

കേരള വനിത പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ(കെസിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന കെസിഎയുടെ 75ആമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണവാഹികളെ തെരഞ്ഞെടുത്തത്. കെസിഎ മുൻ ട്രഷറർ അഡ്വ.ശ്രീജിത്ത്.വി. നായരാണ് പ്രസിഡന്‍റ്. അപെക്സ് കൗൺസിൽ അംഗമായിരുന്ന സതീശൻ.കെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി വിനോദ്.എസ്. കുമാറും, ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരും.
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി.അജിത്കുമാറാണ് ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽബോഡി പ്രതിനിധിയായി കാസർഗോഡ് ജില്ലാക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നൗഫൽ. ടി ചുമതലയേൽക്കും. കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തുകയെന്നതാണ് ലക്ഷ്യമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഒരു വർഷത്തെ സമഗ്ര വികസന കർമ്മ പദ്ധതിയും പ്രഖ്യാപിച്ചു. 14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും അനുബന്ധ സൗകര്യങ്ങളും കെസിഎ നിർമിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റ് കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കുമെന്നും കെസിഎ പ്രഖ്യാപിച്ചു.
കേരള വനിത പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും. യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി അവർക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി പ്രത്യേക ക്രിക്കറ്റ് അക്കാദമികൾ ഇടുക്കിയിലും തിരുവനന്തപുരത്തും പ്രവർത്തനം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു