

ടൂറിന്: ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവന്റസ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് സസ്പെന്ഷന്. ടെസ്റ്റോസ്റ്റിറോണ്‍ എന്ന് നിരോധഇത മരുന്ന് പോഗ്ബ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇറ്റലിയിലെ ഉത്തേജക വിരുദ്ധ ഏജന്‍സി തിങ്കളാഴ്ച അറിയിച്ചു.
ഓഗസ്റ്റ് 20ന് ഉദിനിസുമായുള്ള മത്സരശേഷം നടത്തിയ പരിശോധനയിലാണ് പോഗ്ബ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. ആ മത്സരത്തില്‍ പോഗ്ബ കളിച്ചിരുന്നില്ല. പോഗ്ബയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായി ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡോ ഇറ്റാലിയ അറിയിച്ചു. ബി സാംപിള്‍ പരിശോധനാഫലം വന്നിട്ടില്ല. അതിന്റെ ഫലവും പോസിറ്റീവായാല്‍ പോഗ്ബയ്ക്ക് നാല് വര്‍ഷം വരെ സസ്പെന്ഷന് ഉണ്ടാകാം. നിലവിലെ സാഹചര്യത്തില്‍ ബി സാംപിളും പോസിറ്റീവാകാനാണ് സാധ്യത.
നിരോധിത പദാര്‍ത്ഥം “നോണ്‍-എന്‍ഡോജെനസ് ടെസ്റ്റോസ്റ്റിറോണ്‍ മെറ്റബോളിറ്റുകള്‍” കണ്ടെത്തിയപ്പോള്‍ പോഗ്ബ ഉത്തേജക വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. പോസിറ്റീവ് ഫലവും സസ്പെന്‍ഷനും അംഗീകരിച്ചുകൊണ്ട് യുവന്റസ് പ്രസ്താവന ഇറക്കി. “അടുത്ത നടപടിക്രമങ്ങള്‍ എന്തെന്ന് വിലയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പോള്‍ പോഗ്ബ ഒരിക്കലും നിയമങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന് പോഗ്ബയുടെ ഏജന്റ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് യുവന്റസിലേക്ക് മടങ്ങിയതിന് ശേഷം പരുക്കുകള്‍ അലട്ടുന്ന കളിക്കാരനാണ് പോഗ്ബ. ഇപ്പോള്‍ ഉത്തേജകം ഉപയോഗിച്ചു എന്നു കൂടി തെളിഞ്ഞ പശ്ചാത്തലത്തില്‍ പോഗ്ബയുടെ കരിയര്‍ അവസാനിക്കാനാണ് സാധ്യത. പരുക്കിനെത്തുടര്‍ന്ന് ഫ്രാന്‍സിന്റെ ലോകകപ്പ് ടീമിലും പോഗ്ബയ്ക്ക് ഇടംപിടിക്കാന്‍ സാധിച്ചിരുന്നില്ല. പോഗ്ബ വിരമിക്കാനുള്ള സാധ്യതയേറെയെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സീസണില്‍ പോഗ്ബ ഇതുവരെ ഒരു മത്സരത്തിലും ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നില്ല. രണ്ട് മത്സരത്തില്‍ പകരക്കാരനായാണ് പോഗ്ബ ഇറങ്ങിയത്.