കെസിഎൽ: കരുത്ത് കാട്ടാൻ കൊച്ചിയുടെ നീലക്കടുവകൾ

സഞ്ജു വിശ്വനാഥ് സാംസൺ എന്ന കരുത്തിനൊപ്പം പരിചയസമ്പന്നരും യുവനിരയുമടങ്ങുന്ന സന്തതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റേത്
KCL team preview Kochi Blue Tigers

കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം.

Updated on

സഞ്ജു വിശ്വനാഥ് സാംസൺ എന്ന കരുത്തിനൊപ്പം പരിചയസമ്പന്നരും യുവനിരയുമടങ്ങുന്ന സന്തതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയാറെടുപ്പുകളോടെയാണ് കൊച്ചി രണ്ടാം സീസണിനിറങ്ങുന്നത്.

സഞ്ജുവിന്‍റെ സഹോദരൻ സാലി വിശ്വനാഥ് സാംസൺ നയിക്കുന്ന ടീമിന്‍റെ പ്രധാന പ്രതീക്ഷ സഞ്ജു തന്നെയാണ്. ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിന്‍റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. കൂടെ തക‍ർത്തടിക്കാൻ കെൽപ്പുള്ള യുവതാരങ്ങൾ ഒട്ടേറെ. ഒപ്പം ഓൾറൗണ്ട് മികവും മികച്ച ബൗള‍മാരും ഒത്തിണങ്ങിയ ടീമാണ് ഇത്തവണ കൊച്ചിയുടേത്.

കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും ടീമിലുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവ‍‍ർ ബാറ്റിങ് നിരയിൽ. വിനൂപ് മനോഹരൻ, കെ.ജെ. രാകേഷ്, പി.എസ്. ജെറിൻ, കെ.ജി. അഖിൽ, മുഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓൾറൗണ്ട‍ർമാർ. വേ​ഗം കൊണ്ട് വിസ്മയിപ്പിക്കുന്ന ഐപിഎൽ താരം കെ.എം. ആസിഫും കേരള ടീമംഗം അഖിൻ സത്താറുമാണ് പേസ് ബൗളിങ് നിരയിലെ പ്രമുഖർ. വിനൂപ് മനോഹരനും ജെറിനും രാകേഷിനുമൊപ്പം എൻ. അഫ്രാദും അടങ്ങുന്ന സ്പിൻ നിരയും ശക്തം.

മുൻകേരള താരവും ഇന്ത്യൻ അണ്ട‍ർ 19 ടീമം​ഗവുമായിരുന്ന റൈഫി വിൻസെന്‍റ് ​ഗോമസാണ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റെ ഹെഡ് കോച്ച്. രഞ്ജി ട്രോഫിയിൽ പോണ്ടിച്ചേരി ടീമിന്‍റെ കോച്ചായും ടീം സെലക്റ്ററായും പ്രവർത്തിച്ചിട്ടുള്ള റൈഫി, രാജസ്ഥാൻ റോയൽസിന്‍റെ ഹൈ പെ‍ർഫോമൻസ് കോച്ചുമായിരുന്നു. മുൻ രഞ്ജി താരം സി.എം. ദീപക്കാണ് കോച്ചിങ് ഡയറക്റ്റർ. എ.ടി. രാജാമണി, സനുത് ഇബ്രാഹിം, എസ്. അനീഷ് എന്നിവരാണ് പരിശീലക‍സംഘത്തിലെ മറ്റംഗങ്ങൾ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫ‍ർ ഫെ‍ർണാണ്ടസ്, സജി സോമസുന്ദരം, ​ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ട്.

ടീം ഇങ്ങനെ: സാലി വിശ്വനാഥ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ.ജെ. രാകേഷ്, അഖിൻ സത്താ‍ർ, കെ.എം. ആസിഫ്, നിഖിൽ തോട്ടത്ത്, പി.എസ്. ജെറിൻ, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, കെ. അജീഷ്, മുഹമ്മദ് ഷാനു, വിപുൽ ശക്തി, എൻ. അഫ്രാദ്, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, കെ.ജി. അഖിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com