
ജോ ബേൺസ്
File
2026ലെ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇറ്റലിക്കു വേണ്ടി കളിക്കണമെന്നായിരുന്നു ഡൊമിനിക് ബേൺസിന്‍റെ ആഗ്രഹം. ഐസിസി ഇവന്‍റുകൾക്കൊന്നും ഇതുവരെ യോഗ്യത നേടിയില്ലാത്ത ഇറ്റലിയുടെ ടീം അടുത്ത വർഷത്തെ ടി20 ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തു. പക്ഷേ, അതിൽ കളിക്കാനോ കളി കാണാനോ ഡൊമിനിക് ഇല്ല. കഴിഞ്ഞ വർഷം അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു.
പക്ഷേ, ഡൊമിനിക്കിന്‍റെ ആഗ്രഹം സഫലമാക്കാൻ അദ്ദേഹത്തിനൊരു സഹോദരനുണ്ടായിരുന്നു- ജോ ബേൺസ് എന്നു പേര്; ഓസ്ട്രേലയക്കു വേണ്ടി 23 ടെസ്റ്റ് കളിച്ചിട്ടുള്ള ഓപ്പണിങ് ബാറ്റർ! ഡൊമിനിക്കിന്‍റെ മോഹം വൈകാരികമായി ഏറ്റെടുത്ത ജോ, ഓസ്ട്രേലിയ വിട്ട് ഇറ്റലിയിലേക്കു മാറി. ജോയുടെ നേതൃത്വത്തിലാണ് ഇറ്റലി ലോകകപ്പ് യോഗ്യതയും നേടിയത്.
ഡേവിഡ് വാർനർക്കു പറ്റിയ ഓപ്പണിങ് പങ്കാളിയെ തേടിക്കൊണ്ടിരുന്ന ഓസ്ട്രേലിയക്ക് 2014ലാണ് ജോ ബേൺസിനെ ടീമിൽ ഉൾപ്പെടുത്തുന്നത്. ആദ്യ ടെസ്റ്റും 2020ൽ അവസാന ടെസ്റ്റും കളിച്ചത് ഇന്ത്യക്കെതിരേ. ഇതിനിടയിൽ നാല് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയും നേടി.
പക്ഷേ, സഹോദരന്‍റെ മരണം ജോ ബേൺസിന്‍റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായി. ക്ലബ് ക്രിക്കറ്റിൽ ഡൊമിനിക് ബേൺസ് ഉപയോഗിച്ചിരുന്ന 85ാം നമ്പർ ജെഴ്സി പങ്കുവച്ചുകൊണ്ടാണ് ഇറ്റലിയിലേക്ക് മാറാനുള്ള തീരുമാനം ജോ ബേൺസ് പ്രഖ്യാപിക്കുന്നത്. അമ്മയുടെ മാതാപിതാക്കൾ ഇറ്റലിക്കാരായതിനാൽ നേരിട്ടുള്ള ഇറ്റാലിയൻ പൗരത്വത്തിന് അർഹതയുണ്ടായിരുന്ന ജോ ബേൺസ്, ക്രിക്കറ്റ് കളിക്കാനും സഹോദരന്‍റെ ആഗ്രഹം പൂർത്തീകരിക്കാനും വേണ്ടി തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്.
ഇറ്റലിയുടെ ക്യാപ്റ്റനായി നിയമിക്കപ്പെട്ട ബേൺസ്, യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ അസാമാന്യ പ്രകടനങ്ങളിലേക്കാണ് ടീമിനെ പ്രചോദിപ്പിച്ചത്. റൊമാനിയക്കെതിരേ 55 പന്തിൽ 108 റൺസെടുത്തതാണ് യോഗ്യതാ മത്സരങ്ങളിൽ ബേൺസിന്‍റെ മികച്ച പ്രകടനം. സ്കോട്ട്ലൻഡ് പോലെ ലോകകപ്പ് കളിച്ച് പരിചയമുള്ള ടീമുകൾ പോലും ഇറ്റലിക്കു മുന്നിൽ വീണു.
ഡൊമിനിക് ബേൺസിന്‍റെ ജെഴ്സി; ജോ ബേൺസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം.
ഇറ്റാലിയൻ ടീമിൽ പ്രൊഫഷണൽ നിലവാരവും വിജയതൃഷ്ണയും സന്നിവേശിപ്പിക്കുകയാണ് ബേൺസ് ചെയ്തത്.
''ഇതെനിക്ക് ക്രിക്കറ്റിനും അപ്പുറമാണ്. ഇതെന്‍റെ കുടുംബത്തോടും പൈതൃകത്തോടുമുള്ള ആദരമാണ്...'', ജോ ബേൺസ് പറയുന്നു.