്ച്....

മായങ്ക് യാദവ്

മായങ്ക് യാദവ്
മായങ്ക് യാദവ്

കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും പ്ലെയർ ഓഫ് ദ മാച്ച് ആവുക എന്ന റെക്കോഡ് നേട്ടവുമായാണ് ഐപിഎല്ലിൽ മായങ്ക് യാദവ് വരവറിയിച്ചത്. പേസും ബൗൺസും കളിച്ച് ശീലമായ ഓസ്ട്രേലിയൻ താരങ്ങളെ വരെ വിറപ്പിച്ച വേഗവും കൃത്യതയുമാണ് മായങ്കിനെ പെട്ടെന്നു തന്നെ സെലക്റ്റർമാരുടെ റഡാറിലെത്തിക്കുന്നത്. വെറും 21 വയസിൽ തുടർച്ചയായി 150 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയാനുള്ള ശേഷി ഈ ഡൽഹിക്കാരനെ വ്യത്യസ്തനാക്കുന്നു. ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ വജ്രായുധമായി മാറാൻ മായങ്കിനെ അധികം സമയമൊന്നും വേണ്ടിവന്നില്ല. ഉമ്രാൻ മാലിക്കിനെപ്പോലെ വേഗം മാത്രമല്ല, ലൈനും ലെങ്തും നിലനിർത്താനുള്ള ശേഷിയുമുണ്ട് മായങ്കിന്.

ശശാങ്ക് സിങ്

ശശാങ്ക് സിങ്
ശശാങ്ക് സിങ്

ആള് മാറി ലേലം വിളിച്ചാണ് പഞ്ചാബ് കിങ്സ് ശശാങ്ക് സിങ്ങിനെ ടീമിലെടുക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയേ മുടക്കിയുള്ളെങ്കിലും, ശശാങ്കിനെ ഒഴിവാക്കാൻ അവസാന വട്ട ശ്രമവും അവർ നടത്തിയിരുന്നു. എന്നാൽ, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ശശാങ്കിന്‍റെ യഥാർഥ മൂല്യം പഞ്ചാബ് കിങ്സും ടീം ആരാധകരും തിരിച്ചറിഞ്ഞു. 29 പന്തിൽ പുറത്താകാതെ 61 റൺസാണ് ഈ മുപ്പത്തിരണ്ടുകാരൻ അടിച്ചുകൂട്ടിയത്. 111/5 എന്ന നിലയിൽ നിന്ന് ടീമിനെ 200 റൺസ് എന്ന വിജയലക്ഷ്യത്തിലേക്കു നയിച്ച പ്രകടനം. തൊട്ടടുത്ത മത്സരത്തിൽ എസ്ആർഎച്ചിനെതിരേയും ശാശാങ്കിന്‍റെ വെടിക്കെട്ട് കണ്ടെങ്കിലും ടീം കളി തോറ്റു. എന്തായാലും ആഭ്യന്തര ക്രിക്കറ്റിലെ വർഷങ്ങളുടെ അധ്വാനം ഒടുവിൽ ഐപിഎല്ലിൽ ഫലം കണ്ടിരിക്കുന്നു.

അശുതോഷ് ശർമ

അശുതോഷ് ശർമ
അശുതോഷ് ശർമ

ഈ സീസണിൽ ഐപിഎൽ അരങ്ങേറ്റം കുറിക്കും മുൻപ് അശുതോഷ് ശർമ ആകെ കളിച്ചിട്ടുള്ളത് 15 ടി20 മത്സങ്ങൾ മാത്രം. എന്നാൽ, പഞ്ചാബ് കിങ്സിനു വേണ്ടി ശശാങ്ക് സിങ്ങുമൊത്ത് 22 പന്തിൽ 43 റൺസ്, 27 പന്തിൽ 66 റൺസ് എന്നിങ്ങനെ രണ്ടു ഡെഡ്‌ലി പാർട്ണർഷിപ്പുകൾ പടുത്തുയർത്തി. ശശാങ്കിന്‍റെ പിൻബലമില്ലാതെ മറ്റൊരു 31 റൺസ് ഇന്നിങ്സും കളിച്ചു. മധ്യപ്രദേശിന്‍റെ ആഭ്യന്തര ടീമിൽ നിന്നു പോലും പുറത്തായ ശേഷം റെയിൽവേസിലൂടെയായിരുന്നു അശുതോഷിന്‍റെ തിരിച്ചുവരവ്. ''ഐപിഎൽ അവസരം കിട്ടുന്ന അന്നു നീ അന്നു നീ ഹീറോയാകും'' എന്ന പഴയ കോച്ച് അമയ് ഖുറാസിയയുടെ വാക്കുകൾ അശുതോഷ് അനുസ്മരിക്കുന്നു.

അഭിഷേക് ശർമ

അഭിഷേക് ശർമ
അഭിഷേക് ശർമ

197 ആണ് ഈ സീസണിൽ അഭിഷേക് ശർമയുടെ സ്ട്രൈക്ക് റേറ്റ്. ഇഷാൻ കിഷനും ഋഷഭ് പന്തും ശിവം ദുബെയുമെല്ലാം ഇതിലും താഴെ. ട്രാവിസ് ഹെഡ്ഡുമൊത്ത് ഈ സീസണിലെ ഏറ്റവും വിനാശകാരികളായ ഓപ്പണിങ് സഖ്യങ്ങളിലൊന്ന് എന്ന വിശേഷണം സ്വന്തമാക്കാനും അഭിഷേകിനു സാധിച്ചു. പവർ പ്ലേ മാത്രം കണക്കിലെടുത്താൽ സീസണിൽ രണ്ടാം സ്ഥാനമാണ് അഭിഷേകിന്‍റെ സ്ട്രൈക്ക് റേറ്റിന്- 206. അതിനു മുകളിൽ 207 സ്ട്രൈക്ക് റേറ്റുള്ള ഓപ്പണിങ് പങ്കാളി ട്രാവിസ് ഹെഡ് മാത്രം. മുൻ സീസണുകൾ നോക്കിയാലും കഴിഞ്ഞ വർഷം 208 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത അജിങ്ക്യ രഹാനെ കൂടിയേ പവർ പ്ലേയിൽ മുന്നിലുള്ളൂ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഇടങ്കയ്യൻ സീമർ മുകേഷ് ചൗധരിയുടെ ഒറ്റ ഓവറിൽ നേടിയ 27 റൺസ് മാത്രം മതി അഭിഷേകിന്‍റെ വിസ്ഫോടന ശേഷി തിരിച്ചറിയാൻ. പവർപ്ലേ പിന്നിട്ടാലും സ്പിൻ ഹിറ്റർ എന്ന നിലയിൽ അഭിഷേക് അപകടകാരി തന്നെ. ആർസിബിക്കെതിരേ ബൗളിങ്ങും ഓപ്പൺ ചെയ്ത അഭിഷേക് ഈ ഫോമിൽ തുടർന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം വിദൂരമല്ല.

റിയാൻ പരാഗ്

റിയാൻ പരാഗ്
റിയാൻ പരാഗ്

2019ലെ ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാൺ രാജസ്ഥാൻ റോയൽസ് ആദ്യമായി റിയാൻ പരാഗിനെ സ്വന്തമാക്കുന്നത്. 2022ൽ റിലീസ് ചെയ്ത ശേഷം തിരിച്ചുവാങ്ങുന്നത് 3.8 കോടി രൂപയ്ക്ക്. രാജസ്ഥാന് പരാഗിനോടുള്ള ഈ പ്രണയത്തിനു പിന്നിലെ യുക്തി രാജസ്ഥാൻ ഫാൻസിനു പോലും അന്നു മനസിലായിരുന്നില്ല. സയീദ് മുഷ്താഖ് അലി ട്രോഫിയിലെ തുടർച്ചയായ ഏഴ് അർധ സഞ്ചുറികൾ അടക്കം ആഭ്യന്തര ക്രിക്കറ്റിൽ അസമിനു വേണ്ടി നടത്തിയ വൺമാൻ ഷോകൾ അധികമാരും ശ്രദ്ധിച്ചിട്ടുമില്ല. പക്ഷേ, ഈ സീസണിൽ സ്ഥിരതയും സ്ട്രൈക്ക് റേറ്റും ഒത്തിണങ്ങിയ പ്രകടനങ്ങളുമായി പരാഗ് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകിക്കൊണ്ടിരിക്കുന്നു. ലോവർ മിഡിൽ ഓർഡറിൽ നിന്ന് നാലാം നമ്പറിലേക്കുള്ള പ്രൊമോഷൻ പരാഗിനെയും ടീമിനെയും ഒരുപോലെ സഹായിക്കുന്നു. നിർണായകമായ ഈ സെക്കൻഡ് ഡൗൺ പൊസിഷൻ പരാഗ് തന്‍റേതാക്കി മാറ്റിയതോടെ, ആറാമതൊരു ബൗളറെ കൂടി ഇംപാക്റ്റ് പ്ലെയറായി കളിപ്പിക്കാൻ രാജസ്ഥാനും സാധിക്കുന്നു. രാജസ്ഥാൻ സ്ക്വാഡിലെ മുതിർന്ന പരിശീലകൻ സുബിൻ ബറൂച്ചയ്ക്കു കീഴിൽ നടത്തിയ പ്രീ സീസൺ തയാറെടുപ്പിനോടാണ് പരാഗ് തന്‍റെ വിജയത്തിനു നന്ദി പറയുന്നത്.

ഹർഷിത് റാണ

ഹർഷിത് റാണ
ഹർഷിത് റാണ

ഈഡൻ ഗാർഡൻസിൽ ഹെൻറിച്ച് ക്ലാസനെ അവസാന ഓവറിൽ തടുത്തു നിർത്തിയ പ്രകടനത്തിലൂടെയാണ് ഈ സീസണിൽ ഹർഷിത് റാണ് ആദ്യമായി ശ്രദ്ധയിലേക്കു വരുന്നത്. തുടർന്നിങ്ങോട്ട് സ്ഥിരതയാർന്ന പേസ് ബൗളിങ്ങിന്‍റെ മനോഹരമായ കാഴ്ചകൾ. വിക്കറ്റ് വേട്ടകളെക്കാൾ റണ്ണൊഴുക്ക് നിയന്ത്രിക്കാനുള്ള ശേഷിയാണ് ഈ ഫാസ്റ്റ് ബൗളറുടെ കൈമുതൽ. ഇന്ത്യ എ ടീമിൽ ഇതിനകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു റാണ. ഈ ഐപിഎല്ലിൽ ജസ്പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യൻ പേസ് ബൗളർമാരുടെ പ്രകടനം കണക്കിലെടുത്താൽ റാണയ്ക്ക് സീനിയർ ടി20 ടീമിലേക്കുള്ള വിളി അധികം ദൂരെയാകില്ലെന്നു കരുതാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 49 റൺസ് ബാറ്റിങ് ശരാശരിയുള്ള ഹർഷിതിനെ ഒരു ടെസ്റ്റ് ഓൾറൗണ്ടർ മെറ്റീരിയലായി തന്നെ കണക്കാക്കാൻ സാധിച്ചേക്കും. എസ്ആർഎച്ചിനെതിരായ മത്സരത്തിൽ മായങ്ക് അഗർവാളിനു നൽകിയ ഫ്ളൈയിങ് കിസ് സെൻഡ് ഓഫ് വഴി പിഴ ഏറ്റുവാങ്ങിയെങ്കിലും അഗ്രസീവ് ഫാസ്റ്റ് ബൗളർ എന്ന ടാഗ് ഇതിനകം ഹർഷിത് സ്വന്തമാക്കിക്കഴിഞ്ഞു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com