

മുഹമ്മദ് ഷമി
ഇത്തവണത്തെ രഞ്ജി ട്രോഫിയിൽ 37 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയിൽ 15 വിക്കറ്റും ദുലീപ് ട്രോഫിയിൽ 7 വിക്കറ്റുകളും നേടി നിരന്തരമായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും പേസർ മുഹമ്മദ് ഷമിയെ ഇന്ത‍്യൻ ടീമിലേക്ക് പരിഗണിക്കാത്തതിൽ ക്രിക്കറ്റ് ആരാധകർക്ക് വലിയ അതൃപ്തിയുണ്ട്. ന‍്യൂസിലൻഡിനെതിരായ പരമ്പരയിൽ താരത്തെ ടീമിലെടുക്കുമോയെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
2025ലെ ചാംപ‍്യൻസ് ട്രോഫിക്കു ശേഷം ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് 36കാരനായ ഷമി. ഇന്ത‍്യൻ ടീമിൽ നിന്നും ഇടം നഷ്ടമായ ശേഷം കളിച്ച 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 20.91 ബൗളിങ് ശരാശരിയിൽ 45 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. ഷമിയുടെ ഫോമും മെച്ചപ്പെട്ട കായികക്ഷമതയും പരിചയസമ്പത്തും ഇന്ത‍്യൻ ടീമിലേക്ക് പരിഗണിക്കാവുന്ന നിർണായക ഘടങ്ങളാണെങ്കിലും ന‍്യൂസിലൻഡ് പിച്ചുകളിൽ അദ്ദേഹത്തിന്‍റെ റെക്കോഡുകൾ പറയുന്നത് മറ്റൊരു കണക്കാണ്.
ആകെ 4 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് താരം ന‍്യൂസിലൻഡിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്നും 35.6 ബൗളിങ് ശരാശരിയിൽ 15 വിക്കറ്റ് മാത്രമാണ് താരം നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ ന‍്യൂസിലൻഡിലെ ബൗളിങ് ഷമിക്ക് അത്ര മികച്ചതല്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
35.6 എന്ന ബൗളിങ് ശരാശരി ഷമി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള രാജ‍്യങ്ങളിൽ തന്നെ രണ്ടാമത്തെ മോശം പ്രകടനമാണ്. ഇംഗ്ലണ്ടിലാണ് ഷമിക്ക് ഏറ്റവും മോശം ബൗളിങ് ശരാശരിയുള്ളത്. (40.50) എന്നാൽ പേസർമാർക്ക് അനുകൂലമായ ദക്ഷിണാഫ്രിക്കൻ സാഹചര‍്യങ്ങളിലും വെസ്റ്റ് ഇൻഡീസ് പിച്ചുകളിലും ഷമിക്ക് മികച്ച ബൗളിങ് ശരാശരിയാണുള്ളത്.
ദക്ഷിണാഫ്രിക്കയിൽ 8 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22.23 ശരാശരിയിൽ 35 വിക്കറ്റുകളും വെസ്റ്റ് ഇൻഡീസിൽ 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 22.20 ബൗളിങ് ശരാശരിയിൽ 20 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ സാഹചര‍്യങ്ങൾക്ക് വ‍്യത‍്യസ്തമാണ് ന‍്യൂസിലൻഡിലെയും ഇംഗ്ലണ്ടിലെയും പിച്ചുകൾ. അവിടെ ബൗളർമാർ കൂടുതൽ സ്വിങ് കണ്ടെത്തേണ്ടതുണ്ട്.
എന്നാൽ നിലവിലെ ഇന്ത‍്യൻ ടീം മാനേജ്മെന്‍റ് യുവാതാരങ്ങളായ ഗുർനൂർ ബ്രാറിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ടെസ്റ്റിൽ കൂടുതൽ പരിഗണന നൽകുമ്പോൾ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത‍്യയ്ക്ക് വിജയം അനിവാര‍്യമായ സാഹചര‍്യത്തിൽ ന‍്യൂസിലൻഡിൽ മോശം റെക്കോഡുള്ള ഷമിയെ തിരിച്ചുകൊണ്ടുവരാൻ യാതൊരു സാധ‍്യതയുമില്ല. അടുത്തിടെ ഓസ്ട്രേലിയ എ ടീമിനെതിരായ ചതുർദിന മത്സരത്തിനുള്ള ഇന്ത‍്യൻ ടീമിലേക്കും ഷമിയെ പരിഗണിച്ചിരുന്നില്ല. ന‍്യൂസിലൻഡിനെതിരേ 5 ടി20യും 5 ഏകദിനവും 2 ടെസ്റ്റ് മത്സരങ്ങളും ഇന്ത‍്യ കളിക്കും. ഒക്റ്റോബർ 22നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.