കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നിശ്ചിത സമയത്ത് 1-1 സമനിലയിലായതിനെത്തുടർന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തിലാണു കേരളത്തിന്‍റെ തൽവി.
ISL Playoffs Kerala Blasters out
ISL Playoffs Kerala Blasters out

ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ പ്ലേ ഓഫിൽ ഒഡീഷ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളിനാണു കേരളം പുറത്തായത്. വിജയത്തോടെ ഒഡീഷ സെമിയിൽ കടന്നു.

നിശ്ചിത സമയത്ത് 1-1 സമനിലയിലായതിനെത്തുടർന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തിലാണു കേരളത്തിന്‍റെ തൽവി. എക്സ്ട്രാ ടൈമിലാണ് ആതിഥേയരുടെ വിജയഗോൾ. 67ാം മിനിറ്റിൽ ലിത്വാനിയ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ ഫെഡർ സെർനിച്ചിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ കേരള ടീം സെമി ബർത്ത് ഉറപ്പിക്കുമെന്ന പ്രതീക്ഷയുണർത്തിയിരുന്നു. എന്നാൽ, 87ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയിലൂടെ ഒഡീഷ നൽകിയ തിരിച്ചടി മത്സരം അധിക സമയത്തേക്കു നീട്ടി. എക്സ്ട്രാ ടൈമിന്‍റെ ഒന്നാം പകുതിയിൽ തന്നെ ഇസാക്ക് വൻലൽറുവേത്ഫിയയിലൂടെ ഒഡീഷ ലീഡ് നേടി. നിശ്ചിത സമയത്ത് പന്തടക്കത്തിനും പന്തിന്‍റെ നിയന്ത്രണത്തിലുമടക്കം മുന്നിലായിരുന്നു ഒഡീഷ. മത്സരത്തിന്‍റെ 60 ശതമാനം സമയവും പന്ത് നിയന്ത്രിച്ചത് ഒഡീഷയായിരുന്നു. പരുക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നലെ കേരളത്തിനുവേണ്ടി ഇറങ്ങി.

രണ്ടാം പ്ലേ ഓഫിൽ എഫ്സി ഗോവ ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. ഫത്തോർദ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണു മത്സരം. ജയിക്കുന്നവർ നേരിട്ട് സെമി ഫൈനലിലേക്ക് പാസ് നേടുമെന്നതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകം. 22 കളികളിൽ നിന്ന് 45 പോയിന്‍റു നേടിയ ഗോവ മികച്ച ഫോമിലാണ്. അവസാന അഞ്ചു കളികളിൽ നാലും ജയിച്ചാണ് ആതിഥേയർ പ്ലേ ഓഫിനിറങ്ങുന്നത്.

ചെന്നൈയിൻ എഫ്സിക്കെതിരേ അടുത്തിടെ നടന്ന മത്സരത്തിൽ 4-1നു ജയിച്ചതിന്‍റെ ആത്മവിശ്വാസവും ഗോവ ക്ലബ്ബിനുണ്ട്. കഴിഞ്ഞ കളിയിൽ ഗോവയ്ക്കെതിരേ പരാജയപ്പെട്ടെങ്കിലും സീസണിൽ മികച്ച പ്രകടനം നടത്തിയതിന്‍റെ ഉണർവിലാണു ചെന്നൈയിൻ. അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നു ജയിച്ച ക്ലബ്ബിന്‍റെ സവിശേഷത പിന്നിൽ നിന്നു തിരിച്ചുവരാനുള്ള കഴിവാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com