
ജസ്പ്രീത് ബുംറ
ലണ്ടൻ: ലീഡ്സിൽ ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ഇന്ത‍്യക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ റെക്കോഡ് നേട്ടവുമായി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട്, ന‍്യൂസിലൻഡ്, ഓസ്ട്രേലിയ, തുടങ്ങിയ സെന രാജ‍്യങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഏഷ‍്യൻ ബൗളർ എന്ന റെക്കോഡാണ് ബുംറ സ്വന്തം പേരിലേക്ക് ചേർത്തത്.
45-ാം ടെസ്റ്റ് മത്സരത്തിൽ സെന രാജ‍്യങ്ങളിൽ നിന്നും മാത്രമായി താരത്തിന് 148 വിക്കറ്റ് നേടാനായി. ഇതിൽ ഓസ്ട്രേലിയയിലാണ് 64 വിക്കറ്റും താരം നേടിയിട്ടുള്ളത്. കൂടാതെ ഇംഗ്ലണ്ടിൽ 39 വിക്കറ്റും ന‍്യൂസിലൻഡിൽ 6 വിക്കറ്റും ദക്ഷിണാഫ്രിക്കയിൽ 38 വിക്കറ്റും ബുംറ നേടിയിട്ടുണ്ട്.
ഇതോടെ പാക്കിസ്ഥാൻ ഇതിഹാസ താരം വസീം അക്രത്തിന്‍റെ (146) റെക്കോഡും ബുംറ തകർത്തു. ബുംറയ്ക്കും അക്രത്തിനും താഴെയായി അനിൽ കുംബ്ലെ (141), ഇഷാന്ത് ശർമ(130) , മുഹമ്മദ് ഷമി (123) എന്നിവരും പട്ടികയിലുണ്ട്. ഇംഗ്ലണ്ട് ഓപ്പണർമാരായ സാക് ക്രോളി, ബെൻ ഡക്കറ്റ്, ജോ റൂട്ട് തുടങ്ങിയവരുടെ വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.