
കേരളത്തിന്‍റെ വനിതാ ക്രിക്കറ്റ് ലീഗ് പ്രഖ്യാപന ചടങ്ങിൽ നിന്ന്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വനിതാ ക്രിക്കറ്റർമാർക്കായി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ലീഗായ വനിതാ ക്രിക്കറ്റ് ലീഗിന്‍റെ (ഡബ്ല്യുസിഎൽ) ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ വർണാഭമായി നടത്തി. അടുത്ത സീസണിൽ ആരംഭിക്കുന്ന ലീഗിന്‍റെ പ്രഖ്യാപന ചടങ്ങ്, താരങ്ങളെ ആദരിച്ചും സംഗീത നിശയൊരുക്കിയും അവിസ്മരണീയമാക്കി.
ചടങ്ങിൽ കേരളത്തിന്‍റെ അഭിമാനമായ വനിതാ പ്രതിഭകളെ ആദരിച്ചു. ഇന്ത്യൻ താരങ്ങളായ മിന്നു മണി, സജന സജീവൻ, ആശ ശോഭന, അരുന്ധതി റെഡ്ഡി, അണ്ടർ 19 ലോകകപ്പ് ജേതാവ് വി.ജെ. ജോഷിത, ഇന്ത്യൻ നേവി ലഫ്റ്റനന്‍റ് കമാൻഡറും മുൻ സംസ്ഥാന ജൂനിയർ ക്രിക്കറ്ററുമായ കെ. ദിൽന എന്നിവർ ആദരവ് ഏറ്റുവാങ്ങി.
കോഴിക്കോട് സ്വദേശിനിയായ ലെഫ്. കമാൻഡർ ദിൽന, മുൻ സംസ്ഥാന അണ്ടർ-19 ക്രിക്കറ്റ് താരം മാത്രമല്ല, ദേശീയ തലത്തിൽ മെഡലുകൾ നേടിയ ഷൂട്ടർ കൂടിയാണ്. അടുത്തിടെ ഐഎൻഎസ്‌വി താരണി എന്ന പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച് ചരിത്രം കുറിച്ച ദിൽന, 'കേപ് ഹോണർ' എന്ന അപൂർവ ബഹുമതിക്കും അർഹയായി. സമുദ്രത്തിലെ ഏറ്റവും അപകടകരമായ പാതകളിലൊന്നായ കേപ് ഹോൺ തരണം ചെയ്യുന്നവർക്കാണ് ഈ ബഹുമതി ലഭിക്കുന്നത്.
പ്രഖ്യാപന ചടങ്ങുകൾക്ക് ആവേശം പകരാൻ പ്രശസ്ത ഗായികമാരായ ഭദ്ര രജിനും നിത്യ മാമ്മനും നയിച്ച സംഗീത നിശ അരങ്ങേറി. സംഗീതത്തിന്‍റെ ആരവങ്ങൾക്കിടയിലാണ് കേരള വനിതാ ക്രിക്കറ്റിന്‍റെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചത്.