
ഇർഫാൻ പഠാൻ
മുല്ലൻപുർ: ഐപിഎല്ലിൽ ചൊവ്വാഴ്ച മൊഹാലിയിൽ നടന്ന പഞ്ചാബ് കിങ്സ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ നിരവധി ക‍്യാച്ചുകൾ കൈവിട്ടതിനെ പരിഹസിച്ച് മുൻ ഇന്ത‍്യൻ താരം ഇർഫാൻ പഠാൻ.
മത്സരത്തിൽ എട്ട് ക‍്യാച്ചുകളാണ് ചെന്നൈ സൂപ്പർ കിങ്സ് നഷ്ടപ്പെടുത്തിയതെന്നും, വിരമിച്ച താരങ്ങൾ മാത്രം കളിക്കുന്ന ലെജൻഡ്സ് ലീഗിൽ പോലും ഇതുപോലെ ക‍്യാച്ചുകൾ കൈവിടില്ലെന്നും ഇർഫാൻ പഠാൻ പരിഹസിച്ചു.
എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ഇർഫാൻ പഠാൻ ഈ കാര‍്യം വ‍്യക്തമാക്കിയത്.
സെഞ്ചുറി നേടിയ പ്രിയാംശ് ആര‍്യയുടേതടക്കമുള്ള ക‍്യാച്ചുകളാണ് ചെന്നൈ ഫീൽഡർമാർ കൈവിട്ടത്. പ്രിയാംശ് 6 റൺസെടുത്ത് നിൽക്കെ ഖലീൽ അഹമ്മദും 35 ൽ നിൽക്കെ വിജയ് ശങ്കറുമാണ് ക‍്യാച്ച് കൈവിട്ടത്. പിന്നാലെ രവീന്ദ്ര ജഡേജയും മുകേഷ് ചൗധരിയും പ്രിയാംശിന്‍റെ ക‍്യാച്ച് നഷ്ടപ്പെടുത്തി.
ക‍്യാച്ച് നഷ്ടപ്പെടുത്തിയത് ഒടുവിൽ ചെന്നൈയ്ക്ക് തിരിച്ചടിയായി. 39 പന്തിൽ പ്രിയാംശ് ആര‍്യ നേടിയ സെഞ്ചുറി പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു.
നിശ്ചിത 20 ഓവറിൽ പഞ്ചാബ് ഉയർത്തിയ 220 റൺസ് വിജയലക്ഷ‍്യം ചെന്നൈ സൂപ്പർ കിങ്സിന് മറികടക്കാനായില്ല. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഇന്നിങ്ങസ് നിശ്ചിത 20 ഓവറിൽ 201 റൺസിലൊതുങ്ങി.
അതേസമയം തുടരെ തുടരെ ക‍്യാച്ചുകൾ കൈവിട്ടതാണ് തോൽവിക്ക് കാരണമെന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്‌വാദ് മത്സര ശേഷം പറഞ്ഞിരുന്നു.