കാര്യവട്ടത്തെ ഇന്ത്യ - ന്യൂസിലൻഡ് ടി-20; ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമിട്ട് പൃഥ്വിരാജ്, വിദ്യാർഥികൾക്ക് വൻ ഇളവ്

ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർഥികൾക്ക് മത്സരം കാണാം
karyavattom india- new zealand t20 ticket sale started

കാര്യവട്ടത്തെ ഇന്ത്യ - ന്യൂസിലൻഡ് ടി-20; ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമിട്ട് പൃഥ്വിരാജ്, വിദ്യാർഥികൾക്ക് വൻ ഇളവ്

Updated on

തിരുവനന്തപുരം: ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുകയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി-20 മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സിഎ സനിൽ കുമാർ എം.ബി.ക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മത്സരത്തിനായുള്ള പിച്ചുകളുടെയും സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികൾക്ക് മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ശ്രീജിത്ത് വി. നായർ ചടങ്ങിൽ വ്യക്തമാക്കി. കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ, ട്രഷറർ അജിത്ത് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിദ്യാർഥികൾക്ക് ഇളവ്

ടി-20 മത്സരം നേരിൽ കാണാൻ വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ കെസിഎ ഇളവുകൾ പ്രഖ്യാപിച്ചു. 250 രൂപയാണ് വിദ്യാർഥികളുടെ ടിക്കറ്റ് വില. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com