
വഡോദര: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ, കർണാടകക്കാരൻ കരുൺ നായർ നയിച്ച വിദർഭയുടെ തേരോട്ടം ഫൈനലിൽ കർണാടകയ്ക്കു മുന്നിൽ അവസാനിച്ചു. 36 റൺസിനു ജയിച്ച കർണാടക അഞ്ചാം വട്ടവും വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കി. അഞ്ച് വട്ടം ഫൈനലിൽ കടന്ന കർണാടയ്ക്ക് ഒരിക്കൽപ്പോലും കലാശ പോരാട്ടത്തിൽ കാലിടറിയിട്ടില്ലെന്ന ഖ്യാതി നിലനിർത്താനും സാധിച്ചു.
ടോസ് നേടിയ വിദർഭ ക്യാപ്റ്റൻ കരുൺ നായർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. പതിനഞ്ച് ഓവറിനുള്ളിൽ 67 റൺസെടുക്കുന്നതിനിടെ കർണാടകയുടെ മൂന്ന് വിക്കറ്റ് വീണതോടെ, ഉചിതമായ തീരുമാനമെന്ന പ്രതീതി. എന്നാൽ, നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ രവിചന്ദ്രൻ സ്മരണും കൃഷ്ണൻ ശ്രീജിത്തും ചേർന്ന് 160 റൺസ് കൂട്ടിച്ചേർത്തതോടെ ആ പ്രതീക്ഷ മങ്ങി. അഭിനവ് മനോഹറിന്‍റെ ബിഗ് ഹിറ്റുകൾ കൂടിയായപ്പോൾ കർണാട 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് എന്ന മികച്ച സ്കോറിലെത്തി.
മറുപടി ബാറ്റിങ്ങിൽ വിദർഭയ്ക്കു വേണ്ടി ഓപ്പണർ ധ്രുവ് ഷോരെ സെഞ്ചുറിയും വാലറ്റക്കാരൻ ഹർഷ് ദുബെ അർധ സെഞ്ചുറിയും നേടിയെങ്കിലും അവർ 48.2 ഓവറിൽ 312 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ടൂർണമെന്‍റിൽ ഇതുവരെ അഞ്ച് സെഞ്ചുറി നേടിയ കരുൺ നായർ ഇക്കുറി 31 പന്തിൽ 27 റൺസുമായി മടങ്ങി.
92 പന്തിൽ 101 റൺസെടുത്ത കർണാടകയുടെ യുവതാരം സ്മരൺ ടൂർണമെന്‍റിൽ തന്‍റെ രണ്ടാം സെഞ്ചുറിയാണ് കുറിച്ചത്. വിക്കറ്റ് കീപ്പർ ശ്രീജിത്ത് 74 പന്തിൽ 78 റൺസെടുത്തപ്പോൾ, മനോഹർ 42 പന്തിൽ 79 റൺസ് കൂട്ടിച്ചേർത്തതോടെയാണ് നല്ല സ്കോർ മികച്ച സ്കോറായി മാറിയത്. കർണാടക ബൗളർമാരിൽ വാസുകി കൗശിക്, പ്രസിദ്ധ് കൃഷ്ണ, അഭിലാഷ് ഷെട്ടി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ടീമിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.