
കൊച്ചി: ഇന്ത്യൻ താരം സഞ്ജു സാംസണെതിരേ അച്ചടക്ക നടപടി എടുക്കാതിരുന്നത് അദ്ദേഹത്തിന്‍റെ ഭാവിയെ കരുതി മാത്രമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്‍റ് ജയേഷ് ജോർജ്. വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ നിന്ന് വ്യക്തമായ കാരണം ബോധിപ്പിക്കാതെ സഞ്ജു മാറിനിന്നതിനെക്കുറിച്ചാണ് പരാമർശം.
ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കും, തുടർന്ന് നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്‍റിനുമുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിൽനിന്ന് വിട്ടുനിന്നതാണ് ഇതിനു കാരണമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനു പിന്നാലെ, കെസിഎ ഇടപെടൽ കാരണമാണ് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതെന്ന് ശശി തരൂർ എംപി ആരോപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെസിഎയുടെ പ്രതികരണം.
കേരളത്തിനു വേണ്ടി ഈ സീസണിൽ, ഫസ്റ്റ് ക്ലാസ് ടൂർണമെന്‍റായ രഞ്ജി ട്രോഫിയിലും ടി20 ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫിയിലും സഞ്ജു കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര ഏകദിന ടൂർണമെന്‍റിൽ കളിക്കാത്തതു കാരണമാണ് സഞ്ജുവിനെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാൽ, ആഭ്യന്തര ടൂർണമെന്‍റുകളിൽ ദേശീയ താരങ്ങൾ നിരബന്ധമായും പങ്കെടുക്കണമെന്ന് പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിജയ് ഹസാരെ ട്രോഫിക്കു മുന്നോടിയായി വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരള താരങ്ങൾക്കു വേണ്ടി പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. വ്യക്തമായ കാരണം കാണിക്കാതെ ഈ ക്യാംപിൽ നിന്ന് സഞ്ജു വിട്ടുനിന്നു എന്നാണ് കെസിഎ ഭാഷ്യം.
ക്യാംപിൽ പങ്കെടുക്കാത്തവരെ സംസ്ഥാന ടീമിലേക്കു പരിഗണിക്കേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. സഞ്ജുവിനെ കൂടാതെ പ്രധാന ബാറ്റർമാരായ സച്ചിൻ ബേബിയും വിഷ്ണു വിനോദും ഇല്ലാതെയാണ് കേരളം ടീമിനെ ഇറക്കിയത്.