
രോഹൻ കുന്നുമ്മൽ തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്.
ആദ്യ സീസണിൽ കലാശപ്പോരിൽ കൈവിട്ട കിരീടം തേടിയാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്‍റെ വരവ്. രോഹൻ കുന്നുമ്മൽ തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. സൽമാൻ നിസാർ വൈസ് ക്യാപ്റ്റനായും തുടരും. കഴിഞ്ഞ സീസണിൽ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ മിക്കവരെയും ഇത്തവണയും കാലിക്കറ്റിന് നിലനിർത്താനായിട്ടുണ്ട്. ഒപ്പം സച്ചിൻ സുരേഷ്, മനു കൃഷ്ണ തുടങ്ങിയവരെ പുതുതായി ടീമിൽ എത്തിക്കാനും സാധിച്ചു.
455 റൺസുമായി സൽമാൻ നിസാർ ആയിരുന്നു മുൻ സീസണിൽ ടീമിന്‍റെ ടോപ് സ്കോറർ. രോഹൻ കുന്നുമ്മലും എം. അജിനാസും, അഖിൽ സ്കറിയയുമായിരുന്നു റൺവേട്ടയിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. ഇവരെല്ലാവരും ഇക്കുറിയും ഗ്ലോബ് സ്റ്റാർസിനായി ബാറ്റേന്തും.
സച്ചിൻ സുരേഷും എസ്.എൻ. അമീർ ഷായുമാണ് പുതുതായി ടീമിലെത്തിയ പ്രധാന ബാറ്റർമാർ. കൂറ്റൻ ഷോട്ടുകളിലൂടെ ശ്രദ്ധേയനായ സച്ചിൻ വിക്കറ്റ് കീപ്പർ കൂടിയാണ്. അടുത്തിടെ തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമായി സച്ചിൻ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. 197 പന്തുകളിൽ നിന്ന് 27 ബൗണ്ടറികളും 24 സിക്സും അടക്കം 334 റൺസായിരുന്നു സച്ചിൻ നേടിയത്. സച്ചിന് പുറമെ എം. അജിനാസും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിനൊപ്പമുണ്ട്. മൂന്ന് അർധ സെഞ്ച്വറികൾ അടക്കം 217 റൺസായിരുന്നു അജ്നാസ് കഴിഞ്ഞ സീസണിൽ നേടിയത്.
ഓൾ റൗണ്ടർമാരുടെ നീണ്ടനിര തന്നെയുണ്ട് കാലിക്കറ്റ് ടീമിനൊപ്പം. കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ അഖിൽ സ്കറിയ തന്നെയാണ് ഇതിൽ ശ്രദ്ധേയൻ. കഴിഞ്ഞ സീസണിൽ 25 വിക്കറ്റുകളും 187 റൺസുമായി ടീമിന്‍റെ മുന്നേറ്റത്തിൽ മുഖ്യപങ്കുവഹിച്ച താരമാണ് അഖിൽ. പി.എം. അൻഫലാണ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാൻ കഴിവുള്ള മറ്റൊരു താരം.
പ്രസിഡൻസ് കപ്പിലടക്കം ഉജ്ജ്വല പ്രകടനം കാഴ്ചവച്ച അൻഫൽ മികച്ച ഫോമിലാണ്. യുവതാരങ്ങളിൽ ശ്രദ്ധേയനായ പ്രീതിഷ് പവൻ, കൃഷ്ണദേവൻ, ഷൈൻ ജോൺ ജേക്കബ്, മനു കൃഷ്ണൻ എന്നിവരാണ് മറ്റ് ഓൾ റൗണ്ടർമാർ. ടൂർണമെന്‍റിലെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളായ മനു കൃഷ്ണന്‍റെ പരിചയസമ്പത്ത് ടീമിന് വലിയ മുതൽക്കൂട്ടാവും. ഇടംകൈയൻ ഫാസ്റ്റ് ബൗളറും ബാറ്ററുമായ മനു കേരളത്തിനായി രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഉശിരൻ ബൗളിങ് പുറത്തെടുത്തിട്ടുള്ള താരംകൂടിയാണ്.
മുൻ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അഖിൽ സ്കറിയ തന്നെയാണ് ബൗളിങ്ങിൽ ടീമിന്‍റെ തുറുപ്പുചീട്ട്. കഴിഞ്ഞ സീസണിൽ തിളങ്ങിയ അഖിൽ ദേവും ഇത്തവണ ഗ്ലോബ് സ്റ്റാർസ് നിരയിലുണ്ട്. മോനു കൃഷ്ണ, ഇബ്നുൽ അഫ്താബ്, കൃഷ്ണകുമാർ എന്നിവരാണ് പേസ് ബൗളർമാർ. എസ്. മിഥുൻ, അജിത് രാജ്, എം. യു. ഹരികൃഷ്ണൻ എന്നിവരാണ് സ്പിന്നർമാർ.
കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ കൂടിയായ ഫിറോസ് വി. റഷീദാണ് ഇക്കുറിയും കാലിക്കറ്റിന്‍റെ ഹെഡ് കോച്ച്. അസിസ്റ്റന്‍റ് കോച്ചായി ഡേവിഡ് ചെറിയാനും ബാറ്റിങ് കോച്ചായി മനോജ് കെ.എക്സും ഫീൽഡിങ് കോച്ചായി സുമേഷ് എം. എസും ടീമിനൊപ്പമുണ്ട്. രാകേഷ് ബി. മേനോനാണ് വീഡിയോ അനലിസ്റ്റ്. ഫിസിയോ ആയി ഡോ. ഷോൺ ആന്‍റണിയും സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായി ഹരി ആർ. വാര്യരും മെന്‍ററായി യു. അച്യുതനും മാനേജറായി വിഷ്ണുദാസ് വി.വിയും ഗ്ലോബ് സ്റ്റാർസിന് പിന്തുണയേകും.
ടീം:
രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സൽമാൻ നിസാർ (വൈസ് ക്യാപ്റ്റൻ), എസ്.എൻ. അമീർ ഷാ, എം. അജ്നാസ്, എസ്. സച്ചിൻ, അഖിൽ സ്കറിയ, പി.എം. അൻഫൽ, മനു കൃഷ്ണൻ, കൃഷ്ണദേവൻ, ഷൈൻ ജോൺ ജേക്കബ്, പ്രീതിഷ് പവൻ, മോനു കൃഷ്ണ, സി.വി. അഖിൽദേവ്, ഇബ്നുൽ അഫ്താബ്, എസ്. മിഥുൻ, ജി. അജിത് രാജ് , ടി.വി. കൃഷ്ണകുമാർ, എം.യു. ഹരികൃഷ്ണൻ.