
ജിദ്ദ: അടുത്ത ഐപിഎൽ സീസണിന്‍റെ ഭാഗമാകാൻ അവസരം കിട്ടുന്നത് കേരളത്തിൽ നിന്നുള്ള മൂന്ന് ക്രിക്കറ്റ് താരങ്ങൾക്കു മാത്രം. ഇതിലൊരാൾ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനായ സഞ്ജു സാംസൺ തന്നെ. സഞ്ജുവിനെ ലേലത്തിനു മുൻപു തന്നെ രാജസ്ഥാൻ ടീമിൽ നിലനിർത്തുകയും ചെയ്തിരുന്നു.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരിൽ, വിവിധ ടീമുകളുടെ താത്പര്യമനുസരിച്ച് തയാറാക്കിയ അന്തിമ പട്ടികയിലുൾപ്പെട്ടത് രണ്ട് മലയാളി താരങ്ങൾ- വിഷ്ണു വിനോദ്, സച്ചിൻ ബേബി എന്നിവർ.
ഇത്തവണത്തെ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാനുണ്ടായിരുന്ന പഞ്ചാബ് കിങ്സാണ് വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്ണുവിനെ സ്വന്തമാക്കിയിരിക്കുന്നത്. ചെലവാക്കാൻ കൂടുതൽ പണം കൈയിലുണ്ടായിരുന്നതുകൊണ്ടു തന്നെ വൻതാരനിരയെ പഞ്ചാബ് ലേലം വിളിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, വിക്കറ്റ് കീപ്പർ എന്ന നിലയിൽ വിഷ്ണുവിന് ഫസ്റ്റ് ഇലവനിൽ അവസരം കിട്ടാനുള്ള സാധ്യതയും കുറവാണ്.
30 ലക്ഷം രൂപയാണ് വിഷ്ണുവിന് നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. ഒന്നിലധികം ടീമുകൾ താത്പര്യം പ്രകടിപ്പിച്ചിരുന്നതിനാൽ ഇത് 95 ലക്ഷം വരെ ഉയർന്നു. മുൻപ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നിങ്ങനെ നാല് ഐപിഎൽ ടീമുകളുടെ ഭാഗമായിട്ടുള്ള വിഷ്ണുവിന് അധികം മത്സരങ്ങളിൽ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ സീസണിന്‍റെ മധ്യത്തിൽ പരുക്കേറ്റ് പിൻമാറാനും നിർബന്ധിതനായിരുന്നു. അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ ടീമാണ് പഞ്ചാബ് കിങ്സ്.
വിക്കറ്റ് കീപ്പർ എന്ന നിലയിൽ മാത്രമല്ല, ഓപ്പണറായും ഫിനിഷറായും കേരളത്തിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് വിഷ്ണു വിനോദ്. ടി20 ക്രിക്കറ്റിൽ കേരളത്തിനു വേണ്ടി ഒരു സെഞ്ചുറിയും എട്ട് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 33 റൺസാണ് ബാറ്റിങ് ശരാശരി, സ്ട്രൈക്ക് റേറ്റ് 142.
സച്ചിൻ ബേബിയെ ടീമിൽ ഉൾപ്പെടുത്താൻ ആദ്യ റൗണ്ട് ലേലത്തിൽ ഒരു ടീമും തയാറായിരുന്നില്ല. എന്നാൽ, അൺസോൾഡ് കളിക്കാരുടെ പട്ടികയിൽ നിന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കേരള ക്യാപ്റ്റനെ സ്വന്തമാക്കി. അടുത്ത സീസണിലെ ഏറ്റവും വിപുലമായ ബാറ്റിങ് നിര സ്വന്തമായുള്ള എസ്ആർഎച്ചിൽ സച്ചിൻ ബേബിക്കും അവസരം കിട്ടാൻ സാധ്യത വിരളമാണ്.
ഇടങ്കയ്യൻ ബാറ്ററും പാർട്ട് ടൈം സ്പിന്നറുമായ സച്ചിൻ, കേരളത്തിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് ഏറെ മികവ് തെളിയിച്ചിട്ടുള്ളത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെയും രാജസ്ഥാൻ റോയൽസിന്‍റെയും ഭാഗമായിരുന്നിട്ടും അധികം അവസരങ്ങൾ കിട്ടിയിട്ടില്ല. ടി20 മത്സരങ്ങളിൽ 10 അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട്. ബാറ്റിങ് ശരാശരി 29, സ്ട്രൈക്ക് റേറ്റ് 131.
കേരള താരങ്ങളല്ലെങ്കിലും ലേലത്തിൽ രണ്ടു മലയാളികൾ കൂടി പങ്കെടുത്തിരുന്നു- ദേവദത്ത് പടിക്കലും കരുൺ നായരും. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ദേവദത്തിനെ ഒരു ഐപിഎൽ ടീമും ലേലത്തിൽ വിളിച്ചെടുത്തില്ല.
അതേസമയം, ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള കരുൺ നായർ അടുത്ത സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ഭാഗമായിരിക്കും. ജേക്ക് ഫ്രേസർ മക്ക്ഗുർക്ക്, ട്രിസ്റ്റൻ സ്റ്റബ്സ്, ഹാരി ബ്രൂക്ക് എന്നിങ്ങനെ ഡൽഹിയുടെ മൂന്നു പ്രധാന ബാറ്റർമാർ വിദേശികളായതിനാൽ കരുൺ നായർക്ക് അടുത്ത സീസണിൽ നിർണായക റോൾ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.