ഇരട്ട സെഞ്ചുറിയുമായി ടെസ്റ്റ് ഇലവനിൽ അവകാശമുന്നയിച്ച് കരുൺ നായർ

ശ്രേയസ് അയ്യരെയും സർഫറാസ് ഖാനെയും പോലെ താരതമ്യേന പ്രായം കുറഞ്ഞ ബാറ്റർമാരെ തഴഞ്ഞ് മുപ്പത്തിമൂന്നുകാരനായ കരുൺ നായരെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത് വിമർശനത്തിനിടയാക്കിയിരുന്നു
Karun Nair stakes claim in Test Xi with double ton

കരുൺ നായർ

Updated on

മുപ്പത്തിമൂന്നാം വയസിൽ കരുൺ നായർ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തുമ്പോൾ നെറ്റി ചുളിച്ചവർ ഏറെയാണ്. ശ്രേയസ് അയ്യരെയും സർഫറാസ് ഖാനെയും പോലെ താരതമ്യേന പ്രായം കുറഞ്ഞ ബാറ്റർമാരെ തഴഞ്ഞ് മലയാളി താരത്തെ ടീമിലെടുത്തത് വിമർശനത്തിനിടയാക്കി. എന്നാൽ, ഇംഗ്ലണ്ട് ലയൺസിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി ഗംഭീര ബാറ്റിങ് പ്രകടനം പുറത്തെടുത്താണ് കരുൺ വിമർശനങ്ങൾക്കു മറുപടി നൽകിയിരിക്കുന്നത്.

ക്യാപ്റ്റനും ഓപ്പണറുമായ അഭിമന്യു ഈശ്വരൻ (8) പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ കരുൺ, യശസ്വി ജയ്സ്വാളിന്‍റെ (24) വിക്കറ്റ് വീണിട്ടും ടീമിനെ അനായാസം മുന്നോട്ടു നയിച്ചു. സർഫറാസിനൊപ്പം (92) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 181 റൺസ് ചേർത്ത കരുൺ, അതിനു ശേഷം ധ്രുവ് ജുറെലിനൊപ്പം (94) നാലാം വിക്കറ്റിൽ 195 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തി.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 186 റൺസെടുത്ത് പുറത്താകാതെ നിന്ന കരുൺ, രണ്ടാം ദിവസം ആദ്യ സെഷനിൽ തന്നെ ഇരട്ട സെഞ്ചുറിയും പൂർത്തിയാക്കിയതോടെ ടെസ്റ്റ് ടീമിലെ തന്‍റെ സ്ഥാനം സാധൂകരിക്കുക മാത്രമല്ല, ടെസ്റ്റ് ഇലവനിൽ അവകാശവാദം ഉന്നയിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. എഴുപതിനു മുകളിൽ സ്ട്രൈക്ക് റേറ്റും നിലനിർത്താനായി.

നോർത്താംപ്റ്റൺഷെയറിനു വേണ്ടി ഇംഗ്ലണ്ടിൽ കൗണ്ട് ക്രിക്കറ്റ് കളിച്ചുള്ള പരിചയസമ്പത്താണ് കരുൺ നായരെ ടീമിൽ ഉൾപ്പെടുത്താൻ അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. വിദേശ പിച്ചുകളിലെ പേസും ബൗൺസും സ്വിങ്ങും അതിജീവിക്കാനുള്ള സാങ്കേതികത്തികവ് ശ്രേയസ് അയ്യർക്കും സർഫറാസ് ഖാനും ഉണ്ടോ എന്ന സംശയവും അവശേഷിച്ചു. രോഹിത് ശർമയും വിരാട് കോലിയും വിരമിച്ച ഇന്ത്യൻ നിരയിൽ കരുൺ നായരുടെ പരിചയസമ്പത്താണ് പരിഗണിച്ചതെന്ന് അജിത് അഗാർക്കർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

രോഹിതിനു പകരം ജയ്സ്വാളിന്‍റെ ഓപ്പണിങ് പങ്കാളിയായി കെ.എൽ. രാഹുൽ, അഭിമന്യു ഈശ്വരൻ, ബി. സായ് സുദർശൻ എന്നിവരാണ് പരിഗണനയിലുള്ളത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആയിരിക്കും നാലാം നമ്പറിൽ വിരാട് കോലിക്കു പകരം കളിക്കുക. ഇതോടെ, ഒഴിവുള്ള മൂന്ന്, അല്ലെങ്കിൽ അഞ്ചാം നമ്പർ ബാറ്റിങ് പൊസിഷനിലായിരിക്കും കരുണിനെ പരിഗണിക്കുക.

ഇംഗ്ലണ്ട് ലയൺസിനെതിരേ വൺ ഡൗൺ പൊസിഷനിൽ ബാറ്റ് ചെയ്ത കരുൺ 272 പന്തിലാണ് ഇരട്ട സെഞ്ചുറി തികച്ചത്. ഇതിനകം 26 ഫോറും ഒരു സിക്സറും നേടിയിരുന്നു. വീരേന്ദർ സെവാഗിനെ കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള ഏക ഇന്ത്യക്കാരനാണ് കരുൺ. എന്നാൽ, 2017 മാർച്ചിൽ ഓസ്ട്രേലിയക്കെതിരേ ആയിരുന്നു അവസാന ടെസ്റ്റ്. എട്ടു വർഷത്തിനിപ്പുറമാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്.

303 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ എങ്കിലും ഏഴ് ഇന്നിങ്സിൽ 374 റൺസ് മാത്രമാണ് കരുണിനു നേടാൻ സാധിച്ചിട്ടുള്ളത്. ഇന്ത്യക്കായി രണ്ട് ഏകദിന മത്സരങ്ങളും കളിച്ചു, 46 റൺസാണ് ആകെ നേടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com