

ജസ്പ്രീത് ബുംറ
ന‍്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ നിന്നും സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പുറത്ത്. ഓഗസ്റ്റ് 15ന് ശ്രീലങ്കയിലെ ഗലെയിൽ ആദ‍്യ ടെസ്റ്റ് നടക്കാനിരിക്കെയാണ് ഇന്ത‍്യൻ ടീമിന് ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ഒരു ദേശീയ മാധ‍്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ താരത്തിന് ഇടതു കാൽമുട്ടിൽ തുടർച്ചയായി അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ്. ഇതേത്തുടർന്ന് പരുക്ക് ഭേദമാകുന്നത് വരെ വിശ്രമിക്കാൻ താരത്തോട് ബിസിസിഐ അധികൃതർ ആവശ‍്യപ്പെട്ടതായാണ് വിവരം.
എന്നാൽ ഇക്കാര‍്യം ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബുംറ ഫിറ്റ്നസ് ടെസ്റ്റ് പാസായെന്ന് വാർത്താ ഏജൻസിയായ പിടിഐ അടക്കം വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിന് പരുക്കേറ്റതായി വാർത്തകൾ പുറത്തുവരുന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരുക്കേൽക്കുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ബുംറയ്ക്ക് പകരം ആരുവരുമെന്ന ചോദ‍്യം അവശേഷിക്കുന്നു. ആകെ 2 ടെസ്റ്റ് മത്സരം മാത്രമാണ് ബുംറ ശ്രീലങ്കയ്ക്കെതിരേ കളിച്ചിട്ടുള്ളത്. അതിൽ നിന്നും 9.09 ബൗളിങ് ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്താൻ താരത്തിന് കഴിഞ്ഞു. എന്നാൽ ശ്രീലങ്കൻ മണ്ണിൽ ബുംറ ഇതുവരെ ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല.