
കരുൺ നായർ.
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരു ബാറ്റർക്ക് പിന്നീട് ലഭിച്ചത് മൂന്നേമൂന്ന് അവസരങ്ങൾ. പക്ഷേ, അയാളിലെ ബാറ്റർ അടങ്ങിയില്ല. പോരാട്ടം തുടർന്നു. ആഭ്യന്തര ക്രിക്കറ്റിലെ ഉശിരൻ പ്രകടനത്തിലൂടെ എട്ടു വർഷങ്ങൾക്കുശേഷം ഒരിക്കൽക്കൂടി ടെസ്റ്റ് ക്യാപ്പ് അണിയാൻ അവസരം നേടിയെടുത്തു. 'പ്രിയപ്പെട്ട ക്രിക്കറ്റ് ഒരു അവസരം കൂടി തരൂ' എന്ന് ബാറ്റർ അഭ്യർഥിച്ചപ്പോൾ അയാൾ അതിന് അർഹനാണെന്ന് കളിയാരാധകരിൽ ഭൂരിഭാഗവും വിശ്വസിച്ചു.
എന്നാൽ അപൂർവമായി ലഭിച്ച ആ അവസരം നഷ്ടപ്പെടുത്തുകയാണ് ആ താരം. മലയാളി ബാറ്റർ കരുൺ നായരെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒറ്റ ഇന്നിങ്സിൽ 303 റൺസെടുത്തിട്ടുള്ള കരുൺ, ഒമ്പത് ടെസ്റ്റിലായി 13 ഇന്നിങ്സ് പിന്നിടുമ്പോഴും ആകെ നേടിയിരിക്കുന്നത് 505 റൺസ് മാത്രം!
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കൈവന്ന അവസരങ്ങൾ മുതലാക്കുന്നതിൽ കരുൺ പരാജയപ്പെട്ടിരിക്കുന്നു. താരബഹുലമായ ഇന്ത്യൻ ക്രിക്കറ്റിൽ കരുണിന് ഇനിയൊരു സാധ്യതയില്ലെന്നും അയാളുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചെന്നും കളി വിദഗ്ധർ വിലയിരുത്തുന്നു.
ഇംഗ്ലണ്ട് ലയൺസിനെതിരായ സന്നാഹ മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ പ്രതീക്ഷാനിർഭരമായ തുടക്കമാണ് നീണ്ട ഇടവേളയ്ക്കുശേഷമുള്ള വിദേശ പര്യടനത്തിൽ കരുൺ കുറിച്ചത്. എന്നാൽ, ഇംഗ്ലണ്ടിനെതിരേ ആറ് ഇന്നിങ്സുകളിൽ കരുൺ നേടിയത് 22 ശരാശരിയിൽ 131 റൺസ് മാത്രം. മൂന്നു ടെസ്റ്റുകളിലായി 249 പന്തുകൾ നേരിട്ട കരുൺ മാത്രമാണ് മൂന്ന് ടെസ്റ്റ് കളിച്ച ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ബാറ്റർമാരിൽ ഒരു അർധ സെഞ്ചുറിപോലും നേടാത്തത്.
ദേവാങ് ഗാന്ധി
പേസിനു മുന്നിൽ സാങ്കേതികപ്പിഴവ്
മീഡിയം പേസറായ ക്രിസ് വോക്സിനെ കരുൺ അനായാസം നേരിടുന്നുണ്ട്. എന്നാൽ, അധിക പേസുള്ള ജോഫ്ര ആർച്ചർക്കും ബ്രൈഡൻ കാർസിനും മുന്നിൽ പരുങ്ങുന്നു.
സാങ്കേതിപ്പിഴവാണ് കരുണിന്‍റെ ബാറ്റിങ്ങിനെ ബാധിക്കുന്നതെന്ന് ഇന്ത്യയുടെ മുൻ ഓപ്പണറും സെലക്റ്ററുമായിരുന്ന ദേവാങ് ഗാന്ധി പറയുന്നു. പ്രത്യേകിച്ച് ഫ്രണ്ട് ഫൂട്ട് ടൈമിങ്ങിലാണ് കരുണിന് പിഴയ്ക്കുന്നത്. സൂക്ഷ്മമായി നോക്കിയാൽ അറിയാം, ബൗളറുടെ കൈയിൽ നിന്ന് പന്ത് റിലീസ് ആകുന്ന സമയം കരുണിന്‍റെ മുൻപാദം വായുവിലാണ്. അതിനാൽ ഫ്രണ്ട് ഫൂട്ടിലേക്കോ ബാക്ക് ഫൂട്ടിലേക്കോ അതിവേഗം മാറാൻ കരുണിനു സാധിക്കുന്നില്ല. ആർച്ചറെയും കാർസിനെയും പോലുള്ള പേസർമാരെ നേരിടുമ്പോൾ കരുണിന് അതു തിരിച്ചടിയാകുന്നതായും ഗാന്ധി വിലയിരുത്തി.
സാങ്കേതികപ്പിഴവുകൾ പരിഹരിക്കാൻ സാധിക്കും. പക്ഷേ, 33കാരനായ കരുണിനെ സംബന്ധിച്ച് ഇനിയത് പ്രയാസകരമാണെന്നും ഗാന്ധി കൂട്ടിച്ചേർത്തു.
ചേതേശ്വർ പുജാരയും രാഹുൽ ദ്രാവിഡും
പുജാരയ്ക്കു ശേഷം ശൂന്യത
രാഹുൽ ദ്രാവിഡ് ദീർഘകാലം കൈയടക്കി വച്ച വൺഡൗൺ ബാറ്റിങ് പൊസിഷൻ അദ്ദേഹത്തിനു ശേഷം ചേതേശ്വർ പുജാരയുടെ കൈയിൽ ഭദ്രമായിരുന്നു.
പൂജാരയും വിരമിച്ചശേഷം ആ പൊസിഷനിൽ പതിനൊന്നു പേരെ ഇന്ത്യ ഇതുവരെ പരീക്ഷിച്ചുകഴിഞ്ഞു. അതിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് ശുഭ്മൻ ഗിൽ മാത്രം. വിരാട് കോലി വിരമിച്ചതോടെ ഗില്‍ നാലാം നമ്പറിലേക്ക് മാറുകയും ചെയ്തു.
ഐപിഎല്ലിൽ കിട്ടിയ ഓറഞ്ച് ക്യാപ്പ് അടക്കമുള്ള പുരസ്കാരങ്ങളുമായി ബി. സായ് സുദർശൻ.
സായ് സുദർശനുവേണ്ടി മുറവിളി
കരുൺ നായരെ മാറ്റി നാലാം ക്രിക്കറ്റ് ടെസ്റ്റിൽ യുവ ബാറ്റർ സായ് സുദർശനെ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ സായ് സുദര്‍ശനാണ് അന്നു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തത്. കരുണ്‍ ആറാമനായെത്തി.
എന്നാൽ, ഇന്ത്യ ബൗളിങ് കരുത്ത് കുറയാതെ ബാറ്റിങ് നിരയുടെ ആഴം കൂട്ടാൻ വാഷിങ്ടൺ സുന്ദറിനെ കൊണ്ടുവന്നപ്പോൾ സായ് പുറത്തായി. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കരുണിന് മൂന്നാമനായി സ്ഥാനക്കയറ്റവും ലഭിച്ചു. പക്ഷേ, ലോര്‍ഡ്‌സിലിലെ ആദ്യ ഇന്നിങ്സിലെ 40 റണ്‍സാണ് കരുണിന്‍റെ ഉയർന്ന സ്കോർ.
ഈ സാഹചര്യത്തിൽ കരുണിനെ മാറ്റി നാലാം ടെസ്റ്റിൽ സായ് സുദര്‍ശനെ ഇറക്കണമെന്ന് മുന്‍താരം ഫാറുഖ് എൻജിനീയർ അടക്കമുള്ളവർ ആവശ്യപ്പെടുന്നു.