
പ്രസിദ്ധ് കൃഷ്ണയെ അഭിനന്ദിക്കുന്ന മുഹമ്മദ് സിറാജും ശുഭ്മൻ ഗില്ലും
അഹമ്മദാബാദ്: സായ് സുദർശന്‍റെ ബാറ്റിങ്ങും പ്രസിദ്ധ് കൃഷ്ണയുടെയും മുഹമ്മദ് സിറാജിന്‍റെയും ബൗളിങ് പ്രകടനങ്ങളും ചേർന്നപ്പോൾ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് മുംബൈ ഇന്ത്യൻസിനെതിരേ 36 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുത്തത്. മറുപടിയായി മുംബൈക്ക് ആറ് വിക്കറ്റിന് 160 റൺസെടുക്കാനേ സാധിച്ചുള്ളൂ.
41 പന്തിൽ 63 റൺസെടുത്ത (4 ഫോറും രണ്ട് സിക്സും) ഓപ്പണർ സായ് സുദർശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമൊത്ത് (27 പന്തിൽ 38) സുദർശൻ പടുത്തുയർത്തിയ 78 റൺസിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായി.
മറുപടി ബാറ്റിങ്ങിൽ മുംബൈ ഓപ്പണർമാരായ രോഹിത് ശർമയെയും (8) റിയാൻ റിക്കിൾടണെയും (6) ക്ലീൻ ബൗൾ ചെയ്ത മുഹമ്മദ് സിറാജ് തുടക്കത്തിൽ തന്നെ ഗുജറാത്തിനു മേൽക്കൈ നൽകി. തുടർന്ന് ഒരുമിച്ച തിലക് വർമയും സൂര്യകുമാർ യാദവും അപകടകരമായി മുന്നേറുന്ന സമയത്തായിരുന്നു പ്രസിദ്ധിന്‍റെ നിർണായക സ്പെൽ.
രാഹുൽ തേവാത്തിയക്ക് ക്യാച്ച് നൽകിയാണ് തിലക് വർമ (36 പന്തിൽ 39) മടങ്ങിയത്. സൂര്യകുമാർ (28 പന്തിൽ 48) ശുഭ്മൻ ഗില്ലിനും ക്യാച്ച് നൽകി. കാഗിസോ റബാദയുടെ പന്തിൽ ഹാർദിക് പാണ്ഡ്യയും (11) പുറത്തായതോടെ മുംബൈയുടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.
അഞ്ച് തവണ ചാംപ്യൻമാരായ മുംബൈക്ക് ഈ സീസണിൽ ഇതു തുടർച്ചയായ രണ്ടാം പരാജയമാണ്. പ്രസിദ്ധ് കൃഷ്ണയാണ് പ്ലെയർ ഒഫ് ദ മാച്ച്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോടും തോൽക്കുകയായിരുന്നു. കോൽക്കത്ത നൈറ്റ് റൈഡേഴ്സാണ് അടുത്ത എതിരാളികൾ.