എയ്ഞ്ചലിന് ഷൂസുമായി എംപി വീട്ടിലെത്തി

ഓട്ടത്തിനിടെ കാലിലെ സ്പൈക്സ് ഊരിപ്പോയിട്ടും സ്കൂൾ ഒളിംപിക്സിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയ കായികതാരത്തിന് കെ.സി. വേണുഗോപാലിന്‍റെ സമ്മാനം.
എയ്ഞ്ചലിന് ഷൂസുമായി എംപി വീട്ടിലെത്തി | KC Venugopal shoes to athlete

എയ്ഞ്ചലിന് സ്പോർട്സ് ഷൂസ് സമ്മാനിക്കുന്ന ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ.

Updated on

ആലപ്പുഴ: ഒരു വര്‍ഷത്തെ കഠിനാധ്വാനം ഒരു നിമിഷത്തെ അപ്രതീക്ഷിത വിധിയുടെ ഇടപെടല്‍ കൊണ്ട് വിഫലമാക്കിയ നിമിഷം, പക്ഷേ മനക്കരുത്ത് കൊണ്ട് ആലപ്പുഴ സെന്‍റ് ജോസഫ് സ്‌കൂളിലെ വിദ്യാർഥിനി എയ്ഞ്ചല്‍ ഓടിത്തീര്‍ത്തപ്പോള്‍ നാടും നാട്ടുകാരും അവള്‍ക്കായി കൈയടിച്ചു.

ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 800 മീറ്റര്‍ റിലേ മത്സരിത്തിനിടെ ഒരുകാലിലെ സ്പൈക്സ് ഊരിപ്പോയിട്ടും പിന്‍മാറാതെ മൂന്നാംസ്ഥാനത്തേക്ക് ഓടിക്കയറിയ മിടുക്കിയാണ് ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി എയ്ഞ്ചല്‍. രണ്ടാം സ്ഥാനം ഉറപ്പായും നേടുമെന്ന് കരുതിയ നിമിഷം. എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ സംഭവം അവളുടെ സ്വപ്നം തകര്‍ത്തു. എങ്കിലും പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു.

അവിടെക്കൂടിയ കാണികളുടെ കണ്ണുടക്കിയതും എയ്ഞ്ചലിന്‍റെ നിസാഹായവസ്ഥയില്‍. ഒരു പക്ഷേ, കാണികളും മാധ്യമങ്ങളും ആ മത്സരത്തില്‍ ഒന്നാം സ്ഥാനം ഫിനിഷ് ചെയ്ത മത്സാരാർഥിയുടെ പ്രകടനം ആ നിമിഷം ശ്രദ്ധിച്ചില്ലെന്നതാണ് സത്യം. വിധി എതിരാണെങ്കിലും വിട്ടുകൊടുക്കാന്‍ തയാറാല്ലെന്ന വലിയ സന്ദേശം കൂടി നല്‍കിയാണ് എയ്ഞ്ചല്‍ തന്‍റെ പോരാട്ടം മൂന്നാം സ്ഥാനത്ത് വെങ്കല മെഡലിലൊതുക്കിയത്.

എയ്ഞ്ചലിന്‍റെ ദുര്‍വിധി മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം എയ്ഞ്ചലിന്‍റെ വീട് തേടിയെത്തി; കൈയില്‍ ഒരു ജോഡി സ്പൈക്സ് ഷൂസുമായി. അദ്ദേഹം അവള്‍ക്കത് കൈമാറുമ്പോള്‍ ആ കുഞ്ഞു കണ്ണുകളില്‍ വലിയ തിളക്കം കാണാമായിരുന്നു.

രണ്ടാം സ്ഥാനം നഷ്ടമായതിന്‍റെ പരിഭവം അവള്‍ എംപിയോട് പങ്കുവെച്ചെങ്കിലും നാടും ജനപ്രതിധികളും അവള്‍ക്കായി കരുതിവെച്ച കരുതലില്‍ അവള്‍ കൂടുതല്‍ അവേശഭരിതയായി.

ഇപ്പോള്‍ നഷ്ടമായ രണ്ടാം സ്ഥാനത്തെക്കാള്‍, നാളെകളില്‍ ലഭിക്കുന്ന ഒന്നാം സ്ഥാനത്തിനായി ഉശിരോടെ പോരാടാന്‍ പരിശ്രമിക്കണമെന്നു കെ.സി. വേണുഗോപാല്‍ അവളെ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിച്ച് ആവശ്യപ്പെട്ടു. പ്രതിസന്ധിക്കിടയിലും തളരാതെ നേടിയ മൂന്നാം സ്ഥാനത്തിന് ഒന്നാം സ്ഥാനത്തെക്കാള്‍ മഹത്വമുണ്ടെന്ന വാക്കുകള്‍ അവള്‍ക്ക് ഊർജം പകർന്നു.

ദേശീയതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കണമെന്ന എയ്ഞ്ചലിന്‍റെയും കുടുംബത്തിന്‍റെയും സ്വപ്നം ഇന്നൊരു നാടിന്‍റെയാകെ സ്വപ്നമാണ്. അതിനു സാക്ഷാത്കാരമുണ്ടാകും വരെ ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും കെ.സി. വേണുഗോപാല്‍ എംപി നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com