
മിലാൻ: യൂറോപ്യൻ ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ യുക്രെയ്നെതിരേ ഇറ്റലി 2-1 വിജയം നേടി. ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളും ഡേവിഡെ ഫ്രറ്റേസിയുടെ വക.
ഇറ്റാലിയൻ കോച്ച് എന്ന നിലയിൽ ലൂസിയാനോ സ്പലേറ്റിയുടെ ആദ്യ വിജയമാണിത്. ഇതോടെ സി ഗ്രൂപ്പിൽ ടീം രണ്ടാം സ്ഥാനത്തേക്കു കയറി. ഗ്രൂപ്പിൽ ലീഡ് ചെയ്യുന്ന ഇംഗ്ലണ്ടിനെക്കാൾ ഒരു മത്സരം കുറച്ചാണ് ഇറ്റലി കളിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം നടന്ന ലോകകപ്പിനു യോഗ്യത നേടാനാവാതെ പോയ ഇറ്റലി നിലവിലുള്ള യൂറോ ചാംപ്യൻമാരാണ്.
മറ്റൊരു മത്സരത്തിൽ മാൾട്ടയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച നോർത്ത് മാസിഡോണിയയും നില സുരക്ഷിതമാക്കി.
ചുംബന വിവാദത്തിൽ സോക്കർ ഫെഡറേഷൻ പ്രസിഡന്‍റ് ലൂയി റുബിയാൽസ് പുറത്താക്കപ്പെട്ടതിനു പിന്നാലെ കളത്തിലിറങ്ങിയ സ്പെയിനാകട്ടെ, സൈപ്രസിനു മേൽ ഏകപക്ഷീയമായ ആറു ഗോളിന്‍റെ ജയമാണ് നേടിയത്.
18ാം മിനിറ്റിൽ ഗാവി സ്കോർ ബോർഡ് തുറന്നു. 33ാം മിനിറ്റിൽ മൈക്കൽ മെറിനോയുടെ വക രണ്ടാം ഗോൾ. തുടർന്ന് 70ാം മിനിറ്റ് മുതൽ 13 മിനിറ്റിനുള്ളിൽ പിറന്നത് നാല് ഗോൾ; ഇതിൽ ഫെറാൻ ടോറസിന്‍റെ ഇരട്ട ഗോളും ഹൊസേലുവിന്‍റെയും അലക്സ് ബാനയുടെയും ഓരോ ഗോളും ഉൾപ്പെടുന്നു.
ഇതിനു മുൻപുള്ള മത്സരത്തിൽ ജോർജിയയ്ക്കെതിരേ 7-1 വിജയവും സ്പെയിൻ സ്വന്തമാക്കിയിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജോർജിയയെ നോർവേയും തോൽപ്പിച്ചു. സ്കോർ 2-1. സൂപ്പർ താരം മാർട്ടിൻ ഒഡിഗാർഡും സൂപ്പർ താരം എർലിങ് ഹാലണ്ടുമാണ് ഗോളുകൾ നേടിയത്.