
ഐപിഎൽ ടിക്കറ്റുകൾക്കു മേലുണ്ടായിരുന്ന 28% ജിഎസ്‌ടി 40 ശതമാനമായി വർധിപ്പിച്ചു.
Representative image
ന്യൂഡൽഹി: ജിഎസ്‌ടി നിരക്കുകളിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്കരണം ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കും. ഐപിഎൽ മത്സരങ്ങൾക്കുള്ള ടിക്ക് നിരക്ക് കൂടുമ്പോൾ, അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് കുറയുകയാണ് ചെയ്യുക.
ഐപിഎൽ ടിക്കറ്റുകൾക്കു മേലുണ്ടായിരുന്ന 28% ജിഎസ്‌ടി 40 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ആയിരം രൂപയുള്ള ടിക്കറ്റിന് ജിഎസ്‌ടി അടക്കം 1280 രൂപയുണ്ടായിരുന്നത് ഇനി 1400 രൂപയാകും. കസിനോ പോലുള്ള വാതുവയ്പ്പ് കേന്ദ്രങ്ങൾ, കുതിരപ്പന്തയം നടത്തുന്ന റേസ് ക്ലബ്ബുകൾ തുടങ്ങിയവയുടെ കൂടെ രാജ്യത്തെ ഏറ്റവും ഉയർന്ന ജിഎസ്‌ടി സ്ലാബിലാണ് ഐപിഎൽ മത്സരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മുൻപ് ഐപിഎൽ മത്സരങ്ങൾക്കു തുല്യം 28% ജിഎസ്‌ടി ചുമത്തിയിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് വില കുറയും. നികുതി കുറച്ചതാണ് കാരണം. ഐപിഎൽ പോലുള്ള കായിക പരിപാടികൾ, അംഗീകൃത കായിക പരിപാടികൾ എന്നിങ്ങനെ രണ്ടു രീതിയിലാണ് പ്രവേശന ടിക്കറ്റുകൾക്ക് ജിഎസ്‌ടി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ ഇനത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടുക.
500 രൂപയ്ക്കു മുകളിൽ വില വരുന്ന ടിക്കറ്റുകൾക്ക് 18 ശതമാനമാണ് ജിഎസ്‌ടി. 500 രൂപയ്ക്കു താഴെയാണെങ്കിൽ ജിഎസ്‌ടി ഇല്ല. നിലവിൽ, 1000 രൂപയുടെ ടിക്കറ്റ് ജിഎസ്‌ടി ഉൾപ്പെടെ 1280 രൂപയ്ക്കാണ് ലഭിക്കുന്നതെങ്കിൽ, പുതുക്കിയ നിരക്കിൽ ഇത് 1180 രൂപയായിരിക്കും.
സെപ്റ്റംബർ 22നാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. വനിതാ ക്രിക്കറ്റ് ലോകകപ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണിത്. ഇതാണ് ഇന്ത്യയിൽ അടുത്തതായി നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റ്. ഇതിനുള്ള ടിക്കറ്റ് വിൽപ്പന ഇനിയും ആരംഭിച്ചിട്ടില്ല. നിലവിൽ, മത്സരങ്ങൾ കാണാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണമെന്നും, ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പിന്നീട് ഇമെയിൽ മുഖേന അറിയിക്കുമെന്നുമാണ് ഐസിസി പറഞ്ഞിരിക്കുന്നത്.