
ജിമ്മി ജോർജ് സ്മാരക വോളിബോൾ ടൂർണമെന്‍റ് സിൽവർ ജൂബിലി എഡിഷന് ജൂൺ 25 ന് തുടക്കം
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ജിമ്മി ജോർജ് സ്മാരക വോളിബോൾ ടൂർണമെന്‍റിന്‍റെ 25-ാമത് എഡിഷന് ജൂൺ 25 ന് അബുദാബി സ്പോർട്സ് ഹബ്ബിൽ തുടക്കമാവും. 29 വരെ എല്ലാ ദിവസവും രാത്രി 8 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. അബുദാബി ലൈഫ് ലൈൻ ഹോസ്പിറ്റൽ അബുദാബി സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. യു എ ഇ ഉൾപ്പെടയുള്ള ജി .സി .സി രാജ്യങ്ങൾ, ഇന്ത്യ , ഈജിപ്ത് , ലെബനോൺ ശ്രീലങ്ക എന്നിവിടങ്ങളിലെ കളിക്കാർ മാറ്റുരക്കും.
എൽഎൽഎച്ച് ഹോസ്പിറ്റൽ, ഒൺലി ഫ്രഷ്, വേദ ആയുർവേദിക്, യുഎഇ നാഷണൽ ടീം, റഹ്മത്ത് ഗ്രൂപ്പ് ഓഫ് ആയുർ കെയർ, ഓൾ സ്റ്റാർ യുഎഇ എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത് എന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിജയികൾക്ക് ഒന്നാം സമ്മാനമായി എൽഎൽഎച്ച് ഹോസ്പിറ്റൽ നൽകുന്ന എവർ റോളിങ്ങ് ട്രോഫിയും 50,000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് അയൂബ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും 30,000 ദിർഹവും സമ്മാനം നൽകും. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്‍റ് നടക്കുന്നത്.
കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എ കെ ബീരാന്‍ കുട്ടി, സെക്രട്ടറി നൗഷാദ് യൂസഫ്, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ സലിം ചിറക്കല്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മേഖല ഡയറക്ടര്‍ ഡോക്ടര്‍ നരേന്ദ്ര, ബിസിനസ് ഡെവലപ്പ് മെന്‍റ് ഡയറക്ടര്‍ കൃഷ്ണകാന്ത്, വേദ ആയുര്‍വേദിക്ക് എം ഡി റിജേഷ് കല്ലുമാടത്തില്‍ വെള്ളുവ, കെ എസ് സി കായിക വിഭാഗം സെക്രട്ടറി മുഹമ്മദ് അലി, ട്രഷറര്‍ വിനോദ് രവീന്ദ്രന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.