BCCI chief Roger Binny helps Rohit Sharma wear the iconic white jacket after winning the ICC Champions Trophy 2025

ചാംപ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ രോഹിത് ശർമയെ ജാക്കറ്റ് അണിയിക്കുന്ന ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നി.

കപ്പടിച്ചത് ഇന്ത്യ, കോളടിച്ചത് ജിയോ ഹോട്ട്സ്റ്റാറിന്

ഐസിസി ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ്: ജിയോ ഹോട്ട്സ്റ്റാറിന് 540 കോടി വ്യൂസ്

ആന്‍റണി ഷെലിൻ

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ രാജാക്കന്മാരുടെ രാജാക്കന്മാരായപ്പോള്‍, ലൈവ് സ്‌പോര്‍ട്ട്‌സ് സ്ട്രീമിങ് രംഗത്ത് ആധിപത്യം ഉറപ്പിച്ചത് ജിയോ ഹോട്ട്സ്റ്റാര്‍. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ജിയോ ഹോട്ട്സ്റ്റാറിന് 540 കോടിയിലധികം വ്യൂസ് (views) കിട്ടി. 11,000 കോടി മിനിറ്റ് വാച്ച് ടൈമാണ് (watch time) ഇവരെല്ലാവരും ജിയോയ്ക്കു നൽകിയത്. 2025 മാര്‍ച്ച് 9ന് ദുബായില്‍ നടത്തിയ ഇന്ത്യ - ന്യൂസിലന്‍ഡ് ഫൈനല്‍ മത്സരത്തിൽ മാത്രം 124.2 കോടി വ്യൂസ് ഉണ്ടായിരുന്നു.

മുന്നിൽ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നാണ് വന്‍തോതില്‍ കാഴ്ചക്കാരെ കിട്ടിയത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ കളി കണ്ടവരിൽ ഏറെയും. മൊത്തം വ്യൂവര്‍ഷിപ്പിന്‍റെ 38 ശതമാനവും ഈ സംസ്ഥാനങ്ങളാണ് സംഭാവന ചെയ്തത്.

ഇത്തവണ ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് ഇംഗ്ലീഷ്, ഹിന്ദി, മറാഠി, ഹരിയാന്‍വി, ബംഗാളി, ഭോജ്പുരി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഒമ്പത് ഭാഷകള്‍ ഉള്‍പ്പെടെ 16 ഫീഡുകളിലൂടെയാണു തത്സമയം സ്ട്രീം ചെയ്തത്.

സഹകരിച്ചത് വിവിധ ബ്രാന്‍ഡുകൾ

ഡ്രീം11, പെര്‍നോഡ് റെക്കോ ഇന്ത്യ, ബീം സണ്‍ടോറി, കോഹ്ലര്‍, ബിര്‍ള ഓപസ്, വോഡഫോണ്‍-ഐഡിയ, ഐസിഐസിഐ ഡയറക്റ്റ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, ഐഷര്‍ മോട്ടോഴ്സ്, ഇന്ദിര ഐവിഎഫ് തുടങ്ങിയ ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് ജിയോ ഹോട്ട്സ്റ്റാര്‍ ഐസിസി ടൂര്‍ണമെന്‍റ് കാഴ്ചക്കാര്‍ക്കു മുന്നിലെത്തിച്ചത്. ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ടൂര്‍ണമെന്‍റിന്‍റെ എക്‌സ്‌ക്ലൂസിവ് ബ്രോഡ്കാസ്റ്റര്‍ കൂടിയായിരുന്നു ജിയോ ഹോട്ട്സ്റ്റാര്‍.

പരസ്യവരുമാനം 800-900 കോടി രൂപ

ടൂര്‍ണമെന്‍റില്‍ ടിവി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ പരസ്യ വരുമാനം വഴി ജിയോ ഹോട്ട്സ്റ്റാര്‍ 800-900 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. ടിവിയില്‍ ഓരോ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ സ്ലോട്ടിന് 20-25 ലക്ഷം രൂപ വരെയാണ് ഈടാക്കിയത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഓരോ സിപിഎമ്മിനും (cost per thousand impressions) 500 രൂപയും ഈടാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com