
ഗുജറാത്തിനെ തകർത്തു; ദൈവത്തിന്‍റെ പോരാളികൾ മുന്നോട്ട്
ചണ്ഡിഗഡ്: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ ശുഭ്മൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് രണ്ടാം ക്വാളിഫയറിനു യോഗ‍്യത നേടിയിരിക്കുകയാണ് മുംബൈ ഇന്ത‍്യൻസ്. ''നിങ്ങൾ എങ്ങനെ തുടങ്ങുന്നു എന്നതല്ല, എങ്ങനെ പൂർത്തിയാക്കുന്നു എന്നതാണ് പ്രധാനം''. ഈയൊരു വാചകത്തെ അടയാളപ്പെടുത്തുന്നതായിരുന്നു മുംബൈയുടെ ഇത്തവണത്തെ ഐപിഎൽ സീസൺ. ആദ‍്യ 5 മത്സരങ്ങളിൽ രണ്ടു പോയിന്‍റോടെ തുടങ്ങിയ മുംബൈ നിലവിൽ ഫൈനലിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ്.
ആദ്യ ക്വാളിഫയറിൽ ആർസിബിയോടു തോറ്റ പഞ്ചാബ് കിങ്സാണ് രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത‍്യൻസിന്‍റെ എതിരാളികൾ. പഞ്ചാബിനെതിരേ വിജയം കണ്ടാൽ മുംബൈയ്ക്ക് ഫൈനൽ ഉറപ്പാക്കാം.
നിർണായക ടൂർണമെന്‍റുകളിൽ റിക്കി പോണ്ടിങ്ങിന്‍റെ പഴയ കങ്കാരുപ്പടയെ അനുസ്മരിപ്പിക്കുന്നതാണ് മുംബൈ ഇന്ത‍്യൻസിന്‍റെ പ്രകടന മികവ്. ഐപിഎല്ലിൽ 6 തവണ ഫൈനലിൽ പ്രവേശിച്ച മുംബൈ അതിൽ 5 തവണയും കീരീടം നേടി.
സമ്മർദത്തെ അതിജീവിക്കുന്നതാണ് മുംബൈയുടെ മുഖമുദ്രയെങ്കിൽ, സമ്മർദം മൂലം മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ തകർന്നടിഞ്ഞ പഞ്ചാബ് കിങ്ങ്സിനെയാണ് ആദ്യ ക്വാളിഫയറിൽ കാണാനായത്. പഞ്ചാബിന്‍റെ എതിരാളികളായി മുംബൈ എത്തുന്നതോടെ മത്സരം കടുക്കും.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ 229 റൺസ് എന്ന കൂറ്റൻ വിജയലക്ഷമാണ് ഗുജറാത്തിനു മുന്നിൽ വച്ചത്. നിർണായക മത്സരത്തിൽ തിളങ്ങിയ രോഹിത് ശർമയുടെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. 50 പന്തിൽ 81 റൺസാണ് മുൻ ക്യാപ്റ്റൻ നേടിയത്.
റിയാൻ റിക്കിൾടൺ ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിയതിനു പകരം വന്ന ജോണി ബെയർസ്റ്റോ അതേ റോളിൽ ഇൻസ്റ്റന്‍റ് ഹിറ്റായി. 22 പന്തിൽ 47 റൺസെടുത്ത ഇംഗ്ലണ്ട് താരം 84 റൺസിന്‍റെ ഓപ്പണിങ് സഖ്യത്തിൽ പങ്കാളിയായി.
ഹർദിക് പാണ്ഡ‍്യ, സൂര‍്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ കാമിയോകൾ കൂടിയായപ്പോൾ മുംബൈ മികച്ച സ്കോറിൽ നിന്ന് വമ്പൻ സ്കോറിലേക്കാണ് എത്തിയത്. ജസ്പ്രീത് ബുംറയും ട്രെന്‍റ് ബൗൾട്ടും അടങ്ങിയ ബൗളിങ് നിര ഗുജറാത്തിനെ പിടിച്ചുകെട്ടി.
ഗുജറാത്തിന്‍റെ ഇന്നിങ്സ് തുടങ്ങിയപ്പോൾ തന്നെ ഗില്ലിന്‍റെ വിക്കറ്റ് പിഴുതുകൊണ്ടായിരുന്നു ട്രെൻഡ് ബോൾട്ടിന്‍റെ തുടക്കം. പിന്നീട് സായ് സുദർശനും കുശാൽ മെൻഡിസും ചേർന്ന് റൺനിരക്ക് ഉയർത്തിയെങ്കിലും ഏറെ നീണ്ടില്ല. മത്സരത്തിന്‍റെ 10-ാം ഓവറിൽ കുശാൽ മെൻഡിസ് (10 പന്തിൽ 20) ഹിറ്റ് വിക്കറ്റായത് വഴിത്തിരിവായി.
പിന്നീട് വാഷിങ്ടൺ സുന്ദറും സായ് സുദർശനും ചേർന്ന് മത്സരം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ജസ്പ്രീത് ബുംറയുടെ യോർക്കറിന് മുന്നിൽ സുന്ദർ (24 പന്തിൽ 48) നിലംപതിച്ചു. പിന്നീട് മുംബൈയ്ക്ക് വേണ്ടി ഗ്ലീസൺ സായ് സുദർശനെ (49 പന്തിൽ 80) ക്ലീൻ ബൗൾഡാക്കിയതോടെ മത്സരം മുംബൈയ്ക്ക് അനുകൂലമായി.