മൾട്ടി പർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Video

കാസർഗോഡ് ജില്ലാ മൾട്ടി പർപ്പസ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കിഫ്ബി മുഖേന 23.92 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്.

അന്താരഷ്ട്ര നിലവാരമുള്ള നീന്തൽക്കുളം, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്‍റൺ കോർട്ടുകൾ, ടേബിൾ ടെന്നീസ് എന്നിവയടക്കമുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്റ്റേഡിയം.

കളിക്കളങ്ങളില്ലാത്ത ഒരു പഞ്ചായത്ത് പോലും സംസ്ഥാനത്ത് ഉണ്ടാകരുതെന്ന സംസ്ഥാന സർക്കാർ നയത്തിന്‍റെ അടിസ്ഥാനത്തിലാണ്, 'ഒരോ വാർഡിലും ഒരു കളിക്കളം' എന്ന ലക്ഷ്യം മുന്നോട്ടുവച്ചിരിക്കുന്നത്. ആദ്യം എല്ലാ പഞ്ചായത്തിലും കളിക്കളം, പിന്നീട് ഓരോ വാർഡിലും കളിക്കളം എന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. കായിക വകുപ്പിന്‍റെ വിഹിതം, എംഎൽഎ ഫണ്ട്, പഞ്ചായത്ത് വിഹിതം, വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ തുടങ്ങിയവ ഏകോപിപ്പിച്ചാണ് പദ്ധതിക്ക് തുക കണ്ടെത്തുന്നത്.

മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാകും പ്രാദേശിക കളിക്കളങ്ങൾ ഒരുക്കുക. നടക്കാനും ചെറിയ വ്യായാമങ്ങൾ ചെയ്യാനുമുള്ള സൗകര്യം കളിക്കളത്തിനൊപ്പം ഉണ്ടാകും. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ ഏതു പ്രായത്തിലുള്ളവർക്കും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന നിലയിലാവും ഈ കളിക്കളങ്ങൾ ഒരുങ്ങുക.

logo
Metro Vaartha
www.metrovaartha.com