

ഇഷാൻ കിഷൻ.
File photo
പുനെ: ദേശീയ പ്രധാന ആഭ്യന്തര ടി20 ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ ഝാർഖണ്ഡ് ചാംപ്യൻമാർ. ഫൈനലിൽ ഹരിയാനയെ തോൽപ്പിച്ചത് 69 റൺസിന്. 49 പന്തിൽ 101 റൺസെടുത്ത ഝാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ ഫൈനലിൽ പ്ലെയർ ഒഫ് ദ മാച്ച്. 303 റൺസും 18 വിക്കറ്റുമായി ഝാർഖണ്ഡിന്‍റെ യുവ ഓൾറൗണ്ടർ അനുകുൽ റോയ് പ്ലെയർ ഒഫ് ദ സീരീസായും തെരഞ്ഞെടുക്കപ്പെട്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഝാർഖണ്ഡ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 262 റൺസാണ് നേടിയത്. ടി20 ടൂർണമെന്‍റ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഹരിയാനയുടെ മറുപടി 18.3 ഓവറിൽ 193 റൺസിന് അവസാനിച്ചു.
അനുകുൽ റോയ്.
File photo
കിഷനും കുമാർ കുശാഗ്രയും ഒരുമിച്ച 177 റൺസിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്. ആറ് ഫോറും 10 സിക്സും ഉൾപ്പെട്ടതായിരുന്നു കിഷന്‍റെ ഇന്നിങ്സ്. 38 പന്ത് നേരിട്ട മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ കുശാഗ്ര എട്ട് ഫോറും അഞ്ച് സിക്സും സഹിതം 81 റൺസെടുത്തു. തുടർന്നെത്തിയ അനുകുൽ റോയ് 20 പന്തിൽ പുറത്താകാതെ 40 റൺസെടുത്തപ്പോൾ, ടീമിലെ മൂന്നാമത്തെ വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ മിൻസ് 14 പന്തിൽ പുറത്താകാതെ 31 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ ഹരിയാനയ്ക്ക് പവർ പ്ലേ പൂർത്തിയാകും മുൻപേ ആദ്യ മൂന്നു ബാറ്റർമാരെയും നഷ്ടമായി. തുടർന്നു വന്ന യശ്‌വർധൻ ദലാൽ (22 പന്തിൽ 53), നിഷാന്ത് സിന്ധു (15 പന്തിൽ 31), സാമന്ത് ഝാക്കർ (17 പന്തിൽ 38) എന്നിവരുടെ പ്രത്യാക്രമണമാണ് അവരെ മാന്യമായ സ്കോറിലെങ്കിലും എത്തിച്ചത്.
ഝാർഖണ്ഡിനു വേണ്ടി സുശാന്ത് മിശ്രയും ബാൽ കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വികാസ് സിങ്ങിനും അനുകുൽ റോയിക്കും രണ്ട് വിക്കറ്റ് വീതം.