
ജയ്സ്വാളിന്‍റെ മിന്നൽ പ്രകടനം പാഴായി; ആർസിബിക്ക് ആറാം ജയം
ബംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 11 റൺസ് ജയം. നിശ്ചിത 20 ഓവറിൽ ആർസിബി ഉയർത്തിയ 206 റൺസ് വിജയലക്ഷ‍്യം രാജസ്ഥാന് മറികടക്കാനായില്ല. ആർസിബി ഉയർത്തിയ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ രാജസ്ഥാന്‍റെ ഇന്നിങ്സ് 194 റൺസിൽ അവസാനിച്ചു. ആർസിബിക്ക് വേണ്ടി ജോഷ് ഹേസിൽവുഡ് നാലും ക്രുണാൽ പാണ്ഡ‍്യ രണ്ടും ഭുവനേശ്വർ കുമാർ, യഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മികച്ച തുടക്കമായിരുന്നു രാജസ്ഥാന് ലഭിച്ചത്. ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന്‍റെ മിന്നൽ പ്രകടനമാണ് രാജസ്ഥാന് മികച്ച തുടക്കം ലഭിക്കാൻ സഹായിച്ചത്. 19 പന്തിൽ നിന്നും 7 ബൗണ്ടറിയും 3 സിക്സറുമടക്കം താരം 49 റൺസടിച്ചു.
ടീം സ്കോർ 52ൽ നിൽക്കെ വൈഭവ് സൂര‍്യവംശി (16) പുറത്തായെങ്കിലും ജയ്സ്വാൾ നിതീഷ് റാണക്കൊപ്പം (28) ചേർന്ന് മത്സരം മുന്നോട്ട് കൊണ്ടുപോയി. എന്നാൽ ജയ്സ്വാളിന്‍റെ ഇന്നിങ്സ് അധികം നീണ്ടില്ല. ടീം സ്കോർ 72ൽ നിൽക്കെ ഹേസിൽവുഡ് ജയ്സ്വാളിനെ പുറത്താക്കി. പിന്നീട് നിതീഷും നായകൻ റിയാൻ പരാഗും (22) പ്രതീക്ഷ നിലനിർത്തിയെങ്കിലും ഒന്നാം വിക്കറ്റിൽ ജയ്സ്വാൾ- വൈഭവ് സഖ‍്യം പടുത്തുയർത്തിയ പോലെയൊരു കൂട്ടുകെട്ട് ഇരുവർക്കും കണ്ടെത്താനായില്ല. ഇരുവരെയും ക്രുണാൽ പാണ്ഡ‍്യ പുറത്താക്കി.
പിന്നാലെയെത്തിയ ധ്രുവ് ജുറൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും മറുവശത്ത് പിന്തുണയ്ക്കാൻ ആരും ഇല്ലാത്തത് രാജസ്ഥാന് തിരിച്ചടിയായി. ഇതിനിടെ വമ്പൻ ഹിറ്റർ ഷിമ്രോൺ ഹെയ്റ്റ്മെയറിനെയും ഹേസൽവുഡ് പുറത്താക്കി. ഇതോടെ ടീം പ്രതിരോധത്തിലായി. ഏഴാമനായി ക്രീസിലെത്തിയ ശുഭം ദുബൈ ധ്രുവ് ജുറലിനൊപ്പം പിന്തുണച്ച് മിന്നും പ്രകടനം പുറത്തെടുത്തു. 17-ാം ഓവർ എറിയാനെത്തിയ ഭുവനേശ്വർ കുമാറിനെ ധ്രുവ് ജുറലും ശുഭം ദുബൈയും ചേർന്ന് 22 റൺസടിച്ചു.
പിന്നീട് രണ്ട് ഓവറിൽ നിന്നും 18 റൺസ് മാത്രം വേണ്ടിയിരുന്നുള്ളൂ ആർസിബിക്ക് വിജയത്തിന്. എന്നാൽ ഹേസിൽവുഡ് തുടരെ തുടരെ വിക്കറ്റുകൾ വീഴ്ത്തി മത്സരം ആർസിബിക്ക് അനുകൂലമാക്കി. ധ്രുവ് ജുറലിന്‍റെയും ജോഫ്രാ ആർച്ചറിന്‍റെയും വിക്കറ്റുകളാണ് ഹേസിൽവുഡ് വീഴ്ത്തിയത്. അവസാന ഓവറിൽ വേണ്ടിയിരുന്ന 17 റൺസ് രാജസ്ഥാന് മറികടക്കാനായില്ല.
മത്സരത്തിൽ ആദ‍്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രാജസ്ഥാൻ റോയൽസിനെതിരേ 205 റൺസടിച്ചു. ആർസിബിക്കു വേണ്ടി 42 പന്തിൽ 72 റൺസ് നേടിയ വിരാട് കോലിയുടെ മികച്ച പ്രകടനമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 8 ബൗണ്ടറിയും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു കോലിയുടെ വെടിക്കെട്ട് ഇന്നിങ്സ്. കോലിക്കു പുറമെ മലയാളി താരം ദേവദത്ത് പടിക്കൽ അർധസെഞ്ചുറി നേടി. 26 പന്തിൽ നിന്നുമാണ് പടിക്കൽ അർധസെഞ്ചുറി തികച്ചത്.
4 ബൗണ്ടറിയും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. രാജസ്ഥാനു വേണ്ടി ജോഫ്രാ ആർച്ചർ, വാന്നിഡു ഹസരങ്ക, സന്ദീപ് ശർമ എന്നിവർക്ക് മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്. സന്ദീപ് ശർമ രണ്ടും, ജോഫ്രാ ആർച്ചർ, വാന്നിഡു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. മറ്റ് ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്താൻ സാധിക്കാത്തത് മൂലം ആർസിബി റൺ നില ഉയർത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവർപ്ലേ പൂർത്തിയാവുമ്പോൾ ടീം വിക്കറ്റ് നഷ്ടമില്ലാതെ 59റൺസ് നേടിയിരുന്നു. പിന്നീട് ടീം സ്കോർ 61ൽ നിൽക്കെ ഫിൽ സോൾട്ട് (23) പുറത്തായെങ്കിലും കോലി വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ ടീം സ്കോർ ഉയർന്നു. രണ്ടാം വിക്കറ്റിൽ ദേവദത്ത് പടിക്കലുമൊത്ത് കോലി 50 റൺസ് കുട്ടുകെട്ട് നേടി. ഇതോടെ ടീം സ്കോർ 150 കടന്നു.
ഇതിനിടെ കോലിയെ പേസർ ജോഫ്രാ ആർച്ചറും ദേവദത്ത് പടിക്കലിനെ സന്ദീപ് ശർമയും മടക്കി. പിന്നാലെ ക്രീസിലെത്തിയ നായകൻ രജത് പാട്ടിദാറിന് (1) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടർന്ന് ടിം ഡേവിഡും ജിതേഷ് ശർമയും ചേർന്ന് 42 റൺസ് കൂടെ ചേർത്തതോടെ ടീം സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 എന്ന സ്കോറിലെത്തി.