ഹിറ്റ്മാന്‍റെ കുതിപ്പ്, സൂര‍്യയുടെ ഫിനിഷിങ്; മുംബൈ ഇന്ത‍്യൻസിന് തുടരെ നാലാം ജയം

മുംബൈയ്ക്ക് വേണ്ടി തുടരെ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ രോഹിത്ത് ശർമയാണ് ടീമിന്‍റെ ടോപ് സ്കോറർ
ipl sunrisers hyderabad vs mumbai indians match updates

രോഹിത് ശർമ

Updated on

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത‍്യൻസിന് 7 വിക്കറ്റ് ജയം. സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഉയർത്തിയ 144 റൺസ് വിജയലക്ഷ‍്യം മുംബൈ ഇന്ത‍്യൻസ് 15.4 ഓവറിൽ മറികടന്നു.

മുംബൈയ്ക്ക് വേണ്ടി തുടരെ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ രോഹിത്ത് ശർമയാണ് ടീമിന്‍റെ ടോപ് സ്കോറർ. 46 പന്തിൽ 8 ബൗണ്ടറിയും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

രോഹിത്തിനു പുറമെ സൂര‍്യകുമാർ യാദവും (19 പന്തിൽ 40 നോട്ടൗട്ട്) മികച്ച പ്രകടനം കാഴ്ചവച്ചു. സീസണിന്‍റെ തുടക്കത്തിൽ പതർച്ചയിലായിരുന്ന മുംബൈ ഇപ്പോൾ തുടരെ നാലാം വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ പോയിന്‍റ് പട്ടികയിൽ അവർ മൂന്നാം സ്ഥാനത്തേക്കുയർന്നു.

സൺറൈസേഴ്സിനു വേണ്ടി നായകൻ പാറ്റ് കമ്മിൻസ്, ഇഷാൻ മലിംഗ, സീഷൻ അൻസാരി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. സൺറൈസേഴ്സിന്‍റെ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ മുംബൈ ഇന്ത‍്യൻസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പവർപ്ലേ പൂർത്തിയാവുന്നതിനു മുമ്പേ റ‍്യാൻ റിക്കിൾടണിനെ (11) ടീമിനു നഷ്ടമായെങ്കിലും രോഹിത് ശർമ ഒരു വശത്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവച്ചതോടെ ടീം സ്കോർ ഉയർന്നു.

‌രോഹിത്ത് ശർമയെ പിന്തുണച്ച് രണ്ടാം വിക്കറ്റിൽ വിൽ ജാക്ക്സും (22) വന്നതോടെ ഇരുവരും 50 റൺസ് കൂട്ടുകെട്ടു നേടി. പിന്നാലെ ടീം സ്കോർ 77ൽ നിൽക്കെ വിൽ ജാക്ക്സിനെ സീഷൻ അൻസാരി മടക്കിയെങ്കിലും പിന്നാലെയെത്തിയ സൂര‍്യകുമാർ യാദവ് രോഹിത്തിനൊപ്പം ചേർന്ന് തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ മുംബൈ വിജയ ലക്ഷ‍്യത്തിലേക്ക് അടുത്തു. ഇതിനിടെ രോഹിത് ശർമ പുറത്തായെങ്കിലും സൂര‍്യകുമാറും തിലക് വർമയും ചേർന്ന് വിജയലക്ഷ‍്യം മറികടന്നു.

മത്സരത്തിൽ ആദ‍്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 143 റൺസ് നേടി. സൺറൈസേഴ്സിനു വേണ്ടി അർധസെഞ്ചുറി നേടിയ ബിഗ് ഹിറ്റർ ഹെൻറിച്ച് ക്ലാസനാണ് ടീമിന്‍റെ ടോപ് സ്കോറർ.

44 പന്തിൽ 9 ബൗണ്ടറിയും 2 സിക്സറുമടക്കം 71 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ക്ലാസനു പുറമെ അഭിനവ് മനോഹറിനു (43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മറ്റു താരങ്ങൾ എല്ലാവരും നിരാശപ്പെടുത്തി.

മുംബൈയ്ക്ക് വേണ്ടി ട്രെന്‍റ് ബൗൾട്ട് നാലും, ദീപക് ചാഹർ രണ്ടും, ഹർദിക്ക് പാണ്ഡ‍്യ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിന്‍റെ തുടക്കത്തിലെ ദയനീയമായ തുടക്കമായിരുന്നു സൺറൈസേഴ്സിനു ലഭിച്ചത്. പവർപ്ലേ പൂർത്തിയാവുന്നതിനു മുമ്പേ തന്നെ 4 വിക്കറ്റുകൾ നഷ്ടമായി. ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് (0), അഭിഷേക് ശർമ (8), ഇഷാൻ കിഷാൻ (1), നിതീഷ് കുമാർ റെഡ്ഡി (2) തുടങ്ങിയവരുടെ വിക്കറ്റാണ് ടീമിനു നഷ്ടമായത്.

അഞ്ചാമനായി ക്രീസിലെത്തിയ അനികേത് വർമയെ (12) ഹർദിക്ക് പാണ്ഡ‍്യ പുറത്താക്കിയതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് ആറാം വിക്കറ്റിൽ ക്ലാസനും അഭിനവ് മനോഹറും ചേർന്നാണ് തകർച്ചയിലായിരുന്ന ടീമിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ 143 റൺസെന്ന ഭേദപ്പെട്ട നിലയിലേക്ക് ടീം സ്കോർ ഉയർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com