IPL
IPL

3... 2... 1... ഐപിഎല്ലിന് വിസിൽ പോട്...

ഐപിഎല്‍ പതിനേഴാം സീസണിനാണ് വെള്ളിയാഴ്ച വൈകിട്ട് തുടക്കം കുറിക്കുന്നത്. സീസണിന്‍റെ പ്രത്യേകതകൾ.

ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശക്കാഴ്ചകള്‍ സമ്മാനിക്കാന്‍ ഒരു സീസണ്‍ കൂടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വെള്ളിയാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ പോടും. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. എ.ആര്‍. റഹ്മാന്‍, അക്ഷയ് കമാര്‍, ടൈഗര്‍ ഷ്റോഫ്, സോനു നിഗം തുടങ്ങിയ പ്രമുഖർ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിൽ പങ്കെടുക്കും.

ഫോർമാറ്റ്

ആകെ 10 ടീമുകള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതായത്, ഓരോ ടീമും മറ്റ് ഒമ്പത് ടീമുകളുമായും രണ്ട് തവണ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടും. അവസാനം ഐപിഎല്‍ പോയിന്‍റ് ടേബിളിലെ ആദ്യ രണ്ട് ടീമുകൾ ക്വാളിഫയറിൽ പരസ്പരം മത്സരിച്ച് ജയിക്കുന്ന ടീം ഫൈനലിലെത്തും. മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ എലിമിനേറ്ററിൽ ഏറ്റുമുട്ടും. ക്വാളിഫയറിൽ തോറ്റവും എലിമിനേറ്ററിൽ ജയിച്ചവരും തമ്മിലുള്ള മത്സരത്തിൽ ജയിക്കുന്നരും ഫൈനലിലെത്തും.

പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, ഐപിഎല്‍ 2024 ന്‍റെ ആദ്യ ഘട്ട ഷെഡ്യൂളുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം യുഎഇയിലായിരിക്കും എന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഐപിഎല്‍ ടീമുകള്‍ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇത്തരത്തിലൊരു അഭ്യൂഹം ശക്തിപ്പെടാന്‍ കാരണം. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

ഏപ്രില്‍ 19നാണ് തെരഞ്ഞെടുപ്പ് തുടങ്ങുന്നത്. ഈ സമയം ഐപിഎല്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയേയുള്ളൂ. നിലവില്‍ ആദ്യഘട്ടത്തില്‍ ഏപ്രില്‍ 7 വരെ നടത്തുന്ന 21 കളികളുടെ മത്സര ക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.

ഐപിഎല്‍ ടീമുകള്‍

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

  • ക്യാപ്റ്റന്‍: ഫാഫ് ഡുപ്ലെസി

  • ചാമ്പ്യന്‍ഷിപ്പ്: 0

  • റണ്ണറപ്പ്: 2009, 2011, 2016

  • കോച്ച്: സഞ്ജയ് ബംഗാര്‍

ചെന്നൈ സൂപ്പർ കിങ്സ്

  • ക്യാപ്റ്റന്‍: എം.എസ്. ധോണി

  • ചാമ്പ്യന്‍ഷിപ്പ്: 2010, 2011, 2018, 2021, 2023

  • റണ്ണറപ്പ്: 2008, 2012, 2013, 2015, 2019

  • കോച്ച്: സ്റ്റീഫന്‍ ഫ്ളെമിങ്

ഡൽഹി ക്യാപ്പിറ്റിൽസ്

  • ക്യാപ്റ്റന്‍: ഋഷഭ് പന്ത്

  • ചാമ്പ്യന്‍ഷിപ്പ്: 0

  • റണ്ണറപ്പ്: 2020

  • കോച്ച്: റിക്കി പോണ്ടിങ്

ഗുജറാത്ത് ടൈറ്റൻസ്

  • ക്യാപ്റ്റന്‍: ശുഭ്മാന്‍ ഗില്‍

  • ചാമ്പ്യന്‍ഷിപ്പ്: 2022

  • റണ്ണറപ്പ്: 2024

  • കോച്ച്: ആശിഷ് നെഹ്‌റ

സൺറൈസേഴ്സ് ഹൈദരാബാദ്

  • ക്യാപ്റ്റന്‍: പാറ്റ് കമിന്‍സ്

  • ചാമ്പ്യന്‍ഷിപ്പ്: 2016

  • റണ്ണറപ്പ്: 2018

  • കോച്ച്: ബ്രയൻ ലാറ

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

  • ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍

  • ചാമ്പ്യന്‍ഷിപ്പ്: 2012, 2014

  • റണ്ണറപ്പ്: 2021

  • കോച്ച്: ചന്ദ്രകാന്ത് പണ്ഡിറ്റ്

ലഖ്നൗ സൂപ്പർ ജയന്‍റ്സ്

  • ക്യാപ്റ്റന്‍: കെ.എൽ. രാഹുല്‍

  • ചാമ്പ്യന്‍ഷിപ്പ്: 0

  • റണ്ണറപ്പ്: 0

  • കോച്ച്: ആന്‍ഡി ഫ്‌ളവര്‍

മുംബൈ ഇന്ത്യൻസ്

  • ക്യാപ്റ്റന്‍: ഹര്‍ദിക് പാണ്ഡ്യ

  • ചാമ്പ്യന്‍ഷിപ്പ്: 2013, 2015, 2017, 2019, 2020

  • റണ്ണറപ്പ്: 2010

  • കോച്ച്: മാര്‍ക്ക് ബൗച്ചര്‍

പഞ്ചാബ് കിങ്സ്

  • ക്യാപ്റ്റന്‍: ശിഖര്‍ ധവാന്‍

  • ചാമ്പ്യന്‍ഷിപ്പ്: 0

  • റണ്ണറപ്പ്: 2014

  • കോച്ച്: ട്രെവര്‍ ബെയ്‌ലിസ്

രാജസ്ഥാന്‍ റോയൽസ്

  • ക്യാപ്റ്റന്‍: സഞ്ജു സാംസണ്‍

  • ചാമ്പ്യന്‍ഷിപ്പ്: 2008

  • റണ്ണറപ്പ്: 2022

  • കോച്ച്: കുമാര്‍ സംഗക്കാര

നേതൃത്വ മാറ്റങ്ങൾ

ഇത്തവണത്തെ പ്രധാന മാറ്റം മുംബൈ ഇന്ത്യന്‍സിലും ചെന്നൈ സൂപ്പർ കിങ്സിലുമാണ്. മുംബൈ നായകന്‍ രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി. ഗുജറാത്തിലെ രണ്ട് സീസണുകളില്‍, രണ്ട് തവണയും ഫൈനലിലെത്തിക്കുകയും ആദ്യ സീസണില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്ത നായകനാണ് പാണ്ഡ്യ. പാണ്ഡ്യ അവശേഷിപ്പിച്ച ശൂന്യത നികത്താന്‍ ഗുജറാത്ത് ശുഭ്മാന്‍ ഗില്ലിനെ നായകനാക്കി. ഐപിഎൽ തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ചെന്നൈ നായകൻ എം.എസ്. ധോണിയുടെ രാജി വാർത്തയും പുറത്തുവന്നു. ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരിക്കും ഈ സീസണിൽ ചെന്നൈയെ നയിക്കുക.

കാര്‍ അപകടത്തില്‍പ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് തിരിച്ചുവരാന്‍ തയാറെടുക്കുകയാണ്. ഡൽഹി ക്യാപ്പിറ്റൽസിനെ നയിക്കുക ഋഷഭ് തന്നെയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

എല്ലാക്കാലത്തും മികച്ച ടീമുമായി വന്ന് നിരാശപ്പെടുത്തുന്ന സംഘമാണ് ആര്‍സിബി. ഇത്തവണ വനിതാ ടീമിന്‍റെ കിരീടനേട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ഫാഫ് ഡു പ്ലെസി നയിക്കുന്ന ടീമിനു സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിരാട് കോലിയും ഗ്ലെൻ മാക്സ്വെല്ലും അടക്കമുള്ള സൂപ്പർ താരങ്ങളുടെ സാന്നിധ്യം അവർക്ക് കരുത്ത് പകരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com