
ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ അഭിഷേക് പോറലിന്‍റെ അഴിഞ്ഞാട്ടം; ഐപിഎല്ലിൽ ഡൽഹി ആറാം ജയം
ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ ഡൽഹി ക‍്യാപ്പിറ്റൽസിന് 8 വിക്കറ്റ് ജയം. ലഖ്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ‍്യം ഡൽഹി ക‍്യാപ്പിറ്റൽസ് 17.5 ഓവറിൽ മറികടന്നു. അഭിഷേക് പോറൽ (51), കെ.എൽ. രാഹുൽ എന്നിവരുടെ മികച്ച പ്രകടനമാണ് ഡൽഹിക്കു കരുത്തേകിയത്.
42 പന്തിൽ നിന്നും 57 റൺസ് നേടി പുറത്താവാതെ നിന്ന കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 3 ബൗണ്ടറിയും 2 സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ലഖ്നൗവിനു വേണ്ടി ഐഡൻ മാർക്രത്തിനു മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്. ലഖ്നൗവിന്‍റെ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് പോറലും മലയാളി താരമായ കരുൺ നായരും നൽകിയത്.
തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത അഭിഷേക് പോറലിന് കരുൺ നായർ പിന്തുണ നൽകിയതോടെ ടീം സ്കോർ മുന്നോട്ടു പോയെങ്കിലും 15 റൺസെടുത്ത് നിൽക്കെ കരുണിനെ മാർക്രം മടക്കി.
പിന്നാലെ ക്രീസിലെത്തിയ കെ.എൽ. രാഹുലിനൊപ്പം ചേർന്ന് അഭിഷേക് പോറൽ 50 കൂട്ടുകെട്ട് നേടി. ഇതോടെ ടീം സ്കോർ 100 റൺസ് കടന്നു. 105 റൺസിൽ നിൽക്കെ അഭിഷേക് പോറൽ പുറത്തായെങ്കിലും രാഹുലിനൊപ്പം ചേർന്ന് അക്ഷർ പട്ടേൽ നാലാം വിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 20 പന്തുകൾ നേരിട്ട അക്ഷർ 1 സിക്സറടക്കം 34 റൺസ് നേടി പുറത്താവാതെ നിന്നു. ഇതോടെ ഡൽഹി ലഖ്നൗ ഉയർത്തിയ വിജയലക്ഷ‍്യം 17.5 ഓവറിൽ മറികടന്നു.
അതേസമയം ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ സാധിച്ചുള്ളൂ 33 പന്തിൽ നിന്നും 52 റൺസ് നേടിയ ഐഡൻ മാർക്രമാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ. 2 ബൗണ്ടറിയും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. മാർക്രത്തിനു പുറമെ മിച്ചൽ മാർഷിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത് (45). നിക്കൊളാസ് പുരാൻ (9), അബ്ദുൾ സമദ് (2), ഡേവിഡ് മില്ലർ (14), ഋഷഭ് പന്ത് (0) എന്നിവർ നിരാശപ്പെടുത്തി.
ഡൽഹിക്കു വേണ്ടി മുകേഷ് കുമാർ നാലും മിച്ചൽ സ്റ്റാർക്ക് ദുഷ്മന്ത ചമീര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ മിച്ചൽ മാർഷും ഐഡൻ മാർക്രവും നൽകിയത്.
ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മുന്നോട്ട് നയിച്ചു. പിന്നാലെ ടീം സ്കോർ 82 റൺസിൽ നിൽക്കെ മാർക്രത്തിനെ ചമീര പുറത്താക്കിയത് ടീമിന് തിരിച്ചടിയായി.
പിന്നാലെ ക്രീസിലെത്തിയ നിക്കൊളാസ് പുരാനെയും മിച്ചൽ സ്റ്റാർക്ക് മടക്കിയേതോടെ ടീം പ്രതിരോധത്തിലായി. മിച്ചൽ മാർഷ് ഒരുവശത്ത് നിന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയി ടീം സ്കോർ 100 കടത്തിയെങ്കിലും നിക്കൊളാസ് പുരാൻ പുറത്തായതിനു പിന്നാലെയെത്തിയ അബ്ദുൽ സമദിനെ മുകേഷ് കുമാർ പുറത്താക്കി.
ഇതോടെ ടീം സ്കോർ 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലായി. പിന്നാലെ 45 റൺസിൽ നിൽക്കെ മാർഷും പുറത്തായതോടെ ടീമിന്‍റെ പ്രതീക്ഷകൾ മങ്ങി. അഞ്ചാം വിക്കറ്റിൽ ആയുഷ് ബധോനി (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും ടീം സ്കോർ ഉയർത്താനായില്ല.