ഡൽഹിക്ക് 10 റ​ൺ​സ് ജ​യം

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 27 പന്തിൽ 84 റൺസ് നേടിയ മക്ഗർക്കിന്‍റെ പ്രകടനത്തിലൂടെ നേടിയ 257 റൺസിന്‍റെ സ്കോർ പിന്തുടർന്ന മുംബൈക്ക് പത്തു റൺസ് അകലെ കാലിടറുകയായിരുന്നു
ഡൽഹിക്ക് 10 റ​ൺ​സ് ജ​യം

ന്യൂഡൽഹി: ജെയ്ക്ക് ഫ്രേസർ മക്ഗർക്കിന്‍റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോർ ഉയർത്തിയ ഡൽഹി ക്യാപിറ്റൽസിന് മുംബൈക്കെതിരേ 10 റൺസ് വിജയം. ഇതോടെ, ഐപിഎൽ പ്ലേ ഓഫിനുള്ള സാധ്യതകളും ഡൽഹി നിലനിർത്തി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 27 പന്തിൽ 84 റൺസ് നേടിയ മക്ഗർക്കിന്‍റെ പ്രകടനത്തിലൂടെ നേടിയ 257 റൺസിന്‍റെ സ്കോർ പിന്തുടർന്ന മുംബൈക്ക് പത്തു റൺസ് അകലെ കാലിടറുകയായിരുന്നു. യുവതാരം തിലക് വർമ (63)യും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (46) കൂറ്റൻ ഷോട്ടുകളിലൂടെ മുംബൈയുടെ സ്വപ്നങ്ങൾക്ക് നിറം നൽകിയെങ്കിലും റാസിഖ് സലാമിന്‍റെ (3/34) നേതൃത്വത്തിൽ ഡൽഹി ബൗളർമാർ അവരെ തടഞ്ഞു.

സ്കോർ: 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് നാലു വിക്കറ്റിന് 257, മുംബൈ ഇന്ത്യൻസ് ഒമ്പതു വിക്കറ്റിന് 247.

വിജയത്തോടെ ഡൽഹി പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി. മുംബൈ ഒമ്പതാം സ്ഥാനത്താണ്. ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് മാത്രമാണു മുംബൈക്കു പിന്നിലുള്ളത്. മുന്നിൽ നിന്നു നയിച്ച മക്ഗർക്കിന് ട്രിസ്റ്റൻ സ്റ്റബ്സ് (25 പന്തിൽ 48) ഉറച്ച പിന്തുണ നൽകിയപ്പോൾ ഐപിഎല്ലിൽ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോറാണു മുംബൈ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ ഓപ്പണർ രോഹിത് ശർമയെ തുടക്കത്തിൽ തന്നെ ഡൽഹി പേസർ ഖലീൽ അഹമ്മദ് വീഴ്ത്തി. എട്ടു റൺസായിരുന്നു രോഹിതിന്‍റെ സമ്പാദ്യം. ഇഷാൻ കിഷനും (20), സൂര്യകുമാർ യാദവും (26) ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയെങ്കിലും 250നു മുകളിലുള്ള ലക്ഷ്യം പിന്തുടരാൻ ഈ പ്രകടനം മതിയാകുമായിരുന്നില്ല. മൂന്നു വിക്കറ്റുകൾ ഇടയ്ക്കു വീണതോടെ ആക്രമണത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത ക്യാപ്റ്റൻ പാണ്ഡ്യ ഡൽഹിയുടെ സ്റ്റാർ സ്പിന്നർ കുൽദീപ് യാദവിനെ ഒമ്പതാം ഓവറിൽ 19 റൺസിന് ശിക്ഷിച്ചു. തിലക് വർമയ്ക്കൊപ്പം 71 റൺസിന്‍റെ കൂട്ടുകെട്ടും ഉയർത്തി അദ്ദേഹം. എന്നാൽ, ഇംപാക്റ്റ് പ്ലെയർ സലാം, പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് തകർക്കുക മാത്രമല്ല അതേ ഓവറിൽ തന്നെ നെഹാൽ വധേരയെ മടക്കിയയച്ച് മുംബൈയെ കൂടുതൽ സമ്മർദത്തിലാക്കി. പിന്നീട് ടിം ഡേവിഡിനെ കൂട്ടുപിടിച്ച് തിലക് വർമ പൊരുതി. എന്നാൽ, അവസാന ഓവറിൽ ഡേവിഡ് വീണതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു.

നേരത്തേ, മക്ഗർക്കിന്‍റെ നേതൃത്വത്തിൽ ആതിഥേയർ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ബൗണ്ടറികളുടെ മഴ പെയ്യിക്കുകയായിരുന്നു. പവർപ്ലേയിൽ 92 റൺസാണ് ഡൽഹി നേടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com