
മിലാൻ: പ്ലേഓഫ് ഒഴിവാക്കി നേരിട്ട് യൂറോ 2024 യോഗ്യതയുമായി ഇറ്റലി. അടുത്ത വർഷം നടക്കാനിരിക്കുന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിലേക്ക് സ്ലോവേനിയയും ചെക്ക് റിപ്പബ്ലിക്കും ഇതിനൊപ്പം യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
യുക്രെയ്നെതിരായ മത്സരത്തിൽ ഒരു പോയിന്‍റ് നേടിയാൽ സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിക്കാമെന്ന സ്ഥിതിയിലാണ് ഇറ്റലി മത്സരത്തിലിറങ്ങിയത്. ജർമനിയിൽ നടത്തിയ മത്സരത്തിൽ ഗോൾരഹിത സമനില നേടുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേക്കും യോഗ്യത നേടാൻ ഇറ്റലിക്കു സാധിച്ചിരുന്നില്ല. രണ്ടു വട്ടവും പ്ലേഓഫ് പരാജയങ്ങളോടെയാണ് പുറത്താകൽ ഉറപ്പിച്ചത്- ആദ്യം സ്വീഡനോടും പിന്നീട് നോർത്ത് മാസിഡോണിയയോടും. എന്നാൽ, 2018ലെ ലോകകപ്പ് കളിക്കാതെ, തൊട്ടടുത്ത വർഷം യൂറോപ്യൻ ചാംപ്യൻഷിപ്പ് അവർ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇറ്റലിയെ തോൽപ്പിച്ചാൽ മാത്രം നേരിട്ട് യോഗ്യത ലഭിക്കുമായിരുന്ന യുക്രെയ്ന് ഇനി യൂറോ യോഗ്യതയ്ക്ക് പ്ലേഓഫ് കളിക്കണം. നോർത്ത് മാസിഡോണിയയോട് 1-1 സമനില വഴങ്ങിയെങ്കിലും ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യൻമാരായി യോഗ്യ നേടി.
യോഗ്യതയ്ക്ക് ഓരോ പോയിന്‍റ് മാത്രം അകലെയായിരുന്ന സ്ലൊവേനിയയും ചെക്ക് റിപ്പബ്ലിക്കും യഥാക്രമം കസാക്കിസ്ഥാനെയും മോൾഡോവയെയും തോൽപ്പിച്ച് ആധികാരികമായി തന്നെയാണ് മുന്നേറുന്നത്. കസാക്കിസ്ഥാന് പ്ലേഓഫ് വഴി ഇനിയും അവസരമുണ്ട്, ഗ്രീസാണ് എതിരാളികൾ.