IPL: രാജസ്ഥാനും ഹൈദരാബാദിനും ജീവന്മരണ പോരാട്ടം

ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദും എലിമിനേറ്ററിൽ വിജയിച്ച രാജസ്ഥാൻ റോയൽസും രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും
IPL: രാജസ്ഥാനും ഹൈദരാബാദിനും ജീവന്മരണ പോരാട്ടം
സഞ്ജു സാംസൺ, പാറ്റ് കമ്മിൻസ്MV

ചെന്നൈ: ഐപിഎൽ പ്ലേഓഫിലെ രണ്ടാമത്തെ ക്വാളിഫയർ മത്സരത്തിൽ വെള്ളിയാഴ്ച രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് ഏഴര മുതൽ ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ക്വാളിഫയർ ജയിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെ ഫൈനലിൽ ഇടം ഉറപ്പിച്ചിരുന്നു.

ഉയർന്ന ടീം ടോട്ടലുകളുടെ റെക്കോഡ് ഈ സീസണിൽ മൂന്നു വട്ടം മാറ്റിയെഴുതിയ ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും സിക്സറുകളുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുമ്പോൾ, ഈ വർഷം ലോകത്തെ തന്നെ ഏറ്റവും മികച്ച ടി20 ബാറ്റർ എന്നു വിശേഷിപ്പിക്കാവുന്ന ഹെൻറിച്ച് ക്ലാസൻ മധ്യനിരയ്ക്കു കരുത്തു പകരുന്നു. ഷഹബാസ് അഹമ്മദ്, അബ്ദുൾ സമദ്, ഈ സീസണിന്‍റെ കണ്ടെത്തലായ നിതീഷ് കുമാർ റെഡ്ഡി എന്നീ ബിഗ് ഹിറ്റർമാരും ഹൈദരാബാദ് ബാറ്റിങ് നിരയ്ക്കു കരുത്തു പകരുന്നു.

ബാറ്റിങ്ങിൽ ഹൈദരാബാദിനോളം വിസ്ഫോടന ശേഷി അവകാശപ്പെടനില്ലെങ്കിലും, ബൗളിങ് നിരയുടെ കാര്യത്തിൽ ഒരുപടി മുന്നിലാണ് രാജസ്ഥാൻ റോയൽസ്. പവർപ്ലേയിൽ ട്രെന്‍റ് ബൗൾട്ടിന്‍റെ ഇടങ്കയ്യൻ സ്വിങ് പവർ ഹിറ്റർമാർക്കു വെല്ലുവിളിയായിട്ടുണ്ട്. ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ആവേശ് ഖാനും സന്ദീപ് ശർമയുമുണ്ട്. തുടക്കത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് ആർ. അശ്വിനും ഫോമിലേക്കുയർന്നു. യുസ്വേന്ദ്ര ചഹൽ കൂടി ഫോമിലെത്തിയാൽ രാജസ്ഥാൻ ബൗളിങ് നിരയ്‌ക്കെതിരേ സ്കോറിങ് ഒട്ടും എളുപ്പമായിരിക്കില്ല.

അതേസമയം, സൺറൈസേഴ്സിന്‍റെ കാര്യത്തിൽ ഭുവനേശ്വർ കുമാർ, ടി. നടരാജൻ, പാറ്റ് കമ്മിൻസ് എന്നിങ്ങനെ നിലവാരമുള്ള ബൗളർമാരുണ്ടെങ്കിലും ആരും സ്ഥിരത പുലർത്തുന്നില്ല. ബാറ്റിങ് നിര ഉയർത്തുന്ന പടുകൂറ്റൻ സ്കോറുകളുടെ ബലത്തിലായിരുന്നു പ്രധാനമായും ടീമിന്‍റെ മുന്നേറ്റം. ഇങ്ങനെയൊരു സാഹചര്യത്തിൽ സൺറൈസേഴ്സിന്‍റെ ബാറ്റർമാരും രാജസ്ഥാന്‍റെ ബൗളർമാരും തമ്മിലുള്ള മത്സരമായിരിക്കും രണ്ടാം ക്വാളിഫയർ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജോസ് ബട്‌ലർ മടങ്ങിപ്പോയ ഒഴിവിൽ മറ്റൊരു മികച്ച ഓപ്പണറെ കണ്ടെത്താൻ രാജസ്ഥാന് ഇനിയും സാധിച്ചിട്ടില്ല. യശസ്വി ജയ്സ്വാൾ തന്‍റെ മികച്ച ഫോമിന്‍റെ അടുത്തു പോലും ഇനിയും എത്തിയിട്ടില്ല. ക്യാപ്റ്റൻ സഞ്ജു സാംസണെയും റിയാൻ പരാഗിനെയും ആശ്രയിച്ചാണ് മധ്യനിരയുടെ പ്രകടനം. മികച്ച അടിത്തറ കിട്ടിയാൽ ആഞ്ഞടിക്കാൻ ശേഷിയുള്ള ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ എന്നിവരും ടീമിലുണ്ട്.

ചെന്നൈയിലെ വേഗം കുറഞ്ഞ വിക്കറ്റാണ് രാജസ്ഥാന് പ്രതീക്ഷ നൽകുന്ന ഒരു ഘടകം. ഇവിടെ സ്പിന്നർമാർ മികവ് പുലർത്താൻ സാധ്യത കൂടുതലായതിനാൽ ബൗൾട്ടുമായി ന്യൂബോൾ പങ്കുവയ്ക്കാൻ അശ്വിനെ നിയോഗിച്ചാലും അദ്ഭുതപ്പെടാനില്ല. അന്താരാഷ്ട്ര പരിചയമുള്ള സ്പിന്നർമാരുടെ അഭാവം സൺറൈസേഴ്സ് നിരയിൽ പ്രകടവുമാണ്.

ചെന്നൈയിൽ ടോസ് നേടുന്ന ക്യാപ്റ്റൻ ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. സീസണിൽ ഇവിടെ നടത്തിയ ഏഴു മത്സരങ്ങളിൽ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com