ഇഷാനെതിരേ വടിയെടുത്തതില്‍ തെറ്റില്ല; യുവതാരങ്ങള്‍ക്ക് ഐപിഎല്ലും ടി-20യും മതി

ടീമിനൊപ്പമുള്ള നിരന്തരമായ യാത്രകളും വല്ലപ്പോഴും മാത്രം കിട്ടുന്ന അവസരവും മൂലം മാനസികസമ്മര്‍ദം അനുഭവിക്കുന്നുവെന്നാണ് ഇഷാന്‍ അറിയിച്ചത്.
ഇഷാനെതിരേ വടിയെടുത്തതില്‍ തെറ്റില്ല; യുവതാരങ്ങള്‍ക്ക് ഐപിഎല്ലും ടി-20യും മതി

ന്യൂഡല്‍ഹി: സംഭവം അല്‍പം ഗൗരവമുള്ളത് തന്നെയാണ്. അല്‍പ്പമല്ല, വളരെ ഗൗരവതരം. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പരുക്ക് അഭിനയിച്ച് ആഭ്യന്തര ക്രിക്കറ്റില്‍നിന്നും വിട്ടുനിന്നതിനേക്കാള്‍ ഗൗരവമേറിയ മറ്റൊരു വിവരം കൂടി പുറത്ത് വന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ഇഷാന്‍ കിഷന് അവസരം ലഭിച്ചിട്ടും അത് ഇഷാന്‍ കിഷന്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ ഇഷാനെ ബിസിസിഐ അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇഷാന്‍ തത്ക്ഷണം ഇത് നിരസിക്കുകയായിരുന്നുവത്രേ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസിക സമ്മര്‍ദം കാരണമായി ചൂണ്ടിക്കാട്ടിയാണ് ഇഷാന്‍ കിഷന്‍ ടീമില്‍നിന്ന് വിശ്രമം ചോദിച്ചത്. ഉടനടി ബിസിസിഐ വിശ്രമം അനുവദിക്കുകയും ചെയ്തു.

ടീമിനൊപ്പമുള്ള നിരന്തരമായ യാത്രകളും വല്ലപ്പോഴും മാത്രം കിട്ടുന്ന അവസരവും മൂലം മാനസികസമ്മര്‍ദം അനുഭവിക്കുന്നുവെന്നാണ് ഇഷാന്‍ അറിയിച്ചത്. എന്നാല്‍, തുടര്‍ന്നു വരുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കളിച്ചാല്‍ പരുക്കേല്‍ക്കുമെന്നും അങ്ങനെവന്നാല്‍, കോടികള്‍ കൊയ്യാന്‍ സാധിക്കുന്ന ഐപിഎല്‍ തനിക്ക് നഷ്ടമാകുമെന്നുമുള്ള ആശങ്കയാണ് ഇഷാനെ ഇംഗ്ലണ്ട് പര്യടനത്തില്‍നിന്നും അകറ്റിയതെന്നാണ് വിവരം.

തുടര്‍ന്ന് ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ദേശം ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിര്‍ദേശം നല്‍കി. എന്നാല്‍ രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ ഇഷാന്‍ തയ്യാറായില്ല. രഞ്ജിയില്‍ കളിച്ച് ടീമില്‍ തിരിച്ചെത്താന്‍ ആവശ്യങ്ങളുയര്‍ന്നെങ്കിലും ഇഷാന്‍ ജാര്‍ഖണ്ഡ് ടീമിനൊപ്പം ചേര്‍ന്നില്ല. ഇതോടെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്ന് ഇഷാനെ ഒഴിവാക്കി. കൂടാതെ പരുക്ക് അഭിനയിച്ചു എന്ന കാരണത്താല്‍ ശ്രേയസ് അയ്യരെയും കരാറില്‍നിന്ന് തഴഞ്ഞു. ഇരുവരും സ്വപ്‌നത്തില്‍പപ്പോലും ആലോചിക്കാത്ത കാര്യമാണ് ഇതെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രഞ്ജിയില്‍ കളിക്കാതിരുന്നു എന്നത് മാത്രമല്ല, ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ഐ.പി.എലിനുവേണ്ടി പരിശീലനത്തില്‍ ഏര്‍പ്പെട്ടതും ബിസിസിഐയെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഹാര്‍ദിക് പാണ്ഡ്യയും റെഡ്‌ബോള്‍ ക്രിക്കറ്റിലല്‍നിന്നു മാറിനിന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ ബിസിസിഐക്ക് ഇരട്ടത്താപ്പാണെന്ന രീതിയില്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ബിസിസിഐ പോസിറ്റീവ്

അതിനിടെ, താരങ്ങള്‍ ഇങ്ങനെ പെരുമാറുന്നതിനിതിരേ അച്ചടക്ക നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും ഈ പ്രശ്‌നങ്ങള്‍ പോസിറ്റീവായി എടുക്കാനാണ് ബിസിസിഐയുടെ തീരുമാനം. അതിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്ത്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ക്കുമുള്ള മാച്ച് ഫീ കുത്തനെയുയര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്. നിലവില്‍ ഒരു സീസണില്‍ 10 രഞ്ജി ട്രോഫി മത്സരവും കളിക്കുന്ന ഒരു കളിക്കാരന് പരമാവധി 25 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഇത് ഒരു കോടിവരെ ഉയര്‍ത്തിയേക്കുമെന്നാണ് വിവരം.

ഐപിഎല്‍ ടീമിലെത്തുന്ന ഒരു കളിക്കാരന് അടിസ്ഥാന വിലയായിപോലും 20 ലക്ഷം ലഭിക്കുമെന്നിരിക്കെ പലതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ജനുവരി മുതലെ ഐപിഎല്ലിനായി ഒരുക്കം തുടങ്ങുന്നത് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകള്‍ തന്നെ ഇല്ലാതാവാന്‍ കാരണമാകുമെന്ന തിരിച്ചറിവിലാണ് ബിസിസിഐയുടെ പുതിയ നീക്കം. ഒരു രഞ്ജി സീസണ്‍ മുഴുവന്‍ കളിക്കുന്ന കളിക്കാരന് പരമാവധി ഒരു കോടി രൂപ ലഭിക്കുന്ന രീതിയില്‍ പ്രതിഫലം ഉയര്‍ത്താനാണ് ബിസിസിഐക്ക് ഇതേക്കുറിച്ച് പഠിച്ച സമിതി ശുപാര്‍ശ സമര്‍പപ്പിച്ചിരിക്കുന്നത്. .അതുപോലെ ഒരുവര്‍ഷം ഇന്ത്യക്കായി എല്ലാ ടെസ്റ്റിലും കളിക്കുന്ന താരങ്ങള്‍ക്ക് 15 കോടി രൂപയെങ്കിലും പ്രതിഫലം ലഭിക്കുന്ന രീതിയില്‍ പ്രതിഫലഘടന പരിഷ്‌കരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഓരോ ടെസ്റ്റിലും ഓരോ പ്രതിഫലം എന്ന രീതിയില്‍ ഘടന പരിഷ്‌കരിക്കും.

ഐപിഎല്ലില്‍ കിട്ടുന്നതിനേക്കാള്‍ തുക ഇതിലൂടെ താരങ്ങള്‍ക്കു ലഭിക്കത്തക്ക രീതിയിലാവും ഇത് വിഭാവനം ചെയ്യുന്നത്. ഒരു ടെസ്റ്റ് കളിച്ചാല്‍ 2 കോടി രൂപ വരെ ലഭിക്കത്തക്ക രീതിയില്‍ പ്രതിഫലം ഘടന പരിഷ്‌കരിക്കും.

രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള നിര്‍ദേശം അനുസരിക്കാത്തതിനെത്തുടര്‍ന്ന് യുവതാരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നത്. പുതിയ നീക്കം നടത്തുമ്പോഴും താരങ്ങള്‍ക്കെതിരേ ഗൗരവതരമായ അച്ചടക്ക നടപടിക്കും ബിസിസിഐ മുതിരും. ഇതില്‍ ഇഷാന്‍ കിഷനാകും ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുന്നത്.

അയ്യര്‍ നല്ല കുട്ടി

മുംബൈ: ഒടുവില്‍ ശ്രേയസ് അയ്യര്‍ക്കും പരുക്കുമില്ല, വേദനയുമില്ല. ബിസിസിഐയുടെ വാര്‍ഷിക കരാറില്‍നിന്ന് പുറത്തായതോടെ നല്ല കുട്ടിയായി രഞ്ജി ട്രോഫിയില്‍ കളിക്കാനെത്തി അയ്യര്‍. ഇന്നലെ ആരംഭിച്ച രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ തമിഴ്നാടിനെതിരെയുള്ള മുംബൈ ടീമില്‍ ശ്രേയസ് അയ്യരും ഇടം പിടിച്ചു. ബറോഡയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നടുവേദന കാരണം ശ്രേയസ് മുംബൈ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. പിന്നാലെ വന്ന ബിസിസിഐ വാര്‍ഷിക കരാറില്‍നിന്ന് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തഴയപ്പെട്ടു.

രഞ്ജി ട്രോഫിയില്‍നിന്ന് വിട്ടുനിന്നതായിരുന്നു കാരണം. അയ്യര്‍ നേരത്തേ ബി ഗ്രേഡിലും ഇഷാന്‍ കിഷന്‍ സി ഗ്രേഡിലും ഉള്‍പ്പെട്ടിരുന്ന താരങ്ങളാണ്.ദേശീയ ടീമിനൊപ്പം ഇല്ലാത്ത അവസരങ്ങളില്‍ രഞ്ജി ട്രോഫി കളിക്കാതെ ഐ.പി.എല്‍. പോലുള്ള മത്സരങ്ങളില്‍ ഭാഗവാക്കാവുന്ന പ്രവണത ഇന്ത്യന്‍ താരങ്ങളില്‍ വര്‍ധിച്ചുവന്നിരുന്നു. ഇതോടെ രഞ്ജി ട്രോഫി കളിക്കണമെന്ന കര്‍ശന നിര്‍ദേശം ബിസിസിഐ. പുറപ്പെടുവിച്ചു. രഞ്ജി കളിക്കാത്തവരെ കരാറില്‍നിന്ന് തഴഞ്ഞ് വലിയൊരു സന്ദേശവും താരങ്ങള്‍ക്ക് നല്‍കി. ബിസിസിഐ വിരട്ടിയതോടെ ഇഷാൻ കിഷനും ചൊവ്വാഴ്ച കളിക്കളത്തിലിറങ്ങും . മുംബൈയിൽ നടക്കുന്ന പ്രാദേശിക ടി-20 ടൂർണമെന്‍റിലാണ് ഇഷാൻ കളിക്കുക.

Trending

No stories found.

Latest News

No stories found.