കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തുടക്കം

കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ മോഹൻലാൽ ഉദ്ഘാടനച്ചടങ്ങിന് ഔപചാരിക തുടക്കം കുറിക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച തലസ്ഥാനത്ത് തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീന്‍ ക്യാപ്റ്റനാകുന്ന ആലപ്പി റിപ്പിള്‍സും വരുണ്‍ നായനാർ നയിക്കുന്ന തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.

വൈകിട്ട് ആറു മണിക്ക് പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. കേരള ക്രിക്കറ്റ് ലീഗിന്‍റെ ഔദ്യോഗിക ഗാനം പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകന്‍ അരുണ്‍ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. 60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

തുടര്‍ന്ന് കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍ ചടങ്ങിന് ഔദ്യോഗിക തുടക്കം കുറിക്കും. സംസ്ഥാന സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാന്‍, വനിതാ ക്രിക്കറ്റ് ഗുഡ് വില്‍ അംബാസിഡര്‍ കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടനച്ചടങ്ങിനു പിന്നാലെ രണ്ടാമത്തെ മത്സരത്തില്‍ അബ്ദുല്‍ ബാസിത് നയിക്കുന്ന ട്രിവാന്‍ഡ്രം റോയല്‍സും ബേസില്‍ തമ്പി നായകനായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.

സെപ്റ്റംബര്‍ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. 17 ന് സെമി ഫൈനല്‍. സെപ്റ്റംബര്‍ 18 ന് നടക്കുന്ന ഫൈനലില്‍ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയിയെ നിശ്ചയിക്കും. മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com