''നീയും തയ്പ്പിച്ചു വച്ചോ...'', ഖവാജയെ പറഞ്ഞുവിട്ട ശേഷം കോൺസ്റ്റാസിനെ ബുംറ നോക്കിയ നോട്ടം... | Viral Video
സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിവസത്തെ അവസാനത്തെ പന്തിൽ ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുംറ സ്ലിപ്പിൽ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിക്കുന്നു. ഇന്ത്യൻ ടീമും ആരാധാകരും ഒന്നാകെ ആരവമുയർത്തുമ്പോൾ ബുംറയിൽ നിന്നു മാത്രം യാതൊരു ആഘോഷ പ്രകടനവുമുണ്ടായില്ല. പകരം അയാളൊരു നോട്ടം നോക്കി, ഔട്ടായ ഖവാജയെയല്ല, മറുവശത്ത് ഔട്ടാകാതെ നിൽക്കുന്ന സാം കോൺസ്റ്റാസിനെ.
''നിനക്കുള്ളത് നാളെ തരാം, ഒരുങ്ങിയിരുന്നോ...'' എന്ന് ആ കത്തുന്ന നോട്ടത്തിൽ എഴുതിവച്ചിരുന്നതു പോലെ.
കോൺസ്റ്റാസ് അരങ്ങേറ്റം കുറിച്ച കഴിഞ്ഞ ടെസ്റ്റിൽ വിരാട് കോലി ഈ കൗമാരക്കാരനെ തോള് കൊണ്ട് തട്ടിയത് ഇന്ത്യയിലും ഓസ്ട്രേലിയയിലും വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റർമാർ മാന്യതയെക്കുറിച്ചു സംസാരിക്കുന്നതു കേട്ട് വിരോധാഭാസം കടലിൽ ചാടി മരിച്ചു! കോലിക്ക് ഐസിസി പിഴ ചുമത്തിയപ്പോൾ ആരും അതിനെ വിമർശിച്ചില്ല.
പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള ഒരു അരങ്ങേറ്റക്കാരൻ പയ്യനെ കോലിയെപ്പോലൊരു മാസ്റ്റർ ക്രിക്കറ്റർ ചൊറിയാൻ പോയതാണ് പലർക്കും സുഖിക്കാതിരുന്നത്. പക്ഷേ, ഗ്രൗണ്ടിൽ കളിക്കാർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളുടെയും പോർ വിളികളുടെയും പത്ത് ശതമാനം പോലും പുറത്തുവരാറില്ല എന്നതാണ് സത്യം.
പത്തൊമ്പതുകാരന്‍റെ നാക്കല്ല കോൺസ്റ്റാസിനുള്ളതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. അതിന്‍റെ മറുമരുന്ന് ലോഡ് ചെയ്തുകൊണ്ടുള്ള നോട്ടമാണ് ബുംറ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ദിവസം വൈകിട്ട് കോൺസ്റ്റാസിനു നേരേ തൊടുത്തത്.
ദിവസത്തെ അവസാന ഓവറിൽ ബുംറയ്ക്ക് ഒരു ബഹുമാനവും കൊടുക്കാതെ മുന്നോട്ടിറങ്ങി മിഡ് വിക്കറ്റിലേക്കു കളിച്ച കോൺസ്റ്റാസ്, അതിനു പിന്നാലെ ചൊറിയുന്ന വർത്തമാനമെന്തോ പറയുകയും ചെയ്തു. പിന്നീട് സ്ട്രൈക്കിൽ വന്ന ഖവാജ, ബുംറയുടെ റണ്ണപ്പ് പൂർത്തിയാകും മുൻപേ സ്റ്റംപിനു മുന്നിൽ നിന്നു മാറി. ഈ ഓവറോടെ ദിവസത്തെ കളി അവസാനിപ്പിക്കാനുള്ള സമയം കളയൽ നമ്പറായിരുന്നു അതെന്ന് സ്ഥിരമായി ടെസ്റ്റ് ക്രിക്കറ്റ് കാണുന്ന എല്ലാവർക്കും മനസിലാകും.
സ്വാഭാവികമായും ബുംറ നീരസം പ്രകടമാക്കുക തന്നെ ചെയ്തു. എന്നാൽ, അതിനോടു മറുപടി പറയാൻ ചെന്നത് ഖവാജയല്ല, കോൺസ്റ്റാസാണ്. തൊട്ടടുത്ത പന്ത് ഖവാജയുടെ ഓഫ് സ്റ്റമ്പിനു പുറത്തുകൂടി പാഞ്ഞു. അടുത്തത് ഓവറിലെയും, ദിവസത്തെയും അവസാനത്തെ പന്ത്. ഖവാജ എഡ്ജ് ചെയ്ത പന്ത് സെക്കൻഡ് സ്ലിപ്പിൽ രാഹുലിന്‍റെ കൈകളിൽ. ഇതു കഴിഞ്ഞ ബുംറ ആദ്യം ചെയ്തത്, തിരിഞ്ഞൊരു നോട്ടം നോക്കലാണ്, നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന കോൺസ്റ്റാസിനു നേരേ രണ്ട് ചുവട് നടക്കുകയും ചെയ്തു.
സമയം പരമാവധി കളയുക എന്ന ലക്ഷ്യത്തോടെ കോൺസ്റ്റാസ് നടത്തിയ ചില വാചകമടികളാണ് ബുംറയെ പ്രകോപിപ്പിച്ചതെന്ന് മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സ്ഥിരീകരിക്കുകയും ചെയ്തു.