
ബെംഗലൂരു: ശ്രീലങ്കന്‍ ഓള് റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനെ പിച്ചില്വച്ച് ട്രോളി കിവീസ് നായകന് കെയ്ന്‍ വില്യംസണ്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ആദ്യ മത്സരത്തിനിറങ്ങിയപ്പോഴാണ് മാത്യൂസിനോട് ഹെല്‍മെറ്റ് ഒക്കെ ശരിയല്ലെ എന്ന് കെയ്ന്‍ വില്യംസണ് അന്വേഷിച്ചത്. നിറഞ്ഞ ചിരിയായിരുന്നു മാത്യൂസിന്റെ പ്രതികരണം.
ചരിത് അസലങ്കയുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ആറാം നമ്പറില്‍ ക്രീസിലെത്തിയ ഏയ്ഞ്ചലോ മാത്യൂസ് ക്രീസിലേക്ക് നടക്കുമ്പോഴാണ് വില്യംസണ് സമീപത്തെത്തി ഹെല്‍മെറ്റ് ഒക്കെ ഓക്കെയല്ലെ എന്ന് ചോദിച്ചത്. ബംഗ്ലാദേശി നായകന് ഷാക്കിബ് അല്‍ ഹസന്റെ അപ്പീലിനെതിരേ വലിയ പ്രതിക്ഷേധമാണ് ഉയര്‍ന്നത് നിരവധി മുന്‍ കിവീസ് താരങ്ങളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ മാത്യൂസിന്റെ ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയിരുന്നു. ആദ്യ പന്ത് നേരിടാന്‍ മുമ്പ് വേറൊരു ഹെല്‍മറ്റ് ആവശ്യപ്പെട്ട മാത്യൂസിന് സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ പകരം ഹെല്‍മെറ്റ് കൊണ്ടുവന്നപ്പോഴേക്കും ബംഗ്ലാദേശ് നായകന് മാത്യൂസിനെതിരെ ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്തു. ഇതോടെ അമ്പയര്‍ മാത്യൂസ് പുറത്തായതായി വിധിച്ചു. ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടിലൂടെ പുറത്താവുന്ന ആദ്യ ബാറ്ററെന്ന നാണക്കേടും മാത്യൂസിന്റെ പേരിലായി. 27 പന്തില്‍ 16 റണ്‍സെടുത്ത മാത്യൂസ് മിച്ചല്‍ സാന്റ്നറുടെ പന്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.