
ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി; സൺറൈസേഴ്സിന് 5 വിക്കറ്റ് ജയം
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് 5 വിക്കറ്റ് ജയം. നിശ്ചിത 20 ഓവറിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 155 റൺസ് വിജയലക്ഷ‍്യം സൺറൈസേഴ്സ് 18.4 ഓവറിൽ മറികടന്നു. 34 പന്തിൽ 44 റൺസ് നേടിയ ഇഷാൻ കിഷനാണ് ടീമിന്‍റെ ടോപ് സ്കോറർ. വിജയ ലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ സൺറൈസേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്.
പവപർപ്ലേ പൂർത്തിയാവുന്നതിനു മുമ്പേ ടീമിനു രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണിങ് ബാറ്റർമാരായ അഭിഷേക് ശർമ(0), ട്രാവിസ് ഹെഡ് (19) എന്നിവരുടെ വിക്കറ്റാണ് ടീമിനു നഷ്ടമായത്. ഇഷാൻ കിഷനു പുറമെ കാമിന്തു മെൻഡിസിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മറ്റു താരങ്ങൾ നിരാശപ്പെടുത്തി.
തുടക്കത്തിലെ രണ്ടു വിക്കറ്റ് നഷ്ടമായിരുന്നുവെങ്കിലും ഇഷാൻ കിഷാൻ ഒരു വശത്ത് നിന്ന് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ടീമിന്‍റെ റൺനില ഉയർത്തി. എന്നാൽ മറുവശത്ത് ഇഷാന് പിന്തുണ നൽകാൻ സൺറൈസേഴ്സിന്‍റെ ബാറ്റർമാർക്ക് കഴിഞ്ഞില്ല. വമ്പൻ അടിക്കാരനായ ഹെൻറിക്ക് ക്ലാസന് 7 റൺസ് മാത്രമാണ് നേടാനായത്. ക്ലാസനെ ജഡേജയായിരുന്നു പുറത്താക്കിയത്.
തുടർന്ന് ടീം സ്കോർ 90 റൺസിൽ നിൽക്കെ ഇഷാനും പുറത്തായി. പിന്നാലെയെത്തിയ അനികേത് വർമയും (19) ഉടനെ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് ആറാം വിക്കറ്റിൽ കാമിന്തു മെൻഡിസും നിതീഷ് കുമാർ റെഡ്ഡിയും പുറത്തെടുത്ത മികച്ച പ്രകടനമാണ് ടീമിനെ വിജയലക്ഷ‍്യം മറികടക്കാൻ സഹായിച്ചത്. കാമിന്ദു മെൻഡിസ് 32 റൺസും നിതീഷ് 19 റൺസുമെടുത്ത് പുറത്താവാതെ നിന്നു.
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 154 റൺസ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ സൺറൈസേഴ്സിനു വേണ്ടി പേസർ മുഹമ്മദ് ഷമി ഓപ്പണിങ് ബാറ്റർ ഷെയ്ക്ക് റഷീദിനെ പുറത്താക്കി. തുടർന്ന് ആയുഷ് മാത്രെ മിന്നൽ പ്രകടനം കാഴ്ചവച്ചുവെങ്കിലും ആയുഷിന്‍റെ ഇന്നിങ്സിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 30 റൺസിൽ നിൽക്കെ ആയുഷിനെ സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് പുറത്താക്കി. 6ബൗണ്ടറിയടക്കം 19 പന്തിൽ 30 റൺസ് അടങ്ങുന്നതായിരുന്നു ആയുഷിന്‍റെ മിന്നൽ പ്രകടനം.
പവർ പ്ലേ പൂർത്തിയായപ്പോൾ തന്നെ ചെന്നൈയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ഷെയ്ക്ക് റഷീദ്, ആയുഷ് മാത്രെ, സാം കറൻ തുടങ്ങിയവരുടെ വിക്കറ്റാണ് ടീമനു നഷ്ടമായത്. സൺറൈസേഴ്സിനു വേണ്ടി ഹർഷൽ പട്ടേൽ മൂന്നും പാറ്റ് കമ്മിൻസ് രണ്ടും മുഹമ്മദ് ഷമി, ജയ്ദേവ് ഉനദ്ക്കട്ട്,കാമിന്തു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ആയുഷ് മാത്രെയ്ക്കു പുറമെ ഡിവാൾഡ് ബ്രവിസിനു മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാനായത്.
മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തി. 25 പന്തുകൾ നേരിട്ട ഡിവാൾഡ് 4 സിക്സറുകളും 1 ബൗണ്ടറിയും അടക്കം 42 റൺസാണ് അടിച്ചു കൂട്ടിയത്. സാം കറൻ പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അൽപ്പ നേരം ക്രീസിൽ പിടിച്ചു നിന്നെങ്കിലും 21 റൺസെടുത്ത് മടങ്ങി. പിന്നാലെയെത്തിയ ശിവം ദുബൈ (12), ദീപക്ക് ഹൂഡ (20) എന്നിവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടർന്ന് എട്ടാമനായി ക്രീസിലെത്തിയ നായകൻ ധോണി പത്ത് പന്തുകൾ നേരിട്ടുവെങ്കിലും 6 റൺസ് മാത്രമെ താരത്തിന് നേടാനായുള്ളൂ. ഹർഷൽ പട്ടേലാണ് ധോണിയെ പുറത്താക്കിയത്. പിന്നാലെ ബാറ്റ് ചെയ്യാനെത്തിയ താരങ്ങൾക്ക് മികച്ച പ്രകടം കാഴ്ചവയ്ക്കാനാവാതെ വന്നതോടെ 155 റൺസിൽ ഓൾ ഔട്ടായി.