

സൽമാൻ നിസാർ.
File
AI generated summary, newsroom reviewed
മൊഹാലി: സയീദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളം ത്രിപുരയെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ത്രിപുര 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് എടുത്തത്. കേരളം 13 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് തുടക്കം മുതൽ മുറയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ശ്രീദം പോൾ (41), ക്യാപ്റ്റൻ മണിശങ്കർ മുരാസിങ് (31), ദൻവീർ സിങ് (20) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിനു വേണ്ടി കെ.എം. ആസിഫ്, കാർത്തിക് ബി. നായർ, ഷറഫുദ്ദീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി. നിധീഷ്, ബിജു നാരായണൻ, അബ്ദുൾ ബാസിത് എന്നിവർക്ക് ഓരോ വിക്കറ്റ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനു വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്തത്. രണ്ട് റൺസെടുത്ത് പുറത്താകാതെ നിന്നു. രോഹൻ കുന്നുമ്മലിന്‍റെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങിയത് യുവതാരം ഗോവിന്ദ് ദേവ് പൈ. 10 പന്തിൽ രണ്ടു സിക്സർ സഹിതം 17 റൺസെടുത്ത ഗോവിന്ദ് പ്രതീക്ഷയുണർത്തിയെങ്കിലും അധികം നേരം പിടിച്ചുനിൽക്കാനായില്ല.
തുടർന്ന് സൽമാൻ നിസാറിനെ കൂട്ടുപിടിച്ച് രോഹൻ കേരളത്തെ സുരക്ഷിതമായ നിലയിലെത്തിച്ചു. 22 പന്തിൽ നാല് ഫോറും രണ്ടു സിക്സും സഹിതം 38 റൺസാണ് രോഹൻ നേടിയത്. സൽമാൻ 29 പന്തിൽ 51 റൺസെടുത്ത് പുറത്താകാതെ നിന്നു. അഞ്ച് സിക്സറുകൾ ഉൾപ്പെട്ട സൽമാന്‍റെ ഇന്നിങ്സിൽ ഫോറുകൾ ഇല്ല.
ക്യാപ്റ്റൻ വിഷ്ണു വിനോദ് (1), അബ്ദുൾ ബാസിത് (8), ഷറഫുദ്ദീൻ (2) എന്നിവർക്ക് ശോഭിക്കാനായില്ല.
AI generated summary, newsroom reviewed